ലെ. പതിവില്‍ നിന്നും മൂന്നാഴ്ചയോളം വൈകി ലഡാക്കിലെ പാംഗോങ് തടാകം തണുത്തുറഞ്ഞു. തടാകത്തിനു മുകളില്‍ ഐസ് പാളിയിലൂടെ നടക്കുന്ന ഓട്ടമത്സരമായ PANGONG FROZEN LAKE MARATHON ചൊവ്വാഴ്ച(ഫെബ്രുവരി 20)യാണ്. ഈ അന്താരാഷ്ട്ര സാഹസിക ഓട്ട മത്സരത്തിനുള്ള മുന്നൊരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. യുഎസ്, യുകെ, ഫ്രാന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി 50 പേരാണ് മത്സരിക്കുന്നത്. തണുത്തുറഞ്ഞ പാംഗോങ് തടാകത്തിനു മുകളിലൂടെ ലുകുങില്‍ നിന്ന് തുടങ്ങി മാന്‍ വരെ 21.9 കിലോമീറ്റര്‍ ദൂരമാണ് മാരത്തണ്‍ നടക്കുന്നത്.
പാംഗോങ് ഫ്രോസന്‍ ലേക്ക് മാരത്തണിന്റെ രണ്ടാം പതിപ്പാണിത്. 2023ല്‍ ആരംഭിച്ച ഈ മാരത്തണ്‍ ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ നടക്കുന്ന ഫ്രോസന്‍ ലേക്ക് ഹാഫ് മാരത്തണ്‍ കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 4,350 മീറ്റര്‍ ഉയരമുണ്ട്. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ഓഫ് ലഡാക്കും ലഡാക്ക് ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. വിന്റർ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗംകൂടിയാണിത്. മെഡിക്കല്‍ സംഘം, ഓരോ അഞ്ചു കിലോമീറ്ററിലും ചൂടുവെള്ളം നല്‍കുന്ന പോയിന്റുകള്‍, ആംബുലന്‍സ് തുടങ്ങി സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. ഹെഡ് ടോര്‍ച്ച്, തണുപ്പിനെ പ്രതിരോധിക്കുന്ന വാം ജാക്കറ്റ്, റെയിന്‍ കോട്ട് എന്നിവ ധരിച്ചാണ് ഓടേണ്ടത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഡാക്കിനെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് ലോകത്തിന്റെ ശ്രദ്ധക്ഷണിക്കുകയാണ് ഇത്തവണ ഈ സാഹസിക ഓട്ടമത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉള്‍പ്പെടെ മാലിന്യമുണ്ടാക്കുന്ന ഒരു വസ്തുക്കളും ഇത്തവണ ഉപയോഗിക്കില്ല. കാലാവസ്ഥാ പ്രതിസന്ധി പോലുള്ള ഗൗരവ വിഷയത്തെ അഭിമുഖീകരിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളേയും ഒന്നിപ്പിക്കാന്‍ സ്‌പോര്‍ട്‌സിനു കഴിയുമെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.
നോര്‍വെയിലെ ഐസ്ബഗ് ഫ്രോസന്‍ ലേക്ക് മാരത്തണ്‍ പോലുള്ള ഫ്രോസന്‍ ലേക്ക് മാരത്തണുകള്‍ ഒരു സാഹസിക കായികമത്സരമെന്ന നിലയില്‍ ലോകത്തൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന മത്സമാണ്. വളരെ പ്രതികൂലമായ കാലാവസ്ഥയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകളോടെയുള്ള ഈ ഓട്ടം വളരെ അപകടംപിടിച്ചതാണ്.