ന്യൂഡല്‍ഹി. റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ റെയില്‍വേ. സ്റ്റേഷനുകളില്‍ പ്രവേശിക്കണമെങ്കില്‍ യാത്രയും സീറ്റും ഉറപ്പുള്ള കണ്‍ഫേംഡ് ടിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. രാജ്യത്തുടനീളമുള്ള 60 പ്രധാന സ്റ്റേഷനുകളിലാണ് ഈ പുതിയ നിയമം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സ്റ്റേഷനുകളില്‍ ജനത്തിരക്ക് കുറച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങി വന്‍നഗരങ്ങളിലെ തിരക്കേറിയ സ്റ്റേഷനുകളില്‍ വൈകാതെ തന്നെ ഇതു നടപ്പിലാക്കുമെന്നാണ് സൂചന.
വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ എന്തു ചെയ്യും?
പുതിയ നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ 60 സ്റ്റേഷനുകള്‍ക്ക് പുറത്തും പ്രത്യേക കാത്തിരിപ്പു കേന്ദ്രം റെയില്‍വേ ഒരുക്കും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവരും ടിക്കറ്റില്ലാത്തവര്‍ക്കും ഇവിടെ കാത്തിരിക്കാം. സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്ന എല്ലാ അനധികൃത വഴികളും അടക്കും. സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം പൂര്‍ണമായും നിയന്ത്രിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വരാണസി, അയോധ്യ, പട്‌ന സ്റ്റേഷനുകളില്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഫലപ്രദമാണെന്ന് റെയില്‍വേ പറയുന്നു. മഹാകുംഭമേള സമയത്ത് പ്രയാഗ് രാജിലെ ഒമ്പത് സ്റ്റേഷനുകളിലും ഇതു നടപ്പിലാക്കിയിരുന്നു. സ്റ്റേഷനുകളില്‍ പെട്ടെന്ന് ഉണ്ടാകുന്ന ജനത്തിരക്ക് കാത്തിരിപ്പ് ഏരിയയില്‍ നിയന്ത്രിക്കപ്പെടും. ട്രെയിന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മാത്രമെ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കൂ. ഇതുവഴി പ്ലാറ്റ്‌ഫോമിലുണ്ടാകുന്ന ജനത്തിരക്ക് ഇല്ലാതാക്കാം.
പുതുതായി ഇനി എന്തെല്ലാം
എല്ലാ പ്രധാന സ്റ്റേഷനുകളിലും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ സ്റ്റേഷന്‍ ഡയറക്ടര്‍ എന്ന പദവിയില്‍ നിയമിക്കും. സ്റ്റേഷന്‍ നടത്തിപ്പും സാമ്പത്തിക കാര്യങ്ങളും സംബന്ധിച്ച് തത്സമയം തീരുമാനങ്ങളെടുക്കാന്‍ സ്റ്റേഷന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും. ട്രെയിനുകളുടെ ലഭ്യതയ്ക്കും സ്റ്റേഷനുകളുടെ ശേഷിക്കും അനുസരിച്ച് ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാനും ഈ ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും.
റെയില്‍വേ സ്റ്റാഫിനും സേവന രംഗത്തുള്ള മറ്റുള്ളവര്‍ക്കും വേഗത്തില്‍ തിരിച്ചറിയാവുന്ന പുതിയ ഡിസൈനിലുള്ള ഐഡി കാര്‍ഡുകളും പുതിയ യൂനിഫോമും ഏര്‍പ്പെടുത്തും. അടിയന്തര സാഹചര്യങ്ങളില്‍ ഇവരെ വേഗത്തില്‍ തിരിച്ചറിയാനാണിത്. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന വീതി കൂടിയ നടപ്പാലങ്ങള്‍ പുതുതായി നിര്‍മ്മിക്കും. 12ഉം ആറും മീറ്റര്‍ വീതിയുള്ള രണ്ട് ഡിസൈനുകള്‍ ഇതിനായി വികസിപ്പിച്ചിട്ടുണ്ട്. റാമ്പുകള്‍ ഉള്ള ഈ നടപ്പാലങ്ങള്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ ഫലപ്രദമാണെന്ന് കുംഭമേള സമയത്ത് വ്യക്തമായതായി റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.
സ്റ്റേഷനുകളിലും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം കൂടുതല്‍ മെച്ചപ്പെടുത്തും. വലിയ സ്റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും. ജനത്തിരക്കുള്ള സമയങ്ങളില്‍ എല്ലാ വകുപ്പുകളിലേയും ഓഫീസര്‍മാര്‍ ഈ വാര്‍ റൂമിലിരുന്ന് ജോലി ചെയ്യും.