LAKSHADWEEP: കടലിന്നഗാധമാം നീലിമയിൽ

lakshadweep tripupdates

✍🏻 വിമൽ കോട്ടയ്ക്കൽ

LAKSHADWEEPകളുടെ സൗന്ദര്യം കടൽക്കാഴ്ച്ചകൾ തന്നെയാണ്. എവിടെ നോക്കിയാലും സ്വിമ്മിങ് പൂളിലേതെന്ന പോലെ നീല വെള്ളം. കോരിയെടുത്തു കുടിക്കാൻ തോന്നിപ്പോവും. ആർത്തലച്ച് കുത്തിമറിയുന്ന തിരകൾ പിന്നെ പാൽപാത്രം തട്ടിമറിഞ്ഞാലെന്നപോലെ പതഞ്ഞ് പരന്നൊഴുകും. നല്ല വെളുത്ത പഞ്ചാര മണൽ. മീറ്ററുകളോളം ഉള്ളിലേക്ക് നടന്നുപോകാവുന്ന ആഴം കുറഞ്ഞ കടൽ. അടിയിൽ മുഴുവൻ പവിഴപ്പുറ്റുകളുടെ പൂരം, ഓരോ കടൽത്തീരവും പവിഴപ്പുറ്റു ശേഖരമാണ്. ഞങ്ങളും കുറച്ചു പെറുക്കി വെച്ചിട്ടുണ്ട്, കൊണ്ടുവരാൻ അനുവദിക്കുമോ എന്തോ ? പ്രധാനമന്ത്രി മോദി വന്നതിൻ്റെ ചിത്രം പ്രചരിച്ചപ്പോഴാണ് ഈ ബീച്ചുകൾ കൂടുതൽ ശ്രദ്ധ നേടിയത്.

പച്ചക്കറിയില്ലാത്ത നാട്

ഒരു പച്ചക്കറി പോലും നട്ടുവളർത്താനാവില്ല. എല്ലാം കപ്പലിൽ വരണം. ആകെ വളരുന്നത് മുരിങ്ങയാണ്. തെങ്ങ് കഴിഞ്ഞാൽ പല തരം ആലുകൾ, പൂവരശ്, വേപ്പ് ,കാറ്റാടി ,കടച്ചക്ക , പിന്നെ വട്ടയില (പൊടുവണ്ണി)ക്ക് സമാനമായ ഒരു തരം ചെടി…. ഇതൊക്കെയാണ് ദ്വീപുകളിലെ മരങ്ങൾ. പൂവരശ് പണ്ടു കാലങ്ങളിൽ ബോട്ടും വള്ളങ്ങളുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ഇപ്പോൾ കാര്യമായ പ്രയോജനമൊന്നുമില്ലെങ്കിലും പഴയ നന്ദിയോടെ നില നിർത്തിയിട്ടുണ്ട്.

അഞ്ചര കിലോമീറ്റർ നീളവും രണ്ട് കിലോമീറ്ററോളം വീതിയുമുള്ളതാണ് തലസ്ഥാന നഗരമായ കവരത്തി. അഗത്തി യുമായി താരതമ്യം ചെയ്താൽ ഭേദപ്പെട്ട സൗകര്യങ്ങളുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പെട്രോൾ പമ്പുണ്ട്. ഞങ്ങൾ മൂന്നു ബൈക്ക് വാടകക്കെടുത്ത് അതിൽ ദ്വീപു മുഴുവൻ കറങ്ങി. ഭക്ഷണമൊക്കെ കേരളത്തിലേതുപോലെത്തന്നെ. വലിയ വിലയൊന്നുമില്ല. കേതറയും ,സൂതയുമാണ് പ്രധാന മീനുകൾ. ഫ്രഷ് മീൻ കിട്ടും.

ഒരു റാത്തീബ് രാവ്

കേരളത്തിൽ ഒരു കാലത്ത് സുന്നി- സൂഫി ധാരകളിൽ വലിയ പ്രചാരമുണ്ടായിരുന്ന പ്രാർഥനാ രീതിയാണ് റാത്തീബ്. അള്ളാഹുവിനേയും പ്രവാചകനേയും സ്വഹാബിമാരേയും സൂഫി സന്യാസിമാരേയുമൊക്കെ വാഴ്ത്തിപ്പാടലാണത്. ദഫ് ,അറബന തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിക്കും. ആവർത്തിച്ച് പാടുന്നത് എന്ന അർത്ഥത്തിലാണ് ‘റാത്തീബ്’ എന്ന വാക്കുണ്ടായത്. ഇതിൽ അൽപം കായിക പ്രകടനങ്ങളും കറാമത്തുകളും മേമ്പൊടി ചേർത്ത് ‘കുത്തുറാത്തീബ്’ എന്ന ഒരിനവും പ്രചരിച്ചിരുന്നു. കത്തി കൊണ്ടോ മൂർച്ചയുള്ള മറ്റായുധങ്ങൾ കൊണ്ടോ പ്രാർഥനാ താളത്തിനൊപ്പം സ്വന്തം ദേഹത്ത് കുത്തി മുറിവേൽപ്പിച്ച് രക്തം ചിന്തുന്നതാണ് രീതി. കഴിയുമ്പോഴേക്ക് രക്താഭിഷേകമാവും. ഇത് ഇപ്പോൾ ഏറെക്കുറേ ഇല്ലാതായിട്ടുണ്ട്, ആളെക്കിട്ടുന്നില്ലെന്നത് തന്നെ പ്രധാന കാര്യം.

റാത്തീബു തന്നെ കേരളത്തിൽ അപൂർവമായി. ലക്ഷദ്വീപിൽ ഉണ്ടെന്നു കേട്ടാണ് ഞങ്ങൾ റൂം സംഘടിപ്പിച്ചു തന്ന മുഹമ്മദലി മാഷോട് അന്വേഷിച്ചത്. മിക്ക ദിവസങ്ങളിലും വീടുകളിലും വെള്ളിയാഴ്ച്ചകളിൽ പള്ളികളിലുമുണ്ട്. അങ്ങനെ ഒരു വീട്ടിൽ പോയി രാത്രി റാത്തീബും കണ്ടു.

പൂക്കോയയുടെ സ്നേഹവിരുന്ന്

കവരത്തിയിലെ ഏറ്റവും അവിസ്മരണീയം എന്നു പറയാവുന്ന അനുഭവം പൂക്കോയയുടെ വീട്ടിൽ നിന്നുള്ള ഉച്ചഭക്ഷണമാണ്. അതീവ രുചികരമായ ടിപ്പിക്കൽ ദ്വീപ് ഭക്ഷണം. നെയ്ച്ചോറ് ,തേങ്ങാപ്പാലിലുണ്ടാക്കിയ ചിക്കൻ കറിയായ ചിക്കൻ അഫ്ഗാനി ,സൂത വറ്റിച്ചത് ,മീൻ തോരൻ ,മീനച്ചാർ ,ചുട്ട ഉടൻ തേങ്ങാപ്പാലിലിട്ട ഒരു പ്രത്യേകതരം പത്തിരി, ചെമ്പല്ലിയുടെ നല്ല ഛായയുള്ള ഒരു ഭീകരൻ മീൻ നീളത്തിൽ പൊരിച്ചത്, പ്രത്യേകതരം ചപ്പാത്തി… ഇതിനേക്കാൾ ഇടിവെട്ട് ഐറ്റം ഒന്നുണ്ടായിരുന്നു; കിലാഞ്ചി. നമ്മുടെ ടിഷ്യു പേപ്പർ പോലെ സ്തര രൂപത്തിലുള്ള ഒരു തരം ദോശ. പച്ചരിപ്പൊടിയും മുട്ടയും പ്രത്യേക അനുപാതത്തിൽ ചേർത്ത് ഉരുളിയിൽ നിശ്ചിത വേഗത്തിൽ ചുഴറ്റിയെടുത്താണ് ഇതുണ്ടാക്കുന്നതത്രെ. ഒരിത്തിരി അങ്ങോട്ടോ ഇത്തിരി ഇങ്ങോട്ടോ പാളിയാൽ കിലാഞ്ചിയുടെ കഥ കഴിയും. ഇത് കഴിക്കേണ്ടത് മറ്റൊരു കോമ്പിനേഷൻ ചേർത്താണ് ,തേങ്ങാപ്പാലിൽ പഞ്ചസാര ചേർത്ത് പഴം മുറിച്ചിട്ട് അതിൽ നാലു മടക്കാക്കി കിലാഞ്ചി മുക്കി വായിലേക്കങ്ങ് വെക്കുമ്പോഴുണ്ടല്ലോ .. എൻ്റെ സാറേ …. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല.

എല്ലാം കൂടി ഒരറ്റത്തു നിന്ന് തുടങ്ങി മറ്റേയറ്റത്ത് എത്തിയപ്പോഴേക്കും എല്ലാവരുടേയും വയർ പൊട്ടുമെന്ന അവസ്ഥയിലായി. എങ്ങനെയൊക്കെയോ എഴുന്നേറ്റ് കൈ കഴുകി ഉമ്മറത്തെത്തിയപ്പോൾ അവിടെ കാത്തിരിക്കുന്നു ,അണ്ടിപ്പരിപ്പും നിലക്കടലയുമെല്ലാം ചേർത്ത അട പുഡിങ്… അവനേയും വേണ്ട രീതിയിൽ പരിഗണിച്ച് പൂക്കോയയോടുംബീവിയോടും വയറും മനസ്സും നിറഞ്ഞ നന്ദിയും പറഞ്ഞ് ഇറങ്ങി.

കാലിക്കറ്റ് സർവകലാശാലയിൽ സുവോളജി എം.എസ്.സിക്ക് പഠിച്ചയാളാണ് പൂക്കോയ. സുഹൃത്ത് പ്രമോദ് ഇരുമ്പുഴിയുടെ ബാച്ച് മേറ്റ്. കവരത്തി സയൻസ് ആൻഡ് ടെക്നോളജി സെൻ്ററിൽ അസി.ഡയരക്ടറാണ് ഇപ്പോൾ പൂക്കോയ . അദ്ദേഹത്തിൻ്റെ മുത്തച്ഛനായ ചെറിയ കോയത്തങ്ങൾ ആലിക്കുട്ടി മുസ്ല്യാരോടൊപ്പം പ്രവർത്തിച്ചയാളാണ്. ഇരുവരും ബ്രിട്ടീഷ് പട്ടാളക്കാരൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണിച്ചു തന്നു.

കവരത്തി ആകാശവാണിയിൽ ഒരു പ്രോഗ്രാം

മഞ്ചേരി ആകാശവാണിയിൽ ഒരു പ്രോഗ്രാം കഴിഞ്ഞിട്ട് ഒരു മാസമായിട്ടേയുള്ളൂ. കവരത്തിയിലെ ആകാശവാണി നിലയം ഒന്നു കാണാമെന്നു കരുതി പോയതാണ്. അവിടെയെല്ലാം പരിചയപ്പെടുത്തിയ നാട്ടുകാരനായ നസീബ് എന്ന സുഹൃത്ത് നിങ്ങൾ നടത്തുന്ന ദ്വീപ് യാത്രയെക്കുറിച്ച് അൽപസമയം സംസാരിക്കാമോ എന്നു ചോദിച്ചു. ഒട്ടും സംശയിക്കാതെ ഞാനും പ്രമോദും ‘യെസ് ‘ പറഞ്ഞു. ‘ശാത്തിര ‘ ( യാത്ര) എന്നാണ് അദ്ദേഹം നടത്തുന്ന പ്രോഗ്രാമിൻ്റെ പേര്. 15 മിനിറ്റോളം ,പരസ്പരസംഭാഷണ രൂപത്തിൽ ഞങ്ങൾ സംവദിച്ചു. ദ്വീപിൻ്റെ സൗന്ദര്യം ,സംസ്കാരം ,ജീവിതം ,ജനങ്ങൾ … എല്ലാ വിഷയങ്ങളെക്കുറിച്ചും … അവരോട് യാത്ര പറഞ്ഞിറങ്ങി.

ഉജ്റാപ്പള്ളിയിൽ അൽപസമയം

കവരത്തിയിലെ ഏറ്റവും പഴയ പളളിയാണിത്. 17-ാം നൂറ്റാണ്ടിൽ ഷെയ്ക്ക് മുഹമ്മദ് ഖാസിം പണികഴിപ്പിച്ചതാണ്. രണ്ട് ഔലിയാക്കൻമാരുടെ മക്ബറ ഇവിടെയുണ്ട്. ഒരു പ്രധാന തീർഥാടന കേന്ദ്രമാണ്. രോഗശാന്തിക്കും ത്വഗ് രോഗ ചികിത്സക്കുമായി വിശ്വാസികൾ ഇവിടെ വരുന്നു. ശിരോവസ്ത്രം ധരിച്ചു കൊണ്ട് ഏതു മത വിഭാഗത്തിൽ പെട്ട സ്ത്രികൾക്കും കയറാം. അതി മനോഹരമാണ് പള്ളിക്കുള്ളിലെ മരത്തിലെ കൊത്തുപണികൾ. ഏറെ ശാന്തമായ അന്തരീക്ഷം.

Legal permission needed