കൊച്ചി. കുറഞ്ഞ ചെലവില്‍ ഒരു വിദേശ രാജ്യത്തേക്ക് വിനോദ യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. സൗജന്യമായി ടൂറിസ്റ്റ് വിസ (Free tourist visa) ലഭിക്കുമെങ്കിലോ? ശ്രീലങ്കയാണ് (Sri Lanka) പുതിയ ഓഫറുമായി ഇന്ത്യക്കാരെ ക്ഷണിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വീസ അനുവദിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ രാജ്യക്കാര്‍ ടൂറിസ്റ്റ് വിസ ഫീസ് അടക്കേണ്ടതില്ല. അഞ്ചു മാസത്തേക്കാണ് ഈ ഓഫറുള്ളത്.
പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവിന് ആക്കം കൂട്ടാന്‍ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ ടൂറിസത്തെ (Sri Lanka Tourism) കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫര്‍. 2024 മാര്‍ച്ച് 31 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തൊനേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യക്കാര്‍ക്കും ഈ ഓഫറുണ്ട്.
വര്‍ഷങ്ങളായി ഇന്ത്യക്കാരാണ് ശ്രീലങ്കയുടെ ടൂറിസം വിപണിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം രണ്ടു ലക്ഷം ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് വിനോദ യാത്ര പോയിട്ടുണ്ട്. ഇത് ലങ്കയിലെത്തിയ മൊത്തം ടൂറിസ്റ്റുകളുടെ 20 ശതമാനം വരും. ഓണ്‍ലൈന്‍ വിസ അപേക്ഷ ഫീസായി 20 ഡോളറാണ് ഇന്ത്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.