KOZHIKODE-MUSCAT പ്രതിദിന സർവീസുമായി SALAM AIR; തിരുവനന്തപുരം ഉടൻ

tripupdates

കോഴിക്കോട്. ഒക്ടോബറില്‍ ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ച ഒമാനി ബജറ്റ് വിമാന കമ്പനിയായ SALAM AIR ഞായറാഴ്ച മുതല്‍ കോഴിക്കോട്-മസ്‌കത്ത് (KOZHIKODE-MUSCAT) സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. എല്ലാ ദിവസവും സര്‍വീസുണ്ട്. കോഴിക്കോടിനു പുറമെ തിരുവനന്തപുരം, ജയ്പൂര്‍, ലഖ്‌നൗ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കും പുതിയ സര്‍വീസുകളുണ്ട്.

കോഴിക്കോട് നിന്ന് പുലര്‍ച്ചെ 4.05ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ ആറു മണിക്ക് മസ്‌കത്തില്‍ ഇറങ്ങും. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30നാണ് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.20ന് ഇറങ്ങും. 8500 രൂപ മുതല്‍ 11500 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. തിരക്കുള്ള ദിവസങ്ങളില്‍ നിരക്കില്‍ മാറ്റമുണ്ടാകും. ഏഴ് കിലോ ഹാന്‍ഡ് ബാഗേജും 20 കിലോ ചെക്ക് ഇന്‍ ലഗേജും അനുവദിക്കും. 2000 രൂപ വരെ അധികമായ നല്‍കിയാല്‍ ചെക്ക് ഇന്‍ ലഗേജ് 30 കിലോ വരെ അനുവദിക്കും.

തിരുവനന്തപുരത്തു നിന്ന് മസ്‌ക്കത്തിലേക്ക് നേരിട്ടുള്ള സര്‍വീസ് ജനുവരി നാല് മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രണ്ട് സര്‍വീസാണുള്ളത്. ഡിസംബര്‍ 18 മുതലാണ് ഹൈദരാബദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുന്നത്.

ഒമാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സലാലയിലേക്ക് കോഴിക്കോട് നിന്ന് സലാം എയര്‍ നേരിട്ടുള്ള സര്‍വീസ് നടത്തിയിരുന്നു. ഒക്ടോബര്‍ മുതലാണ് ഇതു നിര്‍ത്തിവച്ചത്. ഇത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ഈ സര്‍വീസും പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഒമാന്‍ വഴി സൗദി, യുഎഇ എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ യാത്രയ്ക്കും സലാം എയര്‍ അവസരമൊരുക്കും.

Legal permission needed