അമ്മയും മകളും അടക്കം 6 ടൂറിസ്റ്റുകള്‍! ആദ്യ ബഹിരാകാശ വിനോദ യാത്ര വിജയം

അങ്ങനെ അതും സംഭവിച്ചു. മനുഷ്യരും ബഹിരാകാശത്തേക്ക് ടൂര്‍ പോയി. ലോകത്ത് ആദ്യമായി ടൂറിസ്റ്റുകളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ (Viging Galactic) വിഎസ്എസ് യൂനിറ്റി (VSS Unity) വിജയകരമായി തിരികെ ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഗാലക്റ്റിക് 02 (Galactic 02) എന്നു പേരിട്ടിരിക്കുന്ന ദൗത്യം ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോര്‍ട്ട് അമേരിക്കയില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. ഈ ബഹിരാകാശ പേടകത്തില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. ഈ ദൗത്യത്തിന്റെ കമാന്‍ഡറും മുന്‍ നാസ ബഹിരാകാശ സഞ്ചാരിയുമായ സി ജെ സ്റ്റര്‍ക്കോവ്, പൈലറ്റ് കെല്ലി ലാറ്റിമെര്‍, മൂന്ന് സ്വകാര്യ വ്യക്തികളും, ഇവരെ പരിശീലിപ്പിച്ച വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ചീഫ് ആസ്‌ട്രോനോട്ട് ഇന്‍സ്ട്രക്ടര്‍ ബെത്ത് മോസസ് എന്നിവരാണ് ഓഗസ്റ്റ് 10നു നടന്ന ഈ യാത്രയിലെ ആറു പേര്‍.

ഈ യാത്രയില്‍ ടൂറിസ്റ്റുകളായി ഉണ്ടായിരുന്ന മൂന്ന് സ്വകാര്യ വ്യക്തികളില്‍ രണ്ടു പേര്‍ അമ്മയും മകളുമാണ്. വെല്‍നെസ് കോച്ചായ കെയ്ശ സ്‌കഹഫ്, അവരുടെ 18കാരി മകള്‍ അനസ്താസിയ മയേഴ്‌സ് എന്നിവരാണ് ഈ അപൂര്‍വ ഖ്യാതി നേടിയത്. ബഹിരാകാശ ടൂറിസ്റ്റുകള്‍ എന്നു മാത്രമല്ല, ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ അമ്മയും മകളുമെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കി. ഒറ്റ ബഹിരാകാശ യാത്രയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ വഹിച്ചുള്ള യാത്ര എന്ന അപൂര്‍വ്വതയും ഈ യാത്രയ്ക്കുണ്ട്.

വിർജിൻ ഗാലക്റ്റിക് പങ്കുവച്ച ബഹിരാകാശ യാത്രയുടെ ദൃശ്യങ്ങൾ

മറ്റൊരു യാത്രികനായി ഉണ്ടായിരുന്നത് മുന്‍ ഒളിംപ്യന്‍ ജോണ്‍ ഗോഡ്‌വിന്‍ ആണ്. 80കാരനായ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിംപ്യനും, രണ്ടാമത്തെ പാര്‍ക്കിന്‍സണ്‍സ് രോഗിയുമാണ്. 2014നാണ് ഗോഡ്‌വിന് ഈ രോഗം സ്ഥിരീകരിച്ചത്.

ഗാലക്റ്റിക് 02 ഒരു സബ് ഓര്‍ബിറ്റല്‍ ബഹിരാകാശ പേടകമാണ്. ഭ്രമണപഥത്തില്‍ എത്തിയില്ലെങ്കിലും, ഭൂമിയെ മൊത്തമായും കാണാന്‍ കഴിയുന്നത്ര ഉയരത്തില്‍ യാത്രികരെ ഈ പേടകം എത്തിക്കുകയും അവിടെ അവര്‍ക്ക് ഭാരമില്ലായ്മ അനുഭവിച്ചറിയാനും വഴിയൊരുക്കി.

Legal permission needed