മലപ്പുറം. രണ്ടു ജില്ലകളാക്കി വിഭജിക്കാനുള്ള ഭൂവിസ്തൃതിയും ജനസംഖ്യയും ഉള്ള ജില്ല. ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന ജില്ലകളിലൊന്ന്. നികുതി ഇനത്തിലും മറ്റും പൊതുഖജനാവിലേക്ക് വലിയ സംഭാവന നല്‍കുന്ന ജില്ല. കേരളത്തില്‍ ആദ്യമായി ട്രെയ്ന്‍ സര്‍വീസിന് തുടക്കമിട്ട ജില്ല. തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഉണ്ടായിട്ടും മലപ്പുറം ജില്ലയോടുള്ള റെയില്‍വെയുടെ വിവേചനം മാറ്റമില്ലാതെ തുടരുകയാണ്. മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഗുവാഹത്തി, അഹമദാബാദ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളുമായെല്ലാം റെയില്‍ കണക്ടിവിറ്റിയുള്ള മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്‌റ്റോപ്പിലാതെ ഓടുന്നത് 33 ദീര്‍ഘദൂര ട്രെയ്‌നുകളാണ്. ദല്‍ഹിയിലേക്കു മാത്രം ജില്ലയിലൂടെ കടന്ന് പോകുന്ന 10 ട്രെയ്‌നുകളില്‍ 9 എണ്ണത്തിനും മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്‌റ്റോപ്പില്ല. 100 കോടി രൂപയുടെ വികസനമാണ് ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനായി റെയില്‍വെ പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ജില്ലയിലെ ഒരു സ്‌റ്റേഷനിലും പ്രധാന ട്രെയ്‌നുകള്‍ക്കൊന്നും സ്റ്റോപ്പില്ലാതെ ഈ വികസനം എത്രത്തോളം സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും കണ്ടറിയേണ്ടതുണ്ട്.
ജില്ലയിലൂടെ കടന്നു പോകുന്ന ഷൊര്‍ണൂര്‍-മംഗളൂരു പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് തിരൂര്‍. കേരളത്തില്‍ ആദ്യമായി ട്രെയ്ന്‍ ഓടിയത് തിരൂര്‍ സ്റ്റേഷനില്‍ നിന്നായിരുന്നു. 1861 മാര്‍ച്ച് 12നാണ് തിരൂര്‍-ഫറോക്ക് റൂട്ടില്‍ കേരളത്തില്‍ ആദ്യമായി ട്രെയ്ന്‍ സര്‍വീസ് നടത്തിയത്. ഒന്നര നൂറ്റാണ്ടിലേറെ കാലത്തെ പൈതൃകവും ചരിത്ര പ്രാധാന്യവും ഉണ്ടായിട്ടു പോലും തിരൂര്‍ സ്റ്റേഷന് റെയില്‍വേയുടെ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. യാത്രക്കാരുടെ എണ്ണത്തില്‍ തിരൂര്‍ ഒട്ടും പിന്നിലല്ല. ജില്ലയിലെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും ഒട്ടേറെ തവണ ആവശ്യം ഉന്നയിച്ചിട്ടും നിരവധി ദീര്‍ഘദൂര ട്രെയ്‌നുകള്‍ക്ക് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നില്ല.
മുംബൈ, സൂറത്ത്, വഡോദര, ദല്‍ഹി, ചണ്ഡീഗഢ് തുടങ്ങിയ രാ്ജ്യത്തെ പ്രധാന നഗരങ്ങളിലൂടെ സര്‍വീസ് നടത്തുന്ന കൊച്ചുവേളി-ചണ്ഡീഗഢ് കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ് (11217), ശനിയാഴ്ചകളില്‍ ദല്‍ഹിയിലേക്കു പോകുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് (22653), ബുധനാഴ്ച പോകുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655), സൂറത്ത്, മുംബൈ, ദല്‍ഹി, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നിവടങ്ങളിക്കുള്ള യോഗ് നാഗരി ഋഷികേശ് (22659), ബുധനാഴ്ച പോകുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22633), രാജധാനി എക്‌സ്പ്രസ് (12431), തുരന്തോ എക്‌സ്പ്രസ് (12283), ദല്‍ഹി, ലുധിയാന, ജലന്ദര്‍, അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള കൊച്ചുവേളി-അമൃത്സര്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (12483) എന്നീ പ്രധാന ട്രെയ്‌നുകള്‍ക്കു പോലും തിരൂരില്‍ എന്നല്ല, മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്‌റ്റോപ്പില്ല. ഇവയില്‍ യാത്ര ചെയ്യണമെങ്കില്‍ ഷൊര്‍ണൂരിലേക്കോ കോഴിക്കോട്ടേക്കോ പോകേണ്ട സ്ഥിതിയാണ് ജില്ലയിലെ യാത്രക്കാര്‍ക്ക്. ഈ ട്രെയ്‌നുകളില്‍ തുരന്തോ എക്‌സ്പ്രസ് ഒഴികെ മറ്റെല്ലാ ട്രെയ്‌നുകള്‍ക്കും മറ്റു ജില്ലകളില്‍ സ്‌റ്റോപ്പും ഉണ്ടെന്നോര്‍ക്കണം.
മലപ്പുറം ജില്ലക്കാര്‍ക്കും ഇതര സംസ്ഥാനക്കാരായ യാത്രക്കാര്‍ക്കു പുറമെ ദല്‍ഹി, മുംബൈ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്ന് ചരക്കുകളുത്തെന്ന സ്ഥലം കുടിയാണ് പ്രധാന വാണിജ്യ കേന്ദ്രം കൂടിയായ തിരൂര്‍. മാത്രവുമല്ല, ഭൗമസൂചിക പദവിയുള്ള പ്രശസ്തമായ തിരൂര്‍ വെറ്റില ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കുന്നതും തിരൂര്‍ സ്റ്റേഷനില്‍ നിന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ പാക്കിസ്ഥാനിലേക്കു പോലും തിരൂരില്‍ നിന്ന് ട്രെയ്ന്‍ മാര്‍ഗം വെറ്റില കയറ്റുമതി ഉണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍ കേരളത്തിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയ്‌നായി വന്ദേഭാരത് എക്‌സ്പ്രസ് അവതരിപ്പിച്ചപ്പോഴും ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്ന തിരൂര്‍ സ്റ്റോപ്പ് ട്രെയ്ന്‍ ഓടിത്തുടങ്ങിയപ്പോള്‍ ഇല്ലാതായി. ഇതിലും ജില്ലയോട് കാണിച്ച വിവേചനത്തിൽ നിഗൂഢതയുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.