ഫ്രണ്ട് ഓഫീസുകളുമായി മുഖം മിനുക്കി KSRTC; കുറിയർ സേവനവും വ്യാപിപ്പിക്കുന്നു

കൊച്ചി. എല്ലാ കാലത്തും നഷ്ടക്കണക്കുകൾ മാത്രം പറയാനുള്ള കെഎസ്ആർടിസ് വൈവിധ്യ വൽക്കരണത്തിലൂടെ പ്രതിച്ഛായ തന്നെ മാറ്റുകയാണ്. ബജറ്റ് ടൂറിസം പാക്കേജുകൾ അവതരിപ്പിച്ച് വിജയം കണ്ടതോടെ ഇപ്പോൾ കുറിയർ സർവീസിനും ഫ്രണ്ട് ഓഫീസ് സേവനങ്ങൾക്കും KSRTC തുടക്കമിട്ടു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ നേരിട്ട് അറിയുന്നതിനും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സംശയ ദൂരീകരണത്തിനുമാണ് എല്ലാ കെഎസ്ആർടിസി സ്റ്റാൻഡുകളിലും ഫ്രണ്ട് ഓഫീസുകൾ ആരംഭിക്കുന്നത്. കേരളത്തിലെ ആദ്യത്തെ കെഎസ്ആർടിസി ഫ്രണ്ട് ഓഫീസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ജൂൺ 14ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജൂൺ 15ന് ആരംഭിച്ച കുറിയർ ആന്റ് ലോജിസ്റ്റിക്സ് സേവനം കൂടുതൽ ജില്ലകളിലേക്ക് വിപുലീകരിച്ച് വരികയാണ്.

കെഎസ്ആർടിസിയുടെ ബസ് സർവീസുകൾ, ഓൺലൈൻ റിസർവേഷൻ, കൊറിയർ & ലോജിസ്റ്റിക്സ്, ബജറ്റ് ടൂറിസം പാക്കേജുകൾ എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫ്രണ്ട് ഓഫീസുകൾ വഴി പൊതുജനങ്ങൾക്ക് ലഭിക്കും. ബസുകളിൽ പരസ്യം നൽകുന്നതു സംബന്ധിച്ച വിവരങ്ങളും ഈ ഓഫീസുകൾ വഴി അറിയാം. സംസ്ഥാനത്ത് എവിടേക്കും കുറിയർ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഫ്രണ്ട് ഓഫീസുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് വീൽ ചെയർ ഉൾപ്പെടെയുള്ള സഹായങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ പ്രഥമ ശുഷ്രൂശയ്ക്കും ആവശ്യമായ സഹായങ്ങൾക്ക് ഫ്രണ്ട് ഓഫീസിനെ സമീപിച്ചാൽ മതി. അപ്പർ ക്ലാസ് ബസുകളിൽ സീറ്റ് ലഭ്യമാണെങ്കിൽ ബസ് മാറ്റി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാനും അധിക തുക അടക്കാനും ഫ്രണ്ട് ഓഫീസിൽ സൗകര്യമുണ്ട്.

ബജറ്റ് ടൂറിസം പാക്കേജുകളുമായി ബന്ധപ്പെട്ട വിവരങ്ങളും, കെഎസ്ആർടിസി ബസുകൾ സ്വകാര്യ യാത്രകൾക്ക് വാടകക്ക് നൽകുന്നത് സംബന്ധിച്ച വിവരങ്ങളും ഫ്രണ്ട് ഓഫീസിൽ നിന്നും അറിയാം. കേരളത്തിന് പുറമെ ബാംഗ്ലൂർ, മൈസൂർ, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കും.

രണ്ടാം ഘട്ടത്തിൽ ഡോർ ടു ഡോർ കുറിയർ സേവനവും ആരംഭിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കുറിയർ, പാഴ്സൽ കൈമാറാൻ കഴിയുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. ഡിപ്പോയിലെ കുറിയർ സർവീസ് ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും. പാഴ്സൽ അയയ്ക്കേണ്ടയാളുടെയും സ്വീകരിക്കേണ്ടയാളുടെയും വിലാസം പാഴ്സലിൽ രേഖപ്പെടുത്തണം. തിരിച്ചറിയൽ രേഖ നിർബന്ധമാണ്. അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മൊബൈൽ നമ്പറിലേക്ക് മെസേജായി അപ്ഡേറ്റ് ലഭിക്കും. തിരിച്ചറിയൽ കാർഡുമായി ഡിപ്പോയിൽ നിന്നു സ്വീകരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed