കൊച്ചി. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിന്‍ റദ്ദാക്കി. ഒരെണ്ണം വഴി തിരിച്ചു വിട്ടു. ശനിയാഴ്ച വൈകീട്ട് 4.55ന് പുറപ്പെടാനിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഷാലിമാര്‍ ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റ് (22641) ആണ് റദ്ദാക്കിയത്. വൈകീട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് (22503) ആന്ധ്രയിലെ വിജയനഗരത്തിനും ഖരഗ്പൂരിനും ഇടയില്‍ റൂട്ടി മാറ്റിയോടും. ട്രെയിന്‍ ദുരത്തെ തുടര്‍ന്ന് ആകെ 43 ട്രെയ്‌നുകളാണ് റദ്ദാക്കിയത്. 38 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരുമായി ഭുവനേശ്വറില്‍ നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി. 650ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ തകര്‍ന്ന കോച്ചുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയെന്നാണ് വിവരം. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായും റെയിൽവെ ട്രാക്കുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയതായും റെയിൽവെ വക്താവ് അറിയിച്ചു.
ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം ഇന്നലെ രാത്രി 7.20ന് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗളുരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (Coromandel Express) ഇടിച്ചു കയറിയാണ് വന്‍ അപകടം ഉണ്ടായത്. മറിഞ്ഞു കിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചു കയറിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.