ഇന്ത്യയില്‍ നിന്നു തന്നെ ഇനി കൈലാസം കാണാം; വ്യൂ പോയിന്റ് ഒരുങ്ങുന്നു

trip updates

ഈ വര്‍ഷം സെപ്തംബറോടെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് തന്നെ കൈലാസ പര്‍വതം (mount kailash) ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ കെഎംവിഎന്‍ ഹട്ട്‌സില്‍ നിന്നും ലിപുലേഖ് പാസ് വരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (BRO) നിര്‍മ്മിക്കുന്ന പുതിയ റോഡ് പണി പൂര്‍ത്തിയാകാനിരിക്കുകയാണെന്നാണ് റിപോര്‍ട്ട്. ഏകദേശം ആറര കിലോമീറ്റര്‍ ദൂരമുള്ള ഈ പാത പൂര്‍ത്തിയാകുന്നതോടെ പുതിയ കൈലാഷ് വ്യൂ പോയിന്റും ഇവിടെ തുറക്കപ്പെടും.

നഭിധംഗിലെ ലിപുലേഖ് പാസ് വഴിയുള്ള കൈലാസ്-മാനസരോവര്‍ യാത്ര കോവിഡിനു ശേഷം പുനരാരംഭിച്ചിട്ടില്ല. കൈലാസ യാത്രയ്ക്ക് ഒരുങ്ങുന്ന തീര്‍ത്ഥാടകരുടെ ഈ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിനുള്ള ബദല്‍ മാര്‍ഗമായാണ് പുതിയ റോഡ് നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൈലാഷ് വ്യൂ പോയിന്റ് വികസിപ്പിക്കാനും ഹിരക് പ്രൊജക്ടിനെ ചുമതലപ്പെടുത്തി.

റോഡ് വെട്ടുന്ന പ്രവൃത്തി ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സെപ്തംബറോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ബിആര്‍ഒയുടെ ഡയമണ്ട് പ്രൊജക്ട് ചീഫ് എന്‍ജിനീയര്‍ വിമല്‍ ഗോസ്വാമി പറഞ്ഞു.

ഹിമാലയത്തിലെ ഏറെ നിഗൂഢതകള്‍ നിറഞ്ഞ അതിമനോഹര ഇടമാണ് കൈലാസം. സ്വര്‍ഗത്തിലേക്കുള്ള വഴിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇടമാണ്. പലരും കൈലാസം കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. അടുക്കുന്തോറം കൈലാസത്തിന്റ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതായി പല ഹൈക്കര്‍മാരും പറയുന്നു.

ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയ പർവതനിരയുടെ ഭാഗമാണ് കൈലാസ പർവതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈന മത വിശ്വാസികളുടെ പുണ്യസ്ഥലമാണിത്. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

Legal permission needed