Palace On Wheels ആഡംബര ട്രെയിന്‍ 42 വര്‍ഷത്തിനു ശേഷം റൂട്ട് മാറ്റുന്നു; അയോധ്യയിലേക്ക്

palace on wheels trip updates package

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആഡംബര ട്രെയിന്‍ ഇന്ത്യയുടെ സ്വന്തം Palace On Wheels (പാലസ് ഓണ്‍ വീല്‍സ്) 42 വര്‍ഷത്തിനു ശേഷം ആദ്യമായി റൂട്ട് മാറ്റുന്നു. പുതിയ തീര്‍ത്ഥാടന നഗരമായി വികസിപ്പിക്കുന്ന അയോധ്യയിലേക്ക് ആഡംബര തീര്‍ത്ഥാടകരേയും വഹിച്ച് മേയ് മുതല്‍ ഈ ലക്ഷുറി ടൂറിസം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ നിന്നാരംഭിച്ച് അയോധ്യ, വാരാണസി, പ്രയാഗ്‌രാജ്, മഥുര, വൃന്ദാവന്‍ എന്നിവിടയങ്ങളിലൂടെ ആറു ദിവസം നീളുന്ന ആഡംബര തീര്‍ത്ഥാടന യാത്രയാണ് പാലസ് ഓണ്‍ വീല്‍സ് ഒരുക്കുന്നത്.

സാധാരണ യാത്രകളില്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്കെല്ലാം മദ്യവും നോണ്‍വെജ് ഭക്ഷണ വിഭവങ്ങളുമെല്ലാം വിളമ്പുന്ന പാലസ് ഓണ്‍ വീല്‍സ് ഈ തീര്‍ത്ഥാടന യാത്രയില്‍ വെജിറ്റേറിയന്‍ മാത്രമെ വിളമ്പൂ. മാത്രവുമല്ല സവാളയും വെളുത്തുള്ളിയും ചേര്‍ത്ത വിഭവങ്ങളും ഉണ്ടാകില്ലെന്ന് പാലസ് ഓണ്‍ വീല്‍സിലെ ഓഫീഷ്യല്‍സ് പറയുന്നു. മാസത്തില്‍ രണ്ടു തവണയായിരിക്കും ഈ തീര്‍ത്ഥാടന പാക്കേജ് ടൂര്‍ സംഘടിപ്പിക്കുക.

രാജസ്ഥാന്‍ ടൂറിസം വകുപ്പും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് 1982ലാണ് പാലസ് ഓണ്‍ വീല്‍സ് എന്ന പേരില്‍ രാജകീയ സൗകര്യങ്ങളോടെ ആഡംബര ട്രെയിന്‍ വിനോദയാത്രാ സേവനം ആരംഭിച്ചത്. ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിക്കാണ് അടുത്ത ഏഴു വര്‍ഷത്തേക്ക് ഈ ട്രെയിന്‍ സര്‍വീസ് നടത്തിപ്പിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്. ഈ കമ്പനിയാണ് പുതുതായി ആറു ദിവസത്തെ തീര്‍ത്ഥാടന യാത്രാ പാക്കേജ് അവതരിപ്പിക്കുന്നത്. മേയില്‍ ഈ യാത്രകള്‍ ആരംഭിക്കും.

വര്‍ഷത്തില്‍ എട്ടു മാസമാണ് ഈ ട്രെയിന്‍ ഓടിയിരുന്നത്. പുതുതായി നടത്തിപ്പ് ഏറ്റെടുത്ത കമ്പനി വര്‍ഷം മുഴവന്‍ സര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ്. അഞ്ചു കോടി രൂപയും വരുമാനത്തിന്റെ 18 ശതമാനവുമാണ് ഈ കമ്പനി രാജസ്ഥാന്‍ ടൂറിസം വകുപ്പിന് നല്‍കേണ്ടത്. ഏറ്റവുമൊടുവില്‍ ഏഴു കോടി രൂപ മുടക്കിയാണ് ഈ ട്രെയിന്‍ കമ്പനി നവീകരിച്ചത്.

രാജകീയ സൗകര്യങ്ങള്‍

23 കോച്ചുകളുള്ള പാലസ് ഓണ്‍ വീല്‍സില്‍ 104 വിനോദസഞ്ചാരികള്‍ക്കാണ് യാത്രാ സൗകര്യമുള്ളത്. മഹാരാജ, മഹാറാണി എന്നിങ്ങനെ രണ്ട് റസ്റ്ററന്റുകള്‍, ഒരു ബാര്‍ കം ലോഞ്ച്, 14 സലൂണുകള്‍, ഒരു സ്പാ എന്നിങ്ങനെയാണ് ആഡംബര സൗകര്യങ്ങള്‍. രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് കോച്ചുകള്‍ക്ക് നല്‍കിയിരിക്കുന്നത്. നിലവില്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍. എട്ടു ദിവസം നീളുന്ന പാക്കേജ് യാത്രയാണ് മെയിന്‍. ജയ്പൂര്‍, സവായ് മേധ്പൂര്‍, ചിറ്റോര്‍ഗഡ്, ഉദയ്പൂര്‍, ജയ്‌സാല്‍മിര്‍, ജോധിപൂര്‍, ഭരത്പൂര്‍, ആഗ്ര എന്നീ ചരിത്രപ്രസിദ്ധമായ വിനോദസഞ്ചാരങ്ങളാണ് ഈ യാത്രയില്‍ ഉള്‍പ്പെടുന്നത്.

Legal permission needed