കൊച്ചി. 5.6 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പറേഷനെ (KSINC) കൊച്ചിയുടെ സ്വന്തം വിനോദ സഞ്ചാര കപ്പലുകളായ നെഫര്‍ടിറ്റിയും സാഗരറാണിയും ലാഭത്തിലെത്തിച്ചു. 2022-23 വര്‍ഷം 1.8 കോടി രൂപയാണ് കെഎസ്‌ഐഎന്‍സിയുടെ പ്രവര്‍ത്തന ലാഭം. വിനോദ സഞ്ചാരികള്‍ക്ക് കടല്‍, കായല്‍ യാത്രകള്‍ക്കായി ഒരുക്കിയ നെഫര്‍ടിറ്റി ആഡംബര നൗകയിലും രണ്ട് സാഗരറാണി കപ്പലുകളിലുമായി 1.17 ലക്ഷം പേരാണ് 2022-23ല്‍ ജലവിനോദ യാത്രകള്‍ നടത്തിയത്. സാഗരറാണിയുടെ രണ്ടു കപ്പലുകളിലായി 68,792 പേരും നെഫര്‍ടിറ്റിയില്‍ 44,853 പേരുമാണ് യാത്ര ചെയ്തത്. ഏറ്റവും കൂടുതല്‍ വരുമാനവും നെഫര്‍ടിറ്റിക്കാണ്. ടൂറിസ്റ്റ് കപ്പലുകളില്‍ നിന്ന് മാത്രമായി 12.53 കോടി രൂപ വരുമാനം നേടി.
Also Read I നെഫർടിറ്റി: കൊച്ചിയിൽ ഒരു ആഡംബര കപ്പൽ യാത്ര നടത്താം; ബുക്കിങും നിരക്കുകളും അറിയാം
കൊച്ചിയില്‍ നെഫര്‍ടിറ്റി ക്രൂസ് കപ്പലും ആറ് ബോട്ടുകളുമാണ് കെഎസ്‌ഐഎന്‍സി സര്‍വീസ് നടത്തുന്നത്. കൂടാതെ 10 ബാര്‍ജുകളും ഉണ്ട്. ബാര്‍ജുകളില്‍ നിന്ന് 6.35 കോടി രൂപയാണ് വരുമാനം. പുതുതായി രണ്ട് ബാര്‍ജുകളും സാഗരറാണി മാതൃകയില്‍ ഒരു വിനോദ യാത്രാ നൗകയും വൈകാതെ സര്‍വീസിനായി ഇറക്കും. വിനോദ സഞ്ചാരികള്‍ക്കായി കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടെ ബേപ്പൂരിലേക്ക് കടലിലൂടെ ബോട്ട് സര്‍വീസ് ആരംഭിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.