റിയാദ്. സൗദി അറേബ്യയിൽ HYDROGEN TRAIN പരീക്ഷണം ഓട്ടം തുടങ്ങി. പ്രകൃതി സൗഹൃദ, സുസ്ഥിര ഗതാഗത സംവിധാനമായ ഹൈഡ്രജന്‍ ട്രെയിന്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് പരീക്ഷിക്കുന്നത്. ഫ്രഞ്ച് ട്രെയിന്‍ നിര്‍മ്മാണ കമ്പനിയായ അല്‍സ്റ്റോം നിര്‍മ്മിച്ച Coradia iLint ട്രെയിനാണ് സൗദിയില്‍ എത്തിച്ച് പരീക്ഷിക്കുന്നത്. ഇതിനായി അല്‍സ്റ്റോമുമായി സൗദി അറേബ്യ റെയില്‍വേസ് കരാറുണ്ടാക്കിയിട്ടുണ്ട്. തലസ്ഥാനമായ റിയാദിലാണ് ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണം നടക്കുന്നത്.
സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയില്‍ പരിസ്ഥിതി മലിനീകരണമില്ലാത്ത ബദല്‍ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പരീക്ഷണം. പ്രധാനമായും മരുഭൂ കാലാവസ്ഥയില്‍ ഹൈഡ്രജന്‍ ട്രെയിനുകളുടെ പ്രവര്‍ത്തന ക്ഷമതയും സാങ്കേതിക, പ്രായോഗിക തടസ്സങ്ങളും തിരിച്ചറിയുകയാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
തണുപ്പുള്ള യൂറോപ്യന്‍ കാലാവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമാണ് സൗദിയിലെ കാലാവസ്ഥ. ഹൈഡ്രജന്‍ ട്രെയിനിനെ എങ്ങനെ മരുഭൂ കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കി മാറ്റാമെന്നാണ് പരീക്ഷിക്കുന്നതെന്ന് സൗദി അറേബ്യ റെയില്‍വേസ് പ്ലാനിങ് ഡയറക്ടര്‍ അഷ്‌റഫ് അല്‍ ജാബരി പറഞ്ഞു. സൗദിയില്‍ എന്നു മുതല്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നതു സംബന്ധിച്ച് സൂചനകളൊന്നുമില്ല.