കൊല്ലം. കുറ്റാലം വെള്ളച്ചാട്ടത്തിനു (Kutralam/Kuttalam Falls) സമീപത്തെ കേരളത്തിന്റെ സ്വന്തം വിശ്രമ മന്ദിരമായ കുറ്റാലം കൊട്ടാരത്തിൽ മുറികൾ ബുക്ക് ചെയ്യാൻ ഓൺലൈൻ (online booking) സൗകര്യം വരുന്നു. രണ്ടു കോടി രൂപ ചെലവിൽ പുതുക്കി പണിത, 140 വർഷം പഴക്കമുള്ള ഈ പൈതൃക കൊട്ടാര സമുച്ചയം തമിഴ്നാട്ടിൽ കേരള പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള വിശ്രമ മന്ദിരമാണ് (PWD Rest House). ചെങ്കോട്ടയ്ക്കടുത്ത പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. കൊട്ടാര സമുച്ചയത്തിൽ 11 കെട്ടിടങ്ങളിലായി 34 മുറികളാണുള്ളത്.
ഈയിടെ നവീകരണം പൂർത്തീകരിച്ചെങ്കിലും ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നില്ല. നിലവിൽ ഓൺലൈൻ ബുക്കിങ് ലഭ്യമല്ലാത്ത, പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഏക വിശ്രമ മന്ദിരമാണ് കുറ്റാലം കൊട്ടാരം. കൊട്ടാര വളപ്പിലെ രാജകൊട്ടാരം, ദളവാ കൊട്ടാരം, അമ്മച്ചിക്കൊട്ടാരം തുടങ്ങിയ വിവിധ പൈതൃക കെട്ടിടങ്ങൾ ഒന്നാകെ വാടകയ്ക്ക് നൽകാറുണ്ട്. ഈ ബുക്കിങിന് പൊതുമരാമത്ത് വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ സൗകര്യമുണ്ടായിരുന്നില്ല. ഇതിനു പരിഹാരമായി.
സീസൺ, ഓഫ് സീസൺ എന്നിങ്ങനെ രണ്ടു നിരക്കുകളായിരുന്നു നിലവിലുണ്ടായിരുന്നത്. ഓൺലൈൻ ബുക്കിലേക്ക് മാറുന്നതോടെ എല്ലാ സീസണിലും ഏകീകരിച്ച നിരക്കാകും ഈടാക്കുക.
തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തെങ്കാശി താലൂക്കിലുൾപ്പെടുന്ന സ്ഥലത്താണ് കുറ്റാലം പാലസ് സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയിലെ സംസ്ഥാന അതിർത്തിക്കടുത്ത് പ്രദേശമാണ്. 56.57 ഏക്കര്‍ സ്ഥലത്ത് വിവിധ കെട്ടിടങ്ങളിലായി ആകെ 2639.98 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപം വിശ്രമ മന്ദിരമായ 1882ൽ തിരുവിതാംകൂർ രാജാവ് വിശാഖം തിരുനാളാണ് ഈ കൊട്ടാര സമുച്ചയ നിർമാണം തുടങ്ങിയത്. ശ്രീമൂലം തിരുനാൾ രാജാവ് പണി പൂർത്തിയാക്കി. യൂറോപ്യൻ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.