രാത്രി പത്ത് കഴിഞ്ഞാല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെ എസ്‌ ആർ ടി സി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി.
സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇതു ബാധകമാണ്. ‘മിന്നൽ’ ബസുകൾ ഒഴികെ എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ നിർത്തണമെന്നാണ് നിർദേശം. മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയിൽ കെ എസ് ആർ ടി സി എം ഡി കർശനനിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീടും രാത്രി ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികൾ വ്യാപകമായതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദേശിച്ചത്.
പാലക്കാട് – കോഴിക്കോട് റൂട്ടിൽ രാത്രി പത്തിന് ശേഷം സർവീസ് നടത്തുന്ന ബസുകളെല്ലാം യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കാറുണ്ട്. ഇത് യാത്രക്കാരെ സംബന്ധിച്ചേടത്തോളം ഏറെ ഗുണകരമാണ്. ഇതു കാരണം ഈ റൂട്ടിൽ കെ എസ് ആർ ടി സിയിൽ നല്ല തിരക്കും അനുഭവപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed