കൊളുക്കുമലയെ ചേർത്തുപിടിച്ച് സഞ്ചാരികൾ; വിലക്ക് വരും മുമ്പ് അനുഭവിച്ചറിയം ഈ ട്രെക്കിങ്

മൂന്നാർ. അതിമനോഹര സൂര്യോദയ, അസ്തമയ കാഴ്ചകളും നല്ലൊരു ട്രെക്കിങ് അനുഭവവും നൽകുന്ന കൊളുക്കുമലയെ (Kolukkumalai) ട്രെക്കിങ് നിരോധന ഭീഷണിയിലും കൈവിടാതെ വിനോദ സഞ്ചാരികൾ. ഹൈക്കോടതി നിയോഗിച്ച സമിതിയുടെ നിർദേശം അംഗീകരിക്കപ്പെട്ടാൽ ഈ മലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം വൈകാതെ നിരോധിച്ചേക്കാം. എന്നാൽ വിലക്കു ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ വരവിൽ ഒരു കുറവുമില്ല. ഇനിയൊരിക്കലും കാണാൻ കഴിയാതെ പോയേക്കാവുന്ന ആ മനോഹര കാഴ്ചകളും അനുഭവവും ഒരിക്കലും മിസ് ചെയ്യരുതെന്ന് ഉറപ്പിച്ചാണ് സഞ്ചാരികളെത്തുന്നത്.

പ്രവേശന വിലക്ക് ഭീഷണി കാരണം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് അവധി ദിവസങ്ങളിൽ ട്രെക്കിങ്ങിനായി ഇവിടെ എത്തുന്നത്. ഇവർക്ക് സഹായത്തിനായി ഡിടിപിസിയും ഉണ്ട്. കൊളുക്കുമല സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരത്തിലാണ്. ഇവിടെ മേഘങ്ങളെ തൊട്ടുതലോടി അതിമനോഹര പ്രകൃതിദൃശ്യങ്ങളും സൂര്യന്റെ ഭാവങ്ങളും കണ്ടാസ്വദിക്കാം.

ഓണത്തിനും കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ്. സ്വാതന്ത്ര്യദിനത്തോട് അടുപ്പിച്ചു വന്ന മൂന്ന് അവധി ദിവസളിൽ കൊളുക്കുമലയിൽ ട്രെക്കിങിനെത്തിയത് 4,409 വിനോദ സഞ്ചാരികളാണ്. ഓരോ ദിവസവും ശരാശരി 1400ലേറെ പേരെത്തി. ഓണാവധി ദിവസങ്ങളിലും ഇങ്ങോട്ട് സഞ്ചാരികളുടെ ഒഴുക്കായിരിക്കും.  

കൊളുക്കുമലയിലേക്കുള്ള വഴി

ഇടുക്കി ജില്ലയിലെ സൂര്യനെല്ലി ടൗണിൽ നിന്ന് 15 കിലോമീറ്റർ ഓഫ് റോഡ് മാത്രമാണ് കൊളുക്കുമലയിലെത്താനുള്ള വഴി. സുര്യനെല്ലിയിൽ നിന്ന് ജീപ്പ് സഫാരികൾ ഉണ്ട്. 2500 രൂപയാണ് ഓഫ് റോഡ് ജീപ്പ് സഫാരി വാടക. രാവിലെ 4.30 മുതൽ വൈകുന്നേരം 5 വരെയാണ് സർവീസ്. കൊച്ചിയിൽ നിന്ന് വരുന്നവർക്ക് കോതമംഗലം, അടിമാലി, മൂന്നാർ വഴി ചിന്നക്കനാലിൽ എത്തിയ ശേഷം അവിടെ നിന്ന് സൂര്യനെല്ലിയിലെത്താം. കോട്ടയത്തു നിന്നുള്ള സഞ്ചാരികൾക്ക് പാലാ, തൊടുപുഴ, അടിമാലി, മൂന്നാർ, ചിന്നക്കനാൽ വഴി സൂര്യനെല്ലിയിൽ എത്താം. കുമളി ഭാഗത്തു നിന്ന് വരുന്നവർക്ക് നെടുങ്കണ്ടം, ഉടുമ്പൻചോല, പൂപ്പാറ, ചിന്നക്കനാൽ വഴിയും സൂര്യനെല്ലിയിൽ എത്തിച്ചേരാം.

കോട്ടയത്തു നിന്നു പാലാ, താെടുപുഴ, അടിമാലി, മൂന്നാർ വഴി ചിന്നക്കനാലിൽ എത്തിയ ശേഷം അവിടെ നിന്ന് സൂര്യനെല്ലിയിൽ എത്താം. എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്ക് കോതമംഗലം, അടിമാലി വഴി മൂന്നാറിലും അവിടെ നിന്ന് ചിന്നക്കനാലിലും എത്താം. കുമളി ഭാഗത്തു നിന്നു നെടുങ്കണ്ടം, ഉടുമ്പൻചോല, പൂപ്പാറ വഴി ചിന്നക്കനാലിലും സൂര്യനെല്ലിയിലും എത്തിച്ചേരാം.

വിലക്കിന്റെ ഭാവി

വന്യജീവികൾ ജനവാസ മേഖലയിൽ ഇങ്ങുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് കൊളുക്കുമലയിലേക്കുള്ള ട്രക്കിങ് നിരോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇവിടെ നടക്കുന്ന ഓഫ് റോഡ് ജീപ്പ് സഫാരികൾ പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സമിതി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കൂടാതെ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്നും സമിതി റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ റിപോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഓണത്തിന് ശേഷമായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.

Legal permission needed