കുദ്രേമുഖ്, നേത്രാവതി ട്രെക്കിങ് ഇനി ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

kudremukh peak tripupdates

കര്‍ണാടകയിലെ ചിക്കമഗലൂരു ജില്ലയിലെ പ്രധാന പരിസ്ഥിതി ടൂറിസം കേന്ദ്രങ്ങളായ കുദ്രേമുഖ്, നേത്രാവതി കൊടുമുടികളിലേക്കുള്ള (Kudremukh and Netravati peaks) ട്രെക്കിങ്ങിന് കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് മുഖേന മുന്‍കൂട്ടി ടിക്കറ്റെടുക്കുന്നവരെ മാത്രമെ ട്രെക്കിങ്ങിന് അനുവദിക്കൂ. അനിയന്ത്രിതമായി സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെയാണ് നടപടി. ഒരു ദിവസം 300 പേരെ മാത്രമെ ട്രെക്കിങ്ങിന് അനുവദിക്കൂ. ഇതിനായി ഓണ്‍ലൈന്‍ മുഖേന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഒരാള്‍ക്ക് മൂന്ന് ടിക്കറ്റ് വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ജില്ലയിലെ ഹോംസ്റ്റേകള്‍ക്ക് പരിമിതമായ എണ്ണം ടിക്കറ്റുകള്‍ നല്‍കും. ഇത് ഇവിടെ തങ്ങുന്ന അതിഥികള്‍ക്കു വേണ്ടിയുള്ളതാണ്.

കുദ്രെമുഖ് നാഷനല്‍ പാര്‍ക്കിലുള്‍പ്പെട്ട ഈ പ്രധാന ട്രെക്കിങ് സ്‌പോട്ടുകളിലേക്ക് ആയിരക്കണക്കിന് ടൂറിസ്റ്റുകളും ട്രെക്കിങ് തല്‍പ്പരരുമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് വാരാന്ത്യങ്ങളില്‍ വലിയ വാഹനത്തിരക്കും സൃഷ്ടിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ കിലോമീറ്ററുകളോളം ദൂരം ഗതാഗതക്കുരുക്കും പതിവാണ്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ വനമേഖലയില്‍ ആള്‍ത്തിരക്കും വാഹനത്തിരക്കും പ്രകൃതിനാശത്തിന് കാരണമാകുമെന്ന് കണ്ടാണ് വനം വകുപ്പ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.

വിശദമായ പഠനം നടത്തിയാണ് ഒരു ദിവസം ട്രെക്കിങ്ങിന് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം 300ല്‍ പരിമിതപ്പെടുത്തിയത്. പുതിയ ബുക്കിങ് സംവിധാനം പ്രകാരം ജൂലൈയില്‍ ട്രെക്കിങ്ങ് നടത്തുന്നതിന് ഇന്നു മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യണം. വാരാന്ത്യങ്ങളില്‍ തല്‍ക്കാല്‍ ബുക്കിങും ലഭ്യമാണ്. എന്നാല്‍ അനുവദനീയമായ എണ്ണത്തില്‍ മാറ്റമുണ്ടാകില്ല. 100 ടിക്കറ്റുകളാണ് തല്‍ക്കാല്‍ ബുക്കിങ്ങിനായി മാറ്റിവെക്കുക. ഇതില്‍ 50 ടിക്കറ്റുകള്‍ സമീപവാസികള്‍ക്കും 50 ടിക്കറ്റുകള്‍ അവസാനമെത്തുന്നവര്‍ക്കുമാണ് നല്‍കുക. പ്രദേശവാസികള്‍ക്കും ഹോംസ്റ്റേകള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനായി പ്രത്യേക ലോഗിന്‍ നല്‍കും. ഇവര്‍ കുദ്രേമുഖ്, ബെല്‍ത്തംഗടി റേഞ്ച് ഓഫീസുകളില്‍ രേഖകള്‍ സമര്‍പ്പിക്കണം.

യാത്ര സംബന്ധമായ വാര്‍ത്തകൾക്ക് വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഗ്രൂപ്പുകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ ഹോംസ്റ്റേകള്‍ക്കോ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കോ ഓണ്‍ലൈനായി ബുക്കിങ് ചെയ്യാനാകില്ല. വ്യക്തിഗത രജിസ്‌ട്രേഷന്‍ മാത്രമെ അനുവദിക്കൂ. ട്രെക്കിങ്ങിനെത്തുന്നവര്‍ ചെക്കിങ് പോയിന്റില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ട്രെക്കിങ് ദിവസം സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ഓഫ്‌ലൈന്‍ ആയാണ് പണം അടക്കേണ്ടത്. ട്രെക്കിങ്ങിന് ഗൈഡിനെ കൂടി ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. 10 പേര്‍ക്ക് ഒരു ഗൈഡിനെ ലഭിക്കും. പ്ലാസ്റ്റിക് വേസ്റ്റുകളോ മറ്റു മാലിന്യങ്ങളോ വഴിയിലുപേക്ഷിക്കരുത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം.

എന്തെങ്കിലും കാരണത്താല്‍ ബുക്ക് ചെയ്ത ദിവസം ട്രെക്കിങ്ങിന് വരാന്‍ കഴിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ട്രെക്കിങ് ദിവസത്തിനു മുമ്പ് തന്നെ കാന്‍സല്‍ ചെയ്യണം. കാന്‍സല്‍ ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ഈ വ്യക്തിക്ക് ഇവിടെ ട്രെക്കിങ് വിലക്കേര്‍പ്പെടുത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്.

Legal permission needed