കൽപ്പറ്റ. നിപ (Nipah) വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ 11 ചെക്ക് പോസ്റ്റുകളിലും കോയമ്പത്തൂർ ജില്ലയിലെ വാളയാർ ചെക്ക് പോസ്റ്റിലും നാടുകാണിയിലും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് ആരോഗ്യ വകുപ്പ് പരിശോധന ഏർപ്പെടുത്തി. അതിർത്തി കടക്കുന്ന സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള സംഘമാണ് പരിശോധയ്ക്ക് നേതൃത്വം നൽകുന്നത്. പനി ലക്ഷണമുള്ളവരെ തരിച്ചയക്കാനാണു നിർദേശം. ഇവരുടെ ഫോൺ നമ്പർ വാങ്ങി നിരീക്ഷണവും ഏർപ്പെടുത്തും.
ചെക്ക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തമിഴ്നാട് സർക്കാർ മാസ്കും സാനിറ്റൈസർ ഉപയോഗവും നിർബന്ധമാക്കി. സംസ്ഥാന ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നീലഗിരി ജില്ലയിലെത്തി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചത്.
കർണാടക അതിർത്തികളിലും നിരീക്ഷണ ശക്തമാക്കിയിട്ടുണ്ട്. കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന ദക്ഷിണ കന്നഡ, കുടക്, ചാമരാജ്നഗർ, മൈസൂരു ജില്ലകളിൽ നിപ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.