ദോഹ. സൗദി അറേബ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് (Qatar Airways) . യുഎന്‍ പൈതൃക പട്ടികയില്‍ ഇടംപിടിച്ച അല്‍ ഉലയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 29 മുതലാണ് പുതിയ സര്‍വീസ്. ആഴ്ചയില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് സര്‍വീസുകളാണുള്ളത്.
ഡിസംബര്‍ ആറിന് യാമ്പു സര്‍വീസിനു തുടക്കമാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. തബൂക്ക് സര്‍വീസിന് ഡിസംബര്‍ 14നും തുടക്കമാകും. ബുധന്‍, ശനി ദിവസങ്ങളിലാണ് ഈ സര്‍വീസ്.
സൗദിയുടെ സമ്പന്ന സാംസ്കാരിക പൈതൃകവും വിനോദ സഞ്ചാര മേഖലകളേയും അടുത്തറിയാന്‍ യാത്രക്കാര്‍ക്ക് പുതിയ സര്‍വീസുകള്‍ സൗകര്യമാകും. പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ പ്രതിവാര സര്‍വീസുകളുടെ എണ്ണം 125 ആയി ഉയരും. നിലവില്‍ ദമാം, അല്‍ഖസീം, ജിദ്ദ, മദീന, റിയാദ്, തായിഫ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകളുള്ളത്.