മലരിക്കല്‍ ആമ്പല്‍ വസന്തം; കാഴ്ചയുടെ ഉത്സവമൊരുക്കി ഒരു ഗ്രാമം

കോട്ടയം. മണ്‍സൂണ്‍ ഭാഗികമായി പിന്‍വാങ്ങിത്തുടങ്ങിയതോടെ പതിവു തെറ്റിക്കാതെ മലരിക്കല്‍ ഗ്രാമത്തില്‍ ആമ്പല്‍പ്പൂ വസന്തം വീണ്ടും വിരുന്നെത്തി. വിരിഞ്ഞ് നില്‍ക്കുന്ന ആമ്പല്‍ പൂക്കള്‍ക്കിടയിലൂടെ ഉദിച്ചുയരുന്ന സൂര്യനേയും ആ പ്രകാശത്തില്‍ പ്രത്യേക ശോഭയണിയുന്ന ആമ്പല്‍ പൂക്കളേയും കാണാന്‍ വിവിധ നാടുകളില്‍ നിന്ന് സഞ്ചാരികളെത്തിത്തുടങ്ങി. എല്ലാ വര്‍ഷവും ആമ്പല്‍ പുഷ്പിക്കുന്ന ഈ സീസണില്‍ ഈ കൊച്ചു ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ പാടമൊന്നാകെ ആമ്പല്‍പ്പൂക്കളാല്‍ നിറയും.

ഗ്രാമീണ ജലടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഈ ആമ്പല്‍ വസന്തത്തെ ടൂറിസം ആഘോഷമാക്കി (Malarikkal Water Lilly Fest) മാറ്റിയിട്ടുണ്ട്. വേമ്പനാട്ടു കായലോരം ചേര്‍ന്നു കിടക്കുന്ന 650 ഏക്കറോളം വരുന്ന പാട ശേഖരത്തിലാണ് ആമ്പലുകള്‍ പുഷ്പിച്ചു തുടങ്ങിയത്. മലരിക്കലാണ് ഈ വസന്തത്തിന്റെ പ്രഭവ കേന്ദ്രം. കോട്ടയത്തു നിന്ന് ഏഴര കിലോമീറ്ററും കുമരകത്ത് നിന്ന് ഒന്‍പത് കിലോമീറ്ററുമാണ് മലരിക്കലിലേക്കുള്ള ദൂരം. ആമ്പൽ ഫെസ്റ്റിവൽ ചൊവ്വാഴ്ചയാണ് ആരംഭിച്ചതെങ്കിലും ആമ്പലുകൾ നിറഞ്ഞു തുടങ്ങിയതോടെ തന്നെ ഇങ്ങോട്ട് സന്ദർശകരുടെ ഒഴുക്കാണ്. വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മണ്‍സൂണ്‍ ആരംഭത്തോടെ തന്നെ ഗ്രാമത്തില്‍ പലയിടത്തും ആമ്പല്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങിയിരുന്നു. നിരവധി പേരാണ് ഈ കാഴ്ച കാണാന്‍ ഈ കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നത്. പരിമിതമായ സൗകര്യങ്ങളെ ഇവിടെ ഉള്ളൂ. സെപ്തംബര്‍ 10 വരെ എല്ലാ ദിവസവും രാവിലെ ആറ് മണി മുതല്‍ ഒന്‍പത് മണി വരെയാണ് സന്ദര്‍ശകര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയം. ഫെസ്റ്റിവലിന്റെ ഭാഗമായി സഞ്ചാരികൾക്ക് കുടുംബശ്രീ ഭക്ഷണമൊരുക്കിയിട്ടുണ്ട്. ഓണം സീസണിൽ പതിവായി ഭക്ഷണം ലഭ്യമാക്കും.

ആമ്പലോളങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് ബോട്ടിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരം-വെട്ടിക്കാട് ജലപാതയിലാണ് ബോട്ട് റൈഡ്. ഒരാള്‍ക്ക് നൂറു രൂപ ചാര്‍ജ് ഈടാക്കി പൂക്കള്‍ക്കിടയിലൂടെ വള്ളങ്ങളിലും സഞ്ചാരികളെ കൊണ്ടു പോകും.

ഒരേ സമയം നൂറുകണക്കിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ ഇവിടെ സൗകര്യങ്ങളില്ല. ഇതു കണക്കിലെടുത്ത് ചില നിയന്ത്രണങ്ങളും ഫെസ്റ്റിവല്‍ സംഘാടകർ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ. 30 രൂപയാണ് നിരക്ക്. ചില വീടുകളില്‍ പണം നല്‍കി ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി കണ്‍വീനര്‍ കെ അനില്‍ കുമാര്‍ അറിയിച്ചു. ആമ്പല്‍പ്പൂക്കള്‍ ആവശ്യമുള്ളവര്‍ പ്രദേശ വാസികളില്‍ നിന്ന് വാങ്ങണം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരമായതിനാൽ അനുവാദമില്ലാതെ ഇവിടെ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.

ഫോട്ടോകൾ: ജോമോൻ പമ്പാവാലി, കേരള ടൂറിസം

Legal permission needed