നേപ്പാളിന്റെ ടൂറിസം തലസ്ഥാനം ഇനി Pokhara. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാര നഗരത്തെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും പുതിയ പ്രഖ്യാപന വഴിയൊരുക്കും. പൊഖാരയിലെ ഡിസ്‌കോളും നിശാക്ലബുകളും ലൈവ് മ്യൂസിക് വേദികളും ഇനി രാത്രിയിലുടനീളം തുറന്നിരിക്കും. കഴിഞ്ഞ വർഷമാണ് ഇവിടെ പുതിയ രാജ്യാന്തര വിമാനത്താവളം തുറന്നത്.
പൊഖാര
നേപ്പാളിലെ ഏറ്റവും മനോഹരവും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതുമായ നഗരങ്ങളില്‍ മുന്നിലാണ് പൊഖാര. തലസ്ഥാനമായ കഠ്മണ്ഡുവില്‍ നിന്നും 200 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സമുദ്രനിരപ്പില്‍ നിന്ന് 870 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. അന്നപൂര്‍ണ മലനിരകളുടെ മടിത്തട്ടിലാണ് അതിമനോഹര പൊഖാര താഴ്‌വര. പൊഖാരയുടെ ശാന്തമായ സൗന്ദര്യം നിരവധി സഞ്ചാരികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഇവിടുത്തെ ശുദ്ധവായു, മഞ്ഞുമൂടിയ കൊടുമുടികളുടെ മനോഹരമായ പശ്ചാത്തലം, നീല തടാകങ്ങള്‍, ചുറ്റുമുള്ള പച്ചപ്പ് എന്നിവയെല്ലാം ഈ താഴ്‌വരയെ ‘ഹിമാലയത്തിലെ രത്‌ന’മാക്കി മാറ്റുന്നു.
പൊഖാറയിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണമാണ് അതിമനോഹരമായ ഒമ്പത് തടാകങ്ങള്‍. ഫേവ, ബെഗ്നാസ്, രുപ, ഖാസ്‌തെ, ദിപാങ്, മൈദി, ഗുണ്ഡെ, ന്യൂറാനി, കമല്‍പൊഖാരി, പൊഖാര സേതി കാച്‌മെന്റ് എന്നിവയാണ് ഈ തടാകങ്ങള്‍. ഇവയുള്‍പ്പെടുന്ന പൊഖാര വാലി ലേക്ക് ക്ലസ്റ്റര്‍ ഒരു അന്താരാഷ്ട്ര പ്രാധാന്യമുള്ള കായല്‍പ്പാടമാണ്.
ഓരോ തടകാവും ജൈവവൈധ്യത്താല്‍ സമ്പന്നമാണ്. ദേശാടന കിളികളുടേയും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വിവിധയിനം പക്ഷികളുടേയും വിഹാര കേന്ദ്രം കൂടിയാണീ താഴ്‌വര. ഈ തടാകങ്ങളാണ് പ്രദേശ വാസികളുടെ പ്രധാന വരുമാന മാര്‍ഗം. ടൂറിസം, മത്സബന്ധനം, ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം, ജലവിതരണം എന്നിവയെല്ലാം ഈ തടാകങ്ങളെ ആശ്രയിച്ചാണ്. നേപ്പാളിലെ മധ്യ മലയോരമേഖലയില്‍ സ്ഥിതി ചെയ്യുന്ന പൊഖാര രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴലഭിക്കുന്ന പ്രദേശം കൂടിയാണ്.