ഊട്ടി കൊടും തണുപ്പിലമര്‍ന്നു; കനത്ത മൂടൽ മഞ്ഞും

ഊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടി കൊടും തണുപ്പിന്റെ പിടിയിലമര്‍ന്നു. ഊട്ടി ബസ് സ്റ്റേഷനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള കാമരാജ് സാഗര്‍ ഡാം (സാന്‍ഡിനല്ല റിയര്‍വോയര്‍) പരിസരത്ത് കഴിഞ്ഞ ദിവസം താപനില 0 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പ്രദേശമാകെ മഞ്ഞു പുതച്ചു. ഊട്ടിയിലെ താപലനില 2.3 ഡിഗ്രിയിലേക്കും താഴ്ന്നതോടെ പ്രഭാതങ്ങളില്‍ കനത്ത മഞ്ഞുണ്ട്. സമീപ ഗ്രാമങ്ങളിലെല്ലാം കൊടും ശൈത്യം കൃഷിക്ക് ഭീഷണിയായിരിക്കുകയാണ്. ജനങ്ങളുടെ സാധാരണ ജീവിതത്തേയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

കനത്ത മൂടല്‍ മഞ്ഞ് പ്രദേശത്ത് കാഴ്ചാപരിധി കുറച്ചിരിക്കുകയാണ്. ഇത് വാഹന ഗതാഗതത്തേയും ബാധിക്കും. തേയില തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും മഞ്ഞുമൂടിയത് വിള നാശത്തിന് കാരണമാകുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. ഡിസംബര്‍ പെയത് കനത്ത മഴ കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജനുവരിയില്‍ കൊടുംതണുപ്പ് കൂടി വന്നതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. തണുപ്പ് കാരണം പുറത്ത് തൊഴിലെടുക്കുന്ന തോഴിലാളികളും ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

അസാധാരണ തണുപ്പ് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇവിടെ ഇത്ര കടുത്ത തണുപ്പ് സാധാരണ ഉണ്ടാകാറില്ല. കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

Legal permission needed