പൊള്ളാച്ചി. ആനമല കാടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ പെയ്തതോടെ പൊള്ളാച്ചി-വാൽപ്പാറ റോഡിലെ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായ ആളിയാർ മങ്കി ഫാൾസ് (Monkey Falls) വെള്ളച്ചാട്ടം സജീവമായി. ആറു മാസമായി വെള്ളം വറ്റിക്കിടക്കുകയായിരുന്നു ഇവിടെ. വെള്ളച്ചാട്ടം മനോഹര കാഴ്ചയായി വീണ്ടും പ്രത്യക്ഷപ്പെട്ടെങ്കിലും സഞ്ചാരികൾക്ക് ഇപ്പോൾ ഇവിടെ നിയന്ത്രണമുണ്ട്. മഴക്കാലമായതിനാൽ അപകട സാധ്യത നിലനിൽക്കുന്നതാണ് കാരണം. മലമുകളിൽ പെയ്യുന്ന മഴയുടേയും വെള്ളത്തിന്റെ ഒഴുക്കും നിരീക്ഷിച്ച് അപകടകരമല്ലെന്ന് ഉറപ്പായാൽ മാത്രമെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കൂവെന്ന് പൊള്ളാച്ചി റേഞ്ചർ പുകഴേന്തി അറിയിച്ചു.
പൊള്ളാച്ചിയില്‍ നിന്ന് 30 കിലോമീറ്ററും ആളിയാർ ഡാമിൽ നിന്ന് ആറു കിലോ മീറ്ററുമാണ് മങ്കിഫാള്‍സിലേക്കുള്ള ദൂരം. ആനമല കടുവാ സങ്കേതം (Anamalai Tiger Reserve) ഉൾപ്പെടുന്ന സംരക്ഷിത വനമേഖലയുടെ ഭാഗമാണ് ആളിയാർ മങ്കിഫാൾസ്.