കൊച്ചി വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം ലക്ഷം കടന്നു

കൊച്ചി. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ സർവീസ് പ്രവർത്തനം തുടങ്ങി ആദ്യ 12 ദിവസത്തിനുള്ളിൽ ഒരു ലക്ഷം യാത്രക്കാരെന്ന റെക്കോഡ് നേട്ടം കൈവരിച്ചു. ആദ്യ ദിവസം തൊട്ട് ഞായറാഴ്ച വൈകീട്ട് അഞ്ചു മണി വരെ 1,06,528 പേരാണ് ഹൈകോർട്ട്- വൈപ്പിൻ, വൈറ്റില- കാക്കനാട് റൂട്ടുകളിൽ ഇതിനകം യാത്ര ചെയ്തത്. ആദ്യ ആഴ്ച തന്നെ അര ലക്ഷത്തിലേറെ യാത്രാക്കാരെ ആകർഷിക്കാൻ കെച്ചി വാട്ടർ മെട്രോയ്ക്ക് കഴിഞ്ഞിരുന്നു.

കൊച്ചി നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് സുഗമമായി യാത്രാ ചെയ്യാമെന്നതാണ് ഈ ലോകോത്തര ബോട്ട് സർവീസിന്റെ പ്രത്യേകത. ഇപ്പോൾ യാത്ര ചെയ്യുന്നവരിലേറെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദ യാത്രക്കാരാണ്. സാധാരണ യാത്രക്കാർ താരതമ്യേന കുറവാണ്. ഇതൊരു ടൂറിസം സർവീസ് അല്ലെങ്കിലും കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ് വാട്ടർ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചിയിലെ പ്രധാന 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ വികസനം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ രണ്ട് റൂട്ടുകളിൽ മാത്രമാണ് സർവീസ്. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഫോർട്ട് കൊച്ചി ഉൾപ്പെടെ പുതിയ റൂട്ടുകളിലുള്ള സർവീസ് അടുത്ത ഘട്ടങ്ങളിലായി ആരംഭിക്കും.

ഹൈക്കോർട്ട്- വൈപ്പിൻ യാത്രക്ക് 20 രൂപയും വൈറ്റില- കാക്കനാട് റൂട്ടിൽ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ചത്തേക്കുള്ള പാസിന് 180 രൂപയും ഒരു മാസത്തേക്കുള്ള പാസിന് 600 രൂപയും ത്രൈമാസ പാസിന് 1,500 രൂപയുമാണ് നിരക്ക്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ഒറ്റത്തവണ യാത്രാ ടിക്കറ്റും പാസുകളും ലഭിക്കും.

കൂടാതെ കൊച്ചി മെട്രോ ട്രെയ്ൻ യാത്രയ്ക്കുപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. കൊച്ച് വൺ ആപ്പ് മുഖേനയും ടിക്കറ്റെടുക്കാം. കൊച്ചി മെട്രോ റെയിലിന് അനുബന്ധമായി നടപ്പാക്കിയ വാട്ടർ മെട്രോ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് (KMRL).

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed