ലഡാക്കിലെ Apricot Blossom Festival ഏപ്രിൽ നാലിന് തുടങ്ങും

ഏത് സീസണിലും സഞ്ചാരികൾക്ക് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ഒരുക്കുന്ന ലഡാക്ക് ഈ വർഷത്തെ അപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവലിന് ഒരുങ്ങി. ലഡാക്ക് ടൂറിസം സംഘടിപ്പിക്കുന്ന ഈ ഉത്സവം ഏപ്രിൽ നാലു മുതൽ 18 വരെ നീണ്ടുനിൽക്കും. എല്ലാ വർഷവും ഈ സീസണിലാണ് അപ്രിക്കോട്ട് മരങ്ങൾ ഇളം പിങ്ക് പൂക്കൾ പുതച്ച് മനോഹരമായി അണിഞ്ഞൊരുങ്ങുന്നത്. ലഡാക്കിലെ പല പ്രദേശങ്ങളും അപ്രിക്കോട്ട് പൂക്കളാല്‍ നിറയും. ഇളം പിങ്ക്, വെള്ള നിറങ്ങളിലുള്ള കുഞ്ഞ് അപ്രിക്കോട്ട് പൂക്കള്‍ ലഡാക്കിലെ സവിശേഷ ഭൂപ്രകൃതിയില്‍ പൂത്ത് നില്‍ക്കുന്നത് മനംനിറയ്ക്കുന്ന കാഴ്ചയാണ്.

ലോകത്തിലെ ഏറ്റവും മധുരമുള്ള അപ്രിക്കോട്ടുകളിൽ ഒരിനമായ Raktsey Karpo ലഡാക്കിന്റെ സ്വന്തം വെറൈറ്റിയാണ്. ഈ ഇനത്തിന് ഭൗമസൂചികാ (Geographical Indication) പദവിയും ലഭിച്ചിട്ടുണ്ട്. ലഡാക്കിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ വീടുകളിലും മുറ്റത്ത് അപ്രിക്കോട്ട് മരങ്ങൾ നട്ടുവളർത്തുന്നുണ്ട്. വിളവെടുക്കുന്ന പഴങ്ങൾ വെയിലത്ത് ഉണക്കിയോ ജാം അല്ലെങ്കിൽ ചെറുപലഹാരങ്ങളാക്കിയോ ഉപയോഗിക്കുന്നു. പ്രാദേശികമായി ചുളി എന്നാണ് അപ്രിക്കോട്ട് അറിയപ്പെടുന്നത്. 2013ലാണ് Raktsey Karpo ഇനം ലഡാക്കിൽ മാത്രം കണ്ടുവരുന്ന ഇനമാണെന്ന് ഗവേഷകർ കണ്ടെത്തിയത്.

ലഡാക്കിലെ പ്രധാന സ്ഥലങ്ങളിലെല്ലാമുള്ള അപ്രിക്കോട്ട് തോട്ടങ്ങളാണ് പ്രധാനമായും ഫെസ്റ്റിവലിന് വേദിയാവുക. ഏപ്രിലിലെ സുഖകരമായ കാലാവസ്ഥയില്‍ അപ്രിക്കോട്ട് വസന്തത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികള്‍ എത്തുന്നു.

ലഡാക്ക് ജനതയുടെ സാംസ്‌കാരിക പാരമ്പര്യം വെളിപ്പെടുത്തുന്ന നിരവധി കലാപരിപാടികളും പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിന് അനുബന്ധമായി നടക്കും. അപ്രിക്കോട്ട് ജാം, ഡ്രൈ ഫ്രൂട്ട്, ജ്യൂസുകള്‍, വൈന്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ രുചിക്കുകയും വാങ്ങുകയും ചെയ്യാം. ജപ്പാനിലെ ചെറി ബ്ലോസം ആഘോഷത്തിന് സമാനമായി വസന്തകാലത്ത് ഇന്ത്യയില്‍ നടക്കുന്ന അതിമനോഹരമായ ആഘോഷങ്ങളില്‍ ഒന്നാണ് അപ്രിക്കോട്ട് ബ്ലോസം ഫെസ്റ്റിവല്‍.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed