ഊട്ടി. ഊട്ടിയിൽ പതിനെട്ടാമത് റോസ് ഷോ പ്രദർശനം ആരംഭിച്ചു. ഊട്ടി റോസ് ഗാർഡനിൽ വിനോദ സഞ്ചാരവകുപ്പ് മന്ത്രി കാ രാമചന്ദ്രൻ, കൈത്തറി, ഖാദി വകുപ്പ് മന്ത്രി ആർ ഗാന്ധി എന്നിവർ ചേർന്നാണ് 18-ാമത് റോസ് പ്രദർശനം ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ ജില്ലാ കലക്ടർ അംരിത് അധ്യക്ഷനായി. വിവിധ വകുപ്പ് നേതാക്കൾ സാംസ്കാരിക നേതാക്കൾ ധാരാളം സഞ്ചാരികൾ തുടങ്ങിയവർ പങ്കെടുത്തു.
40,000 റോസാ പുഷ്പങ്ങൾ കൊണ്ട് 30 അടി ഉയരത്തിൽ ഉണ്ടാക്കിയ ഈഫൽ ടവറിന്റെ മാതൃകയാണ് മേളയിലെ മുഖ്യ ആകർഷണം. റോസാ പുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ കുട്ടികളുടെ രുപം, പന്തുകൾ, വിവിധ നിറങ്ങളിലുള്ള റോസാ പുഷ്പങ്ങളെ കൊണ്ട് നിർമിച്ച മനോഹരമായ പ്രവേശന കവാടം എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നു. പ്രദർശനം തിങ്കളാഴ്ച സമാപിക്കും. ഏകദേശം ഒരു ലക്ഷം സഞ്ചാരികൾ പ്രദൾശനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ റോസാ പാർക്ക് ഒരുക്കിയിട്ടുണ്ട്. എങ്ങും മഞ്ഞ, തവിട്ട് , വെള്ള, ചുവപ്പ്, പച്ച ഉൾപ്പെടെയുള്ള വിവിധ നിറങ്ങളിൽ പൂക്കൾ നിറഞ്ഞു നിൽക്കുകയാണവിടെ.