കൊല്ലം. മിനി ഊട്ടിയെ (Mini Munnar) കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. കേരളത്തില്‍ പലയിടത്തുമുണ്ട് മിനി ഊട്ടി എന്നറിയപ്പെടുന്ന, തമിഴ്നാട്ടിലെ ഊട്ടിയെ അനുസ്മരിപ്പിക്കുന്ന ചെറിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. എന്നാല്‍ മിനി മൂന്നാറിനെ കുറിച്ച് അധികരമാരും കേള്‍ക്കാനിടയില്ല. അതെ, മൂന്നാറിലെ വശ്യമനോഹ പ്രകൃതി ദൃശ്യങ്ങളും കാലാവസ്ഥയും അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു മിനി മൂന്നാര്‍ കൊല്ലം ജില്ലയിലുണ്ട്. അമ്പനാട്! ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തെന്മലയ്ക്ക് അടുത്താണിത്. അച്ചന്‍കോവില്‍ വനമേഖലയോട് ചേര്‍ന്ന് വിശാലമായിക്കിടക്കുന്ന അമ്പനാട്ട് എസ്റ്റേറ്റില്‍ സഞ്ചാരികള്‍ക്ക് മൂന്നാറില്‍ ലഭിക്കുന്നതെല്ലാം ലഭിക്കും. ഓരംപറ്റിയുള്ള വനമേഖലയും വലിയ കുളങ്ങളും ബ്രിട്ടീഷുകാര്‍ പണിത ബംഗ്ലാവുകളുമെല്ലാം ഇവിടെയുണ്ട്. ഇതൊരു സ്വകാര്യ എസ്റ്റേറ്റ് ആയതിനാല്‍ സഞ്ചാരികള്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം.
മൂന്നാറിലെ സഞ്ചാരികളുടെ തിരക്കും ട്രാഫിക്ക് കുരുക്കുമില്ലാത്ത മറ്റൊരു മൂന്നാറിനെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തിരഞ്ഞെടുക്കാവുന്നതാണ് അമ്പനാട് എസ്റ്റേറ്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർക്ക് മൂന്നാറിലെത്തുന്നതിനേക്കാൾ എളുപ്പത്തിൽ ഈ മിനി മൂന്നാറിലെത്താം. അതുകൊണ്ട് തന്നെ ഒരു One Day Trip ആലോചിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കേന്ദ്രം കൂടിയാണിത്.
കെഎസ്ആര്‍ടിസി (KSRTC) കൊല്ലം ബജറ്റ് ടൂറിസം സെല്‍ അമ്പനാട്ട് പാക്കേജ് നല്‍കി വരുന്നുണ്ട്. മാസത്തിലൊരിക്കലാണ് ഈ ബജറ്റ് ടൂര്‍ സംഘടിപ്പിക്കുന്നത്. അടുത്ത യാത്ര നവംബർ 12നാണ്. യാത്രാ നിരക്കും പ്രവേശന ഫീസും ഉള്‍പ്പെടെ വെറും 770 രൂപയാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നത്. മുന്‍കൂര്‍ അനുമതി എല്ലാം കെഎസ്ആര്‍ടിസി വാങ്ങുന്നതിനാല്‍ സഞ്ചാരികള്‍ നേരിട്ട് ബന്ധപ്പെട്ട് പ്രത്യേകം അനുമതി വാങ്ങേണ്ടതില്ല.
കൊല്ലം ഡിപോയില്‍ നിന്ന് രാവിലെ ആറു മണിക്ക് യാത്ര ആരംഭിക്കും. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള, 1877ല്‍ നിര്‍മ്മിച്ച പൈതൃകപാലമായ പുനലൂര്‍ തൂക്കുപാലമാണ് ആദ്യം സന്ദര്‍ശന കേന്ദ്രം. തുടര്‍ന്ന് കൊല്ലത്തിന്റെ ഗവി എന്നറിയപ്പെടുന്ന ചാലിയക്കര, മാമ്പഴത്തറ വനപാതയിലൂടെയുള്ള യാത്ര അമ്പനാട് എസ്റ്റേറ്റിലെത്തിച്ചേരും. ഈ യാത്രയില്‍ വന്യജീവികളേയും ഭാഗ്യമുണ്ടെങ്കില്‍ കാണാം. കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടവും ടീ ഫാക്ടറിയും സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റാണ് അമ്പനാട്. എസ്റ്റേറ്റില്‍ നിന്നുള്ള അതിമനോഹരമായ അമ്പനാടന്‍ മലനിരകളുടെ (Ambanad Hills) ദൃശ്യം ആരെയും വിസ്മയിപ്പിക്കും.
രാവിലെ ആറുമണിക്ക് കൊല്ലത്തുനിന്ന് തിരിച്ച് ആദ്യം പുനലൂര്‍ തൂക്കുപാലം. 1877 ഇല്‍ നിര്‍മിച്ച പുനലൂര്‍ തൂക്കുപാലം ചരിത്ര പ്രാധാന്യമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. തുടര്‍ന്ന് കൊല്ലത്തിന്റെ ഗവി എന്നറിയപ്പെടുന്ന ചാലിയക്കര,മാമ്പഴത്തറ റൂട്ടിലൂടെ അമ്പനാട് എസ്റ്റേറ്റ് ലേക്ക് പോകും.. കൊല്ലം ജില്ലയില്‍ തേയില തോട്ടവും ഫാക്ടറിയും സ്ഥിതി ചെയ്യുന്ന സ്വകാര്യ എസ്റ്റേറ്റ് ആണ് അമ്പനാട്. കാഴ്ചയ്ക്ക് അതിമനോഹരമായ അമ്പനാടന്‍ മലനിരകളുടെ ദൃശ്യം ആരെയും വിസ്മയിപ്പിക്കും.
ചാലിയേക്കര-മാമ്പഴത്തറ വനപാത വന്യ മൃഗങ്ങളുടെ വിഹാര ഭൂമിയിലൂടെയാണ്. ആന, കാട്ടുപോത്ത്, മാന്‍, മലയണ്ണാന്‍ എന്നിവ നിത്യ കാഴ്ചകളാണ്. ചാലിയേക്കര വ്യൂ പോയിന്റ്, അമ്പനാടന്‍ വ്യൂ പോയിന്റ് എന്നിവ കണ്ട ശേഷം കഴുതുരുട്ടി വഴി പ്രസിദ്ധമായ പാലരുവി വെള്ളച്ചാട്ടത്തിലെത്തും. പാലരുവിയിലെ ഔഷധ വെള്ളത്തില്‍ കുളിച്ചു എല്ലാ ക്ഷീണവും മാറ്റിയ ശേഷം തൊട്ടടുത്ത തെന്മല ഇക്കോ ടൂറിസം കേന്ദ്രം കൂടി കണ്ടു വൈകീട്ടോടെ മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ: 9747969768