തൃശൂർ. ഡിസംബറോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനിരിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിനു (Puthur Zoological Park) സമീപം ബോട്ട് സവാരിയും ജലവിനോദ സംവിധാനങ്ങളും ഒരുങ്ങുന്നു. പുതുതായി പണി പൂർത്തിയായി വരുന്ന സംസ്ഥാനത്തെ ഏറ്റവും വലി മൃഗശാലയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ പുത്തൂർ കായലിലാണ് 28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജലവിനോദ പദ്ധതി വരുന്നത്. കായലിൽ ബോട്ടിങ്, സംഗീത ജലധാര, മീൻപിടിത്തം, ഭക്ഷണശാലകൾ എന്നിവയുൾപ്പെടുന്നതാണ് ഈ ടൂറിസം പദ്ധതി. തൃശൂർ എഞ്ചിനീയറിങ് കോളെജ് തയാറാക്കിയ വിശദമായ പ്രൊജക്ട് റിപോർട്ട് (DPR) അടിസ്ഥാനമാക്കിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.
പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലാണ് പുത്തൂർ സുവോളജിക്കൽ പാർക്ക് പണി പുരോഗമിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒട്ടേറെ ടൂറിസം പദ്ധതികളും ഇവിടെ നടപ്പാക്കാനിരിക്കുകയാണ്. പുതിയ പാലവും റോഡുകളുമടക്കം വരുന്നതോടെ കേരളത്തിലെ വിനോദ സഞ്ചാര ഭൂപടത്തിൽ പുത്തൂർ സുപ്രധാന കേന്ദ്രമായി അടയാളപ്പെടുത്തപ്പെടും.
സുവോളജിക്കൽ പാർക്കിൽ നിർമാണ പ്രവൃത്തികൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രനും റവന്യു മന്ത്രി കെ രജനും പാർക്ക് സന്ദർശിച്ച് പുരോഗതി വിലയിരുത്തി തൃപ്തി പ്രകടിപ്പിച്ചു. കേരളത്തിലും ഇന്ത്യയിലുമുള്ള പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, രാത്രി സഞ്ചാരികള്‍ എന്നിവയെ അടുത്ത മാസം മുതല്‍ പാര്‍ക്കില്‍ എത്തിച്ചു തുടങ്ങുമെന്ന് മന്ത്രി രാജൻ പറഞ്ഞു. സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയോടെ വിദേശ രാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിനും പാര്‍ക്കിനകത്ത് സന്ദർശകരുടെ യാത്രയ്ക്കായി 30 ട്രാമുകൾ ഒരുക്കുന്നതിനും താൽപര്യമറിയിച്ച് നിരവധി ഏജൻസികൾ രംഗത്തുണ്ട്. ഇതിന്റെ ടെൻഡർ നടപടികളും ജൂലൈയിൽ ആരംഭിക്കും.
വിവിധ പക്ഷി മൃഗാദികൾക്ക് അനുയോജ്യമായ വ്യത്യസ്ത ആവാസവ്യവസ്ഥകളാണ് പാർക്കിൽ ഒരുക്കുന്നത്. മൃഗാശുപത്രിയിൽ കിടത്തി ചികിത്സാ വിഭാഗം, പോസ്റ്റുമോര്‍ട്ടം വിഭാഗം, ക്രിമിറ്റോറിയം എന്നിവ പൂര്‍ത്തിയായി. മണലി പുഴയില്‍നിന്ന് പാർക്കിലേക്ക് ജല ലഭ്യത ഉറപ്പാക്കി. മഴവെള്ള സംഭരണികളും ജലപുനരുപയോഗ സംവിധാനവും ഒരുക്കി. നടപ്പാതക്കു മുകളില്‍ സോളാര്‍ സ്ഥാപിച്ച് സൗരോര്‍ജം ഉല്‍പാദിപ്പിക്കും. മൂന്നാംഘട്ട നിര്‍മാണവും ഇതോടൊപ്പം പൂരോഗമിക്കുകയാണ്. കിഫ്ബി സഹായത്തോടെ പാര്‍ക്കിലേക്ക് ഡിസൈന്‍ റോഡ് നിര്‍മിക്കാനും പദ്ധതിയുണ്ട്.
310 കോടി രൂപ ചെലവില്‍ 336 ഏക്കറില്‍ ലോക പ്രശസ്ത മൃഗശാല ഡിസൈനര്‍ ജോണ്‍ കോ രൂപകല്‍പന ചെയ്ത് നിര്‍മ്മിക്കുന്ന പാര്‍ക്കാണിത്. ഇവിടെ മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയില്‍ ചെന്നുകണ്ടാസ്വദിക്കാനുള്ള സൗകര്യമാണുള്ളത്.