കൊല്ലങ്കോട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ നാളെ (ചൊവ്വ) ഹർത്താൽ. കോടതി വിധി വന്നതിന് പിന്നലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ജനങ്ങൾ പ്രദേശത്ത് പ്രതിഷേധിക്കുകയാണ്. മുതലമട പഞ്ചായത്തിൽ നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും മുതലമട പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.
അതേ സമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. നെന്മാറ എം എൽ എ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിഷയത്തിൽ കോടതി ചോദിച്ചാൽ മറുപടി നൽകുമെന്നും എന്നെന്നേക്കുമായി വിഷയം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ തുടരുന്നതിനിടെയാണ് ജനകീയ സമിതി നിയമ പോരാട്ടത്തിലേക്കും കടക്കുന്നത്. കഴിഞ്ഞദിവസം നിയമവിദഗ്ധരുടെ ഉൾപ്പെടെ യോഗം ചേർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനമായത്. ഇന്ന് മുതലമടയിൽ ജനകീയ പ്രതിഷേധ സമിതി സമരം നടത്തും. കൂടാതെ ഇന്ന് മുതലമട പഞ്ചായത്ത് സർവകക്ഷി പ്രതിനിധികൾ പറമ്പിക്കുളം ഡി എഫ് ഓഫീസ് ധർണയും നടത്തും