മൂന്നാർ. അരിക്കൊമ്പന്റെ ഭീഷണി നീങ്ങിയതോടെ തമിഴ്നാട്ടിലെ മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതൽ വീണ്ടും വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി. മലയാളികൾ കൂടുതലായി എത്തുന്ന മേഘമലയിൽ ഇതോടെ മൺസൂൺ സീസൺ അടിപൊളിയാകും. തമിഴ്നാട്ടിലെ തേനി ജില്ലയിൽ ഉൾപ്പെടുന്ന അതിമനോഹര ഹിൽസ്റ്റേഷനാണ് മേഘമല. തേയിലതോട്ടങ്ങളും ഏലം തോട്ടങ്ങളും കടന്ന് 18 ഹെയർപിൻ വളവുകളുള്ള ചുരം കയറി എത്തുന്ന പശ്ചിമഘട്ട മലനിരകളിലെ ഹൈ വേവി മൗണ്ടന്‍ (High Wavy Mountain) എന്ന മേഘമല മൂന്നാറിനെ വെല്ലുന്ന തമിഴ്നാട്ടിലെ ഒരു പറുദീസയാണ്. അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയില തോട്ടങ്ങൾ, എപ്പോഴും വീശുന്ന തണുത്ത കാറ്റും, കോടമഞ്ഞു പുതച്ചു നിൽക്കുന്ന കാലാവസ്ഥയും ഏതൊരു സഞ്ചാരിയുടേയും ഹൃദയം കിഴടക്കും.
Also Read മേഘമലയിലേക്ക് ഒരു യാത്ര
പ്രധാന കാഴ്ചകൾ
തടാകം, ഹൈവിവിഡ് ഡാം, മണലാർ ഡാം, ഇരവഗലർ ഡാം, തേക്കടി വ്യൂ പോയിന്റ്, മഹാരാജമേട്, കമ്പം വാലി വ്യൂ, മകര ജ്യോതി ഹിൽ, മണലാർ വെള്ളച്ചാട്ടം, മണലാർ എസ്റ്റേറ്റ്, വെണ്ണിയാർ എസ്റ്റേറ്റ്. തൂവാനം എന്നറിയപ്പെടുന്ന മണലാർ ഡാമിന്റെ തീരമാണ് മുഖ്യ ആകർഷണം, കമ്പം, തേനി ഗ്രാമങ്ങൾ പൂർണമായും അവിടെ നിന്നാൽ കാണാം.
പോകാനുള്ള വഴി
കോട്ടയം -പാലാ -മുണ്ടക്കയം -കുട്ടിക്കാനം -കുമളി -കമ്പം -ഉത്തമ പാളയം -ചിന്നമണ്ണൂര്‍ വഴി 280 കിലോ മീറ്റർ ദൂരമുണ്ട് മേഘമലയിലേക്ക്. ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോകേണ്ട ഒരു അടിപൊളി സ്ഥലം കൂടിയാണ് ഇവിടം. മേഘമലയിലേക്ക് പോകണമെങ്കിൽ ചിന്നമണ്ണൂരിൽ വന്നതിനു ശേഷം മാത്രമേ പോകുവാൻ സാധിക്കൂ. മേഘമലയിലേക്കുള്ള റൂട്ടുകളെല്ലാം വന്നുനിൽക്കുന്നത് ചിന്നമണ്ണൂരിലാണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചിന്നമണ്ണൂരിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് മേഘമലയിലേക്ക്.
പ്രവേശനം
രാവിലെ ആറുമണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ. (അഞ്ചുമണിക്ക് മുൻപ് അവിടെ നിന്നും ചെക്ക് പോസ്റ്റ് കടന്നു തിരിച്ചു പോന്നിരിക്കണം). മേഘമലയിൽ താമസമാണെങ്കിൽ മാത്രം വൈകുന്നേരങ്ങളിൽ കടത്തിവിടും. ബുക്കിങ് വിവരങ്ങൾ കാണിച്ചാൽ മതി.
മേഘമല പഞ്ചായത്ത് ഗസ്റ്റ് ഹൗസ്: 09488987858, 9488227944.