തായ്‌ലന്‍ഡിലേക്ക് നേരിട്ടുള്ള സര്‍വീസുമായി കൊച്ചിയില്‍ നിന്ന് THAI AIRWAYS

trip updates

കൊച്ചി. തായ്‌ലന്‍ഡിലെ ഔദ്യോഗിക വിമാന കമ്പനിയായ THAI AIRWAYS കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരേയുള്ള സമ്മര്‍ ഷെഡ്യൂളിലാണ് കൊച്ചി-ബാങ്കോക്ക് സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് സര്‍വീസാണുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും. തായ്‌ലന്‍ഡിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സിയാല്‍ മുന്‍കൈയ്യെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. പുതിയ വിമാന കമ്പനികളെ കൊച്ചിയിലെത്തിക്കാനും സിയാലിന് കഴിഞ്ഞു.

നിലവില്‍ കൊച്ചിയില്‍ നിന്ന് എയര്‍ ഏഷ്യ മാത്രമാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ഏഴ് സര്‍വീസ് ആണുള്ളത്. ജനുവരി 31 മുതല്‍ എയര്‍ ഏഷ്യ അധികമായി മൂന്ന് സര്‍വീസുകള്‍ കൂടി ആരംഭിക്കും. ബതിക് എയറും ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമായി എത്തുന്നുണ്ട്. ഇതോടെ ആഴ്ചയില്‍ ബാങ്കോക്കിലേക്ക് 16 സര്‍വീസുകളാകും.

കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കൂടാതെ ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. കേരളത്തിലെ അവസരങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ വിമാന കമ്പനികളെ കൊച്ചിയിലെത്തിക്കാന്‍ സിയാലിനു കഴിയുന്നുണ്ട്. ലുഫ്താന്‍സ, ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ്, ക്വന്റാസ്, എയര്‍ ന്യൂസിലന്‍ഡ് എന്നീ കമ്പനികളെ കൂടി കൊച്ചിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

Legal permission needed