MONSOON ആഘോഷിക്കാം; ആകര്‍ഷകം KTDCയുടെ ഈ പാക്കേജുകള്‍

കൊച്ചി. കേരളം അതിന്റെ പൂര്‍ണ ഹരിതാഭ സൗന്ദര്യമണിഞ്ഞു നില്‍ക്കുന്ന മനോഹരമായ ടൂറിസം സീസണ്‍ ആണ് മണ്‍സൂണ്‍. മഴയും മഴക്കാലും ആഘോഷിക്കാന്‍ മികച്ചയിടമായ കേരളത്തിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മണ്‍സൂണ്‍ ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മൂന്നാര്‍, തേക്കടി, പൊന്‍മുടി, കുമരകം തുടങ്ങി സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുടുംബവുമൊത്ത് മണ്‍സൂണ്‍ ആഘോഷിക്കാന്‍ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (KTDC). വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കെടിഡിസി റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമാണ് താങ്ങാവുന്ന ചെവില്‍ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

കെടിഡിസിയുടെ ബജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം കുമരകം ഗേറ്റ് വേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ്, വയനാട്ടിലെ പെപ്പർ ഗ്രോവ് എന്നിവിടങ്ങളില്‍ 4,999 രൂപയ്ക്ക് രണ്ട് രാത്രികളും മൂന്ന് പകലുകളും ആഘോഷിക്കാം. മുതിർന്ന രണ്ടു പേർക്കും 12 വയസ്സിനു താഴെയുള്ള രണ്ടു കുട്ടികള്‍ക്കുമുള്ള നിരക്കാണിത്. പ്രീമിയം കാറ്റഗറി വേണമെങ്കിൽ 5,999 രൂപയാണ് നിരക്ക്. നിലമ്പൂരിലെ ടാമറിന്‍ഡ് ഈസി ഹോട്ടല്‍, മണ്ണാര്‍ക്കാടിലെ ടാമറിന്‍ഡ് ഈസി ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഈ പാക്കേജ് 3,499 രൂപയ്ക്ക് ലഭിക്കും.

പ്രീമിയം പ്രോപർട്ടികളായ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് & ഐലൻഡ് റിസോർട്ട് എന്നിവിടങ്ങളില്‍ 9,999 രൂപയാണ് മൺസൂൺ പാക്കേജ് നിരക്ക്. കുമരകത്തെ വാട്ടര്‍ സ്‌കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ടി എന്നിവിടങ്ങളില്‍ 11,999 രൂപയ്ക്കും ഈ പാക്കേജ് ലഭിക്കും. ഈ പാക്കേജുകളിൽ കാൻസലേഷൻ അനുവദിക്കുന്നില്ല.

ജൂണ്‍ മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഈ പാക്കേജുകള്‍ ലഭ്യമാകുക. വെള്ളി, ശനി അടക്കമുള്ള അവധി ദിവസങ്ങളിലും ഓണം സീസണായ ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 2 വരേയും ഈ പാക്കേജുകള്‍ ലഭിക്കില്ല. എല്ലാ നികുതികളും ബ്രേക്ക്ഫാസ്റ്റും പാക്കേജ് നിരക്കിൽ ഉൾപ്പെടും. ഈ പാക്കേജ് കുട്ടികളില്ലാതെ എത്തുന്ന ദമ്പതികൾക്കും ലഭ്യമാണ്. 12 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു കുട്ടി മാത്രമുള്ള കുടുംബത്തിനും ഈ പാക്കേജ് ലഭിക്കും. ചെക്ക് ഇൻ വേളയിൽ കുട്ടികളുടെ ജനനത്തീയതി തെളിയിക്കുന്ന രേഖ ഹാജരാക്കണം. ആവശ്യമായ ഭക്ഷണവും ആയുർവേ മസാജും 10 ശതമാനം നിരക്ക് ഇളവോടെ ലഭിക്കും.

റിട്ടയര്‍മെന്റ് ആഘോഷിക്കാന്‍ മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്കും കെടിഡിസി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് രാത്രികളും നാല് പകലും താമസം, ഭക്ഷണം ഉള്‍പ്പെടെ 13,500 രൂപയിലാണ് ഈ പാക്കേജുകള്‍ ആരംഭിക്കുന്നത്. റിസോര്‍ട്ടുകള്‍ക്കനുസരിച്ച് നിരക്കുകളില്‍ മാറ്റമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെടിഡിസി ഹോട്ടലുകളില്‍ അന്വേഷിക്കാം. വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

ഫോണ്‍: 0471 2316736, 2725213 / 9400008585
ഇമെയില്‍: centralreservations@ktdc.com

Legal permission needed