KSRTCയുടെ നവകേരള ബസ് ഇന്ന് ഓട്ടം തുടങ്ങും; ഫീച്ചറുകള്‍ ഇങ്ങനെ

nava kerala bus trip updates

കാസര്‍കോട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരുമിച്ച് സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നതിന് KSRTC പ്രത്യേകമായി പുറത്തിറക്കിയ നവകേരള ആഡംബര ബസ് ഇന്ന് ഓട്ടം തുടങ്ങും. ബെംഗളൂരുവിലെ പ്രശസ്ത ബസ് ബോഡി നിര്‍മ്മാതാക്കളായ പ്രകാശ് ആണ് ഭാരത് ബെന്‍സിന്റെ ഷാസിയില്‍ ആഡംബര ഫീച്ചറുകളോടെ നവകേരള ബസ് രൂപകല്‍പ്പന ചെയതത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഹിച്ച് ഈ ബസ് ശനിയാഴ്ച യാത്ര ആരംഭിക്കും. പര്യടനം കഴിഞ്ഞാല്‍ പിന്നീട് ഈ ബസ് കെഎസ്ആര്‍ടിസിയുടെ ടൂറിസം ആവശ്യങ്ങള്‍ക്കും വി.ഐ.പി യാത്രകള്‍ക്കുമാണ് ഉപയോഗിക്കുകയെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് ബസ് മഞ്ചേശ്വരത്ത് എത്തിയത്. ബസിന്റെ നിറം ഡാർക്ക് ബ്രൗണ്‍ ആണ്‌. വശങ്ങളിലും പിൻഭാഗത്തുമായി ഗോൾഡൻ നിറത്തിലുള്ള ലൈനുകളും കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളേയും സാംസ്കാരിക പാരമ്പര്യത്തേയും സൂചിപ്പിക്കുന്ന ആർട്ട് വർക്കുകളും ബോഡിയിലുണ്ട്. സർക്കാർ വാഹനമെന്ന മുദ്രയും കെഎസ്ആർടിസി ലോഗോയും കേരള ടൂറിസത്തിന്റെ മുദ്രയും ഔദ്യോഗിക പരസ്യ വാചകമായ Kerala God’s Own Country എന്നും ബസിൽ മുദ്രണം ചെയ്തിട്ടുണ്ട്. പൂർണമായും ശീതീകരിച്ച ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഹൈഡ്രോളിക് ലിഫ്റ്റുണ്ട്. 25 സീറ്റുകളുള്ള ബസിൽ ബയോടോയ്ലെറ്റുമുണ്ട്. നിർത്തിയിടുന്ന സമയത്ത് എ.സി പ്രവർത്തിപ്പിക്കാൻ പുറത്തു നിന്നുള്ള വൈദ്യുതി ഉപയോഗിക്കാം. കോഫി, ടീ മേക്കർ പോലുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാവുന്ന ഇൻവെർട്ടർ സംവിധാനമുണ്ട്.

വി.ഐ.പി യാത്രകൾക്കായി കെഎസ്ആർടിസിയുടെ ആദ്യ ബസ് എന്ന നിലയിൽ ടൂറിസ്റ്റ് ബസുകൾക്കുള്ള ചട്ടങ്ങളിൽ ഈ ബസിനു വേണ്ടി മാത്രം സർക്കാർ ചില ഇളവുകൾ നൽകി ഉത്തരവിറക്കിയിരുന്നു. കോൺട്രാക്ട്‌ ക്യാരേജ് ബസുകൾക്കു നൽകേണ്ട വെള്ള നിറം ഈ ബസിനു ബാധകമല്ല. സുരക്ഷയ്ക്കായും പ്രത്യേക ക്രമീകരങ്ങൾ ഉണ്ട്. 1.5 കോടി രൂപ ചെലവിലാണ് സർക്കാർ ഈ ബസ് പുറത്തിറക്കിയത്. KL 15 A 2689 ആണ് ബസിന്റെ രജിസ്ട്രേഷൻ നമ്പർ. രണ്ടാഴ്ച മുമ്പ് ബസ് കേരളത്തിലെത്തിച്ച് രജിസ്ട്രേഷനും നിർബന്ധ പരിശോധനയും പൂർത്തിയാക്കി അവസാന മിനുക്കു പണികൾക്കായി വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടു പോയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed