കോഴിക്കോട്. സൗദി അറേബ്യയിലേക്കുള്ള വിസകള്‍ സ്റ്റാമ്പ് ചെയ്യുന്ന വിസ ഫെസിലിറ്റേഷന്‍ കേന്ദ്രം (VFS) കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ രണ്ടാമത്തെ വിഎഫ്എസ് സെന്റർ കോഴിക്കോട് പുതിയറ മിനി ബൈപാസ് റോഡിലെ സെന്‍ട്രല്‍ ആര്‍ക്കേഡിലാണ് ഓഫീസ് തുറന്നത്. അപേക്ഷകര്‍ക്ക് ജൂലൈ 10 മുതല്‍ അപ്പോയ്ന്‍മെന്റ് നല്‍കിത്തുടങ്ങി. https://vc.tasheer.com/ എന്ന വെബ്‌സൈറ്റില്‍ കോഴിക്കോട് കേന്ദ്രത്തിലേക്കുള്ള ബുക്കിങ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു.
കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ഇതുവരെ വിഎഫ്എസ് കേന്ദ്രം ഉണ്ടായിരുന്നത്. സൗദിയുടെ പുതിയ ചട്ടങ്ങള്‍ പ്രകാരം വിസിറ്റ് വിസ അടക്കമുള്ള വിസകള്‍ക്ക് കേരളത്തില്‍ നിന്ന് അപേക്ഷിക്കുന്നവര്‍ കൊച്ചിയില്‍ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു. ഇത് കൊച്ചി കേന്ദ്രത്തില്‍ വലിയ തിരക്കും കാലതാമസവും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രവാസികളും വിവിധ സംഘടനകളും മലബാര്‍ മേഖലയില്‍ വിഎഫ്എസ് കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇത് സൗദി സര്‍ക്കാര്‍ അംഗീകരിച്ചു.
സൗദിയിലേക്ക് പോകുന്ന എല്ലാവരും വിഎഫ്എസ് കേന്ദ്രത്തില്‍ നേരിട്ട് ഹാജരായി വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്നാണ് പുതിയ ചട്ടം. നേരത്തെ ഇത് സൗദി വിമാനത്താവളങ്ങളിലാണ് ചെയ്തിരുന്നത്. കുടിയേറ്റ ചട്ടം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിവര ശേഖരണം വിസയ്ക്ക് അപേക്ഷിക്കുന്ന ഘട്ടത്തില്‍ തന്നെ ചെയ്യണമെന്ന നിബന്ധന വന്നത്. നിയമവിരുദ്ധമായി വിദേശികള്‍ രാജ്യത്തെത്തുന്നത് തടയുകയാണ് ലക്ഷ്യം. മേയ് ഒന്നു മുതല്‍ ഫാമിലി, വിസിറ്റ് വിസകള്‍ വിഎഫ്എസ് വഴിയാക്കിയതിനു പിന്നാലെയാണ് തൊഴില്‍ വിസയിലും ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയത്.
ഇതോടെ ഏറ്റവും കൂടുതല്‍ സൗദി പ്രവാസികളുള്ള മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നീണ്ട കാത്തിരിപ്പും ദീര്‍ഘദൂരം യാത്ര ചെയ്ത് കൊച്ചിയില്‍ പോകേണ്ട സ്ഥിതിയുമുണ്ടായിരുന്നു. കോഴിക്കോട് പുതിയ വിഎഫ്എസ് കേന്ദ്രം ആരംഭിച്ചിതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഇന്ത്യയിലുടനീളം 10 വിഎഫ്എസ് കേന്ദ്രങ്ങളാണുള്ളത്. രണ്ട് കേന്ദ്രങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.
One thought on “സൗദി വിസ സ്റ്റാമ്പിങ് കോഴിക്കോട്ടും; VFS കേന്ദ്രം തുടങ്ങി”