കൊച്ചി. പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയും സംഘവും കൊച്ചിയിലെത്തി. ലങ്കയിലെ വിനോദ സഞ്ചാര സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്താന്‍ ബുധനാഴ്ച കൊച്ചിയില്‍ റോഡ് ഷോയും ലങ്കന്‍ ടൂറിസം മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങ് വൈഭവത്തിലൂടെ ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയാണ് ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍. അദ്ദേഹവും കൊച്ചിയിലെത്തിയിരുന്നു. തിങ്കളാഴ്ച ചെന്നൈയിലായിരുന്നു ആദ്യ റോഡ് ഷോ. കൊച്ചിക്കു ശേഷം വെള്ളിയാഴ്ച ബെംഗളുരുവിലും റോഡ് ഷോ നടക്കും.
വീണ്ടും സുരക്ഷിതമായ ലങ്കയിലേക്ക് ജയസൂര്യ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളെ ക്ഷണിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ ഏറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതുപോലെ വിനോദ സഞ്ചാരികളായി വന്ന് ശ്രീലങ്കയിലെ ടൂറിസത്തെയും സഹായിക്കണമെന്ന് ജയസൂര്യ അഭ്യര്‍ത്ഥിച്ചു. ശ്രീലങ്കയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറിയ പങ്കും ഇന്ത്യക്കാരാണ്. പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരാണ് ടൂറിസ്റ്റുകളായി ലങ്കയിലെത്തുന്നത്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ലങ്കയിലേക്ക് ആഴ്ചയില്‍ 80 വിമാന സര്‍വീസുകളുണ്ട്.
ടൂറിസത്തിനു പുറമെ ബിസിനസ്, സമ്മേളനങ്ങള്‍, എക്സിബിഷനുകള്‍, മീറ്റിങ്ങുകൾ തുടങ്ങി എല്ലാ മേഖലയിലും ശ്രീലങ്ക ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷന്‍ ബ്യൂറോ പറയുന്നു. ശ്രീലങ്കയില്‍ നിന്നുള്ള 30ലേറെ ട്രാവല്‍ ഏജന്‍സികളും ഹോട്ടലുകളും റോഡ് ഷോയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.