NH 66 Elevated Highway: കുണ്ടന്നൂർ-തുറവൂർ പാതയിൽ ഹെവി വാഹനങ്ങൾക്ക് വിലക്ക്; ഇനി പോകേണ്ടത് ഇതുവഴി

കൊച്ചി. ദേശീയ പാതയിൽ (NH 66) പുതുതായി നിർമ്മിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ (Elevated Highway) പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജില്ലയിലെ കുണ്ടന്നൂർ മുതൽ ആലപ്പുഴ ജില്ലയിലെ തുറവൂർ വരെ വ്യാഴാഴ്ച മുതൽ ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തി. ഈ പാതയിൽ കൂറ്റൻ ട്രയ്ലറുകൾ, കണ്ടെയ്നർ ട്രക്കുകൾ തുടങ്ങിയ 4.5 മീറ്ററിലേറെ ഉയരമുള്ള വളരെ വലിയ ചരക്കുവാഹനങ്ങൾക്ക് ഗതാഗത വിലക്കേർപ്പെടുത്തി.

പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിൽ നിന്ന് ദേശീയപാത 66 വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന ഹെവി ചരക്കുവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എം.സി റോഡ് വഴി തിരിഞ്ഞു പോകണം. തിരിച്ചുള്ള യാത്രയും ഇതേ പാതയിലൂടെയായിരിക്കണം. അരൂര്‍ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കര്‍ശനമായും നിരോധിച്ചു. അമിതമായി ഉയരമോ വീതിയോ ഇല്ലാത്ത വാഹനങ്ങൾക്കും, ലൈറ്റ്, മീഡിയം വാഹനങ്ങള്‍ക്കും ഇരു ദിശകളിലും ദേശീയപാതയിലൂടെ കടന്നു പോകുന്നതിന് നിയന്ത്രണങ്ങളില്ല.

വഴിതിരിച്ചു വിടുന്നത് ഇങ്ങനെ

എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളില്‍ ഉയരമുളള ചരക്ക് വാഹനങ്ങള്‍ അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി വഴി തുറവൂര്‍ എത്തി ദേശീയപാതയില്‍ യാത്ര  തുടരാം. 4.5 മീറ്ററിനു താഴെ ഉയരമുളളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങള്‍ക്ക് അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടങ്ങളില്‍ ഇരുവശങ്ങളിലായി ഗതാഗത തടസം വരുത്താത്ത രീതിയില്‍ കടന്നു പോകാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും വരുന്ന 4.5 മീറ്റര്‍ വരെ ഉയരമുള്ള കണ്ടെയ്‌നര്‍ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും ആലപ്പുഴ ജില്ലയില്‍ തുറവൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബി.ഒ.ടി പാലം, വില്ലിംഗ്ടണ്‍ ഐലന്റ്, അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം, യു.പി.പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷന്‍ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66ല്‍ യാത്ര തുടരാം.

വഴി തിരിച്ചു വിടുന്ന റോഡുകളില്‍ ചരക്കു വാഹനങ്ങള്‍ റോഡ് നശീകരണം വരുത്താതിരിക്കുവാന്‍ അമിതഭാരം ഒഴിവാക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പിനേയും പോലീസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗതാഗതം തിരിച്ചു വിടുന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പു ബോര്‍ഡുകള്‍ തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ് മുതല്‍ തെക്കോട്ടുളള എല്ലാ സ്ഥലങ്ങളിലും, എറണാകുളം ജില്ലയില്‍ വഴി തിരിച്ചു വിടുന്ന ഇട റോഡുകളിലും സ്ഥാപിക്കേണ്ടതും ആവശ്യമായ ഫീല്‍ഡുമാര്‍ഷല്‍മാരെ നിയമിക്കേണ്ടതും റിഫ്‌ളക്ടര്‍ സിഗ്‌നല്‍ ലൈറ്റുകളും, മറ്റ് സൂചന ബോര്‍ഡുകളും വ്യക്തമായി കാണുംവിധം സ്ഥാപിക്കേണ്ടതും കരാര്‍ കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡാണ്. ഗതാഗതം തിരിച്ചു വിടുന്നതിന് അങ്കമാലി മുതല്‍ കമ്പനി ജീവനക്കാരെ ചുമതലപ്പെടുത്തണം.

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന എല്ലാ റോഡുകളിലേയും കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കി നല്‍കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കുമാണ്.

Legal permission needed