സൗദി അറേബ്യയിലേക്കുള്ള എല്ലാ വിസകളുടേയും സ്റ്റാമ്പിങ് നടപടികള്‍ വിസ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ (VFS) മുഖേന ആക്കിയതോടെ മലയാളികളുള്‍പ്പെടെയുള്ള ഏറെ ഇന്ത്യക്കാര്‍ക്കും സൗദി വിസയ്ക്കു വേണ്ടി ഏറെ നാള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. സൗദിയിലെ പുതിയ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യക്കാര്‍ ഉംറ വിസ അല്ലാത്ത, സന്ദര്‍ശക വീസകള്‍ ഉള്‍പ്പെടെ എല്ലാ വിസകളുടേയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴിയാണ്. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വിഎഫ്എസ് കേന്ദ്രം ഉണ്ടായിരുന്നത്. പ്രവാസികളുടെ സൗകര്യാര്‍ത്ഥം ജൂലൈ മുതല്‍ കോഴിക്കോട്ടും പുതിയ വിഎഫ്എസ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ ഈ കാത്തിരിപ്പൊന്നും ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ സൗദി വിസ ലഭിക്കും. പക്ഷെ എല്ലാ ഇന്ത്യക്കാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നു മാത്രം. യുഎസ്, യുകെ, ഷെങ്കന്‍ വിസകള്‍ സ്റ്റാമ്പ് ചെയ്ത, ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്കും സൗദി ഇ-വിസ അതിവേഗം ലഭിക്കും. സൗദി ടൂറിസം അതോറിറ്റിയാണ് (Saudi Tourism Authority) ഇക്കാര്യം അറിയിച്ചത്.
സൗദി ടൂറിസം ലക്ഷ്യമിടുന്ന പ്രധാന വിപണിയാണ് ഇന്ത്യയെന്ന് എസ്ടിഎ പ്രസിഡന്റ് അല്‍ഹസന്‍ അല്‍ദബാഗ് പറഞ്ഞു. ഓരോ വര്‍ഷവും 10 ലക്ഷം ഇന്ത്യക്കാരാണ് സൗദി സന്ദര്‍ശനത്തിന് എത്തുന്നത്. വിനോദം, സാംസ്‌കാരികം, പൈതൃകം, സാഹസിക വിനോദം എന്നീ വിഭാഗങ്ങളിലായി 2030ഓടെ ഒരു കോടിയിലേറെ സന്ദര്‍ശകരെ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.