നൂറ്റാണ്ടിലേറെ പഴക്കമുള്ള കുട്ടിക്കാനം പാലസ് സ്മാരകമാക്കുന്നു

ഇടുക്കി. വാഗമണിനും തേക്കടിക്കുമിടയിലെ മനോഹര ഹില്‍ സ്റ്റേഷനായ കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്ന കുട്ടിക്കാനം പാലസ് ചരിത്ര സ്മാരകമാക്കി മാറ്റുന്നു. 130 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരത്തെ പുരാവസ്തു വകുപ്പ് ചരിത്ര സ്മാരകമായി ഉടന്‍ പ്രഖ്യാപിക്കും. ഇതിനായുള്ള രേഖകളുടെ പരിശോധനകളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും ചരിത്ര സ്മാരകമാക്കി മാറ്റാനുള്ള യോഗ്യത ഈ നിര്‍മിതിക്കുണ്ടെന്നും പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍ പറയുന്നു.

1890കളില്‍ നിര്‍മ്മിച്ചതാണെന്ന് രേഖകള്‍ പറയുന്നു. 1900കളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. 1892 മുതലുള്ള കൊട്ടാരത്തിന്റെ രേഖകളെല്ലാം ലഭ്യമാണ്. ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുന്നതിന് റെവന്യൂ വിവരങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്. ഇതാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍കാല വസതി ആയിരുന്നു ഒരു കാലത്ത് ഈ കൊട്ടാരം. 14 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിലെ ഒരു മുറിയിൽ നിന്ന് പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ നീളുന്ന, ഉപേക്ഷിക്കപ്പെട്ട ഒരു തുരങ്കമുണ്ടെന്നും പറയപ്പെടുന്നു. 1885 മുതൽ 1924 വരെ തിരുവിതാംകൂർ ഭരിച്ച മൂലം തിരുനാൾ രാമ വർമയുടെ കാലത്താണ് ഈ കൊട്ടാരം പണികഴിച്ചത്. ബ്രിട്ടീഷ് പ്ലാന്ററായിരുന്ന ജെ ഡി മൻറോ ആണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചതെന്നും ചരിത്രം പറയുന്നു.

ഈ കൊട്ടാരത്തിന് വലിയ ടൂറിസം സാധ്യതകളുണ്ടെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സില്‍ (DTPC Idukki) സെക്രട്ടറി ജിതീഷ് ജോസിന്റെ വിലയിരുത്തൽ. ഇതൊരു സ്മാരകമായി പ്രഖ്യാപിച്ചാൽ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി മാറും. നിരവധി മലയാള സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

Legal permission needed