മാങ്കുളം. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങമായി മാങ്കുളത്ത് കോയിക്കസിറ്റിക്ക് സമീപമുള്ള തൂക്കുപാലം. നല്ലതണ്ണിയാറിന് കുറുകെ പെരുമ്പന്‍കുത്തിനും ആറാംമൈലിനുമിടയിലാണ് ഈ തൂക്കുപാലം നിര്‍മിച്ചിട്ടുള്ളത്. പുഴക്ക് അക്കരെയിക്കരെയായി കോണ്‍ക്രീറ്റ് പില്ലറുകള്‍ തീര്‍ത്ത് ഇരുമ്പുവടം ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പ്രദേശവാസികളുടെ യാത്രാമാര്‍ഗമായിരുന്നു.
പെരുമ്പന്‍കുത്ത് ആറാംമൈല്‍ റോഡിലൂടെ സഞ്ചരിച്ചുവേണം ഇവിടേക്കെത്താന്‍. സ്വന്തം വാഹനങ്ങളിലോ ട്രെക്കിംഗ് ജീപ്പുകളിലോ ഇവിടെയെത്താം. പാലത്തിലൂടെ കയറി മറുകരയെത്താം. പാലത്തില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും പുഴയുടെയും പാറക്കെട്ടുകളുടെയും ഭംഗിയാസ്വദിക്കുകയും ചെയ്യാം. പുഴക്ക് അക്കരെയിക്കരെയുള്ള മലനിരകളും കാനന ഭംഗിയുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. പുലര്‍ച്ചെ മലനിരകള്‍ക്ക് മുകളിലൂടെ വെളിച്ചം വീശുന്ന ഉദയസൂര്യന്റെ കാഴ്ച ഭംഗിയുള്ളതാണ്. മാങ്കുളത്തെത്തുന്ന ഒട്ടുമിക്ക വിനോദസഞ്ചാരികളും ഈ തുക്കൂപാലത്തില്‍ കയറിയിട്ടേ മടങ്ങാറുള്ളൂ. മഴക്കാലത്ത് നല്ലതണ്ണിയാര്‍ രൗദ്രഭാവം പുല്‍കും. കുതിച്ചൊഴുകുന്ന പുഴക്ക് മുകളില്‍ പാലത്തിലൂടെയുള്ള യാത്രയും സഞ്ചാരികള്‍ക്ക് രസം പകരുന്നതാണ്.
ഇവിടെ നിന്ന് ചെമ്മണ്ണാർ-പാമ്പുപാറ വ്യൂ പോയിന്റിലേക്കും അധികം ദൂരമില്ല. മൂന്നാറിൽ നിന്ന് 36 കിലോമീറ്റർ മാത്രം ദൂരത്തിൽ മൂന്നാർ തേക്കടി റോഡിൽ ഏലമലക്കാടുകളുടെ ഭംഗിയിൽ തല ഉയർത്തി നിൽക്കുന്ന വ്യൂ പോയിന്റിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നതാണ്. ഓഫ്റോഡ് ജീപ്പ് ഡ്രൈവർമാരുടെയും സാഹസികയാത്രികരുടെയും വിനോദ സഞ്ചാരികളുടെയും യുവാക്കളുടെയും ഇഷ്ടകേന്ദ്രമാണ് ഇവിടം. രാജാക്കാട്ടിൽ നിന്ന് 11 കിലോമീറ്റർ സഞ്ചരിച്ച് ചെമ്മണ്ണാറിലെത്തി അവിടെ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പുപാറ വ്യൂ പോയിന്റിലെത്താം. ഏലം, കുരുമുളക്, കാപ്പിത്തോട്ടങ്ങളുടെ നടുവിലൂടെ ജീപ്പിലൂടെ മാത്രമാണ് പ്രദേശത്ത് എത്താനാകുക. ബൈക്ക് യാത്ര അപകടമാണ്. ചതുരംഗപ്പാറയിലെ കാറ്റാടിമലയും പൊന്മുടി ജലാശയവും മൂന്നാർ ഗ്യാപ് റോഡിന്റെ വിദൂരക്കാഴ്ചയും മാനം മുട്ടി നിൽക്കുന്ന ചൊക്രമുടിയും ഹൈറേഞ്ചിലെ വിവിധ ടൗണുകളുടെ വിദൂരക്കാഴ്ചയും ഇവിടെ നിന്നാൽ കാണാനാകും. മലമുകളിലെ ഉദയാസ്തമയ കാഴ്ചകളും ഒരിക്കലും വറ്റാത്ത കുളവും പ്രാചീന കാലത്തെ അവശിഷ്ടങ്ങളായ മുനിയറകൾക്ക് സമാനമായ കല്ലുകളും തമിഴ് തോട്ടം തെഴിലാളികളുടെ അമ്പലവും ഒക്കെ സഞ്ചാരികൾക്ക് വേറിട്ട അനുഭവം പകരും.