കൊച്ചി. KSRTC എന്നത് ബസ് സര്‍വീസിന്റെ പര്യായമായാണ് നാമെല്ലാവരും മനസ്സിലാക്കിയിട്ടുള്ളത്. ബസുകള്‍ ഓടിച്ചതു കൊണ്ടു മാത്രം നിലനില്ക്കാന് കഴിയില്ലെന്ന തിരിച്ചറിവുണ്ടായതിനാല്‍ ഏതാനും വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി തങ്ങളുടെ ബിസിനസ് വൈവിധ്യവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ബജറ്റ് ടൂറിസം സര്‍വീസുകളും കുറിയര്‍ സര്‍വീസുമെല്ലാം ഇങ്ങനെയാണ് വരുന്നത്. ഇവ വലിയ വിജയമാകുകയും ചെയ്തു. വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു. ഈ സേവനത്തിന് ആവശ്യക്കാരേറിയതോടെ ദിവസം ഒന്നരം ലക്ഷം രൂപയോളം ഇതുവഴി വരുമാനവും ലഭിക്കുന്നുണ്ട്.
ഇക്കൂട്ടത്തിലേക്ക് പുതിയൊരു സേവനം കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി. ബൈക്ക് സര്‍വീസാണിത്. അതായത്, ബൈക്കുകളും സ്കൂട്ടറുകളും ബസില്‍ കയറ്റി ദൂര സ്ഥലങ്ങളിലെത്തിക്കുന്ന ലോജിസ്റ്റിക്സ് സേവനമാണിത്. ട്രെയിനുകളിലും സ്വകാര്യ കമ്പനികളും ഈ സേവനം നല്‍കുന്നുണ്ടെങ്കിലും അവരേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഈ സേവനം എങ്ങനെ അവതരിപ്പിക്കാമെന്നാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കൂറിയര്‍ സേവനത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ലോജിസ്റ്റിക്സ് സേവനം വിപുലപ്പെടുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
ബൈക്കുകള്‍ കൊണ്ടു പോകാന്‍ മാത്രമായി പ്രത്യേകം തയാറാക്കിയ ബൈക്ക് എക്സ്പ്രസ് ബസുകള്‍ നിരത്തിലിറക്കും. പഴയ ബസുകള്‍ ഇതിനായി ഉപയോഗിക്കാനാണ് പ്ലാന്‍. ഈ പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ല. സംസ്ഥാനത്തുടനീളമുള്ള കെഎസ്ആര്‍ടിസിയുടെ സേവന ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും റോഡുമാര്‍ഗമുള്ള മികച്ച കണക്ടിവിറ്റിയും പ്രയോജനപ്പെടുത്തിയാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്.