കൊച്ചി. കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന എട്ടു ട്രെയ്‌നുകളിലെ പഴയ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ച് പകരം എ.സി. കോച്ചുകള്‍ കൂട്ടാനൊരുങ്ങി ദക്ഷിണ റെയില്‍വെ. എ.സി കോച്ച് യാത്രയ്ക്ക് ആവശ്യക്കാര്‍ കൂടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജൂലൈ 25 മുതല്‍ ഇതു നടപ്പിലാകുമെന്നാണ് റിപോര്‍ട്ട്. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസിലെ (16347/48) ഒരു ജനറല്‍ കോച്ച് കുറയ്ക്കും. പകരം എ.സി. കോ്ച്ചുകളുടെ എണ്ണം നാലായി ഉയര്‍ത്തും. ഇതേ റേക്കുകള്‍ പങ്കുവെക്കുന്ന മംഗളുരു-ലോകമാന്യ തിലക് മത്സ്യഗന്ധ എക്‌സ്പ്രസിലും (12619/20) സമാന മാറ്റങ്ങളുണ്ടാകും. 11 സ്ലീപ്പര്‍, മൂന്ന് ത്രി ടിയര്‍ എ.സി., രണ്ട് ടു ടിയര്‍ എ.സി., അഞ്ച് ജനറല്‍, രണ്ട് ജനറല്‍-കം-ലഗേജ് കോച്ചുകള്‍ ഉള്‍പ്പെടെ ആകെ 23 കോച്ചുകളാണ് ഈ രണ്ടു ട്രെയ്‌നുകളിലും നിലവില്‍ ഉള്ളത്.
പഴയ IRSകോച്ചുകളുള്ള വണ്ടികളിലാണ് പുതിയ മാറ്റം. LBH കോച്ചുകളുള്ള ട്രെയ്‌നുകളില്‍ എ.സി കോച്ചുകള്‍ കൂട്ടുന്ന നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഘട്ടം ഘട്ടമായി ദീര്‍ഘദൂര ട്രെയ്‌നുകളിലെ സ്ലീപ്പര്‍ കോച്ചുകല്‍ കുറച്ചു കൊണ്ടുവരാനാണ് റെയില്‍വെയുടെ പദ്ധതി.