WORLD EXPO 2030 റിയാദില്‍; ഒരുങ്ങുന്നത് ഭാവി നഗരം, വന്‍ കുതിപ്പിനൊരുങ്ങി SAUDI TOURISM

tripupdates.in

റിയാദ്. World Expo 2030 സംഘടിപ്പിക്കുന്നതിന് നടന്ന വാശിയേറിയ മത്സരത്തില്‍ സൗദി അറേബ്യയ്ക്കു നേട്ടം. സൗദി തലസ്ഥാനമായ റിയാദ് 2030ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആതിഥ്യമരുളും. 165 വോട്ടില്‍ 119 വോട്ടും നേടിയാണ് റിയാദ് (Riyadh) മുന്നിലെത്തിയത്. ഇറ്റലിയിലെ റോമും സൗത്ത് കൊറിയയിലെ ബുസാനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ആഗോള സാങ്കേതികവിദ്യാ, കലാ, സാംസ്‌കാരിക, വിനോദ പ്രദര്‍ശനമാണ് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ.

എല്ലാവരുടേയും പ്രതീക്ഷകള്‍ക്കൊത്ത് അസാധാരണ എക്‌സോ സംഘടിപ്പിക്കാന്‍ സൗദി സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. വിഷന്‍ 2030 എന്ന അഭിമാന വികസന പദ്ധതിയുമായി മുന്നോട്ടു പോകുന്ന സൗദിക്ക് വേള്‍ഡ് എക്‌സ്‌പോ 2030ന് ആതിഥേയരാകാന്‍ കഴിയുന്നത് വലിയ അവസരമാണ്. എക്‌സ്‌പോയ്ക്കായി ഒരു ഭാവി നഗരവും ഇവിടെ വലിയൊരു പൊതുഗതാത സംവിധാനവും പബ്ലിക് പാര്‍ക്കുകളും ഇ-ഗെയിമിങ് സൗകര്യങ്ങളുമുള്ള മികച്ച ഇടവും ഉള്‍പ്പെടുന്ന പദ്ധതിയാണ് സൗദി അവതരിപ്പിച്ചത്.

എക്‌സ്‌പോ റിയാദിലേക്ക് നാലു കോടിയിലേറെ സന്ദര്‍ശകരെ എത്തിക്കുമെന്നാണ് സൗദി അറേബ്യയുടെ പ്രതീക്ഷ. സമീപ കാലത്തായി സൗദി ടൂറിസം (Saudi Tourism), വിനോദ മേഖലകളില്‍ നടത്തി വരുന്ന വലിയ നിക്ഷേപങ്ങളും വികസനങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് സൗദിക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്.

2034ലെ ലോക കപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാന്‍ ലഭിച്ചതിനേക്കാള്‍ വലിയ അവസരമാണ് സൗദിക്ക് വേള്‍ഡ് എക്‌സ്‌പോ തുറന്നിടുന്നത്. 2030 ഒക്ടോബര്‍ 1 മുതല്‍ 2031 മാര്‍ച്ച് 31 വരെ, ആറു മാസക്കാലം നീണ്ടു നില്‍ക്കുന്ന മഹാമേളയാണ് വേള്‍ഡ് എക്‌സ്‌പോ. ദീര്‍ഘ കാലത്തേക്ക് ഇത് സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യും.

അറബ് ലോകത്ത് ആദ്യമായി എത്തിയ ദുബായ് വേൾഡ് എക്‌സ്‌പോ 2020ൽ സൗദി അതിന്റെ ചരിത്ര നിധികളും പ്രകൃതി വിസ്മയങ്ങളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും ലോകവുമായി പങ്കുവച്ചിരുന്നു. ദുബായ് എക്സ്പോയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയതും സൗദിയുടെ പവലിയനിലായിരുന്നു. 48 ലക്ഷത്തിലധികം സന്ദർശകരാണ് സൗദിയെ അറിയാനും വിസ്മയങ്ങൾ കാണാനുമെത്തിയത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ എക്‌സിബിഷനുകളിലൊന്നാണ് വേൾഡ് എക്‌സ്‌പോ. ആദ്യ പതിപ്പ് 1851ൽ ലണ്ടനിലായിരുന്നു, അതിനുശേഷം 170 വർഷത്തിലേറെയായി ഈ ആഗോള മേള തുടർന്ന് വരുന്നു.

Legal permission needed