Kilimanjaro Expedition 4: ബാറാങ്കോ മതിൽ എന്ന അഗ്നിപരീക്ഷയും മരണവക്കിലെ നടത്തവും

✍🏻 അഭിലാഷ് മാത്യു

കിളിമഞ്ചാരോ (Kilimanjaro) പർവതാരോഹണത്തിന്റെ നാലാം ദിവസം: ബാറാങ്കോ ക്യാമ്പിലേക്ക്

സമുദ്രനിരപ്പിൽ നിന്നും 3,960 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാറാങ്കോ ക്യാമ്പിൽ ആയിരുന്നു കഴിഞ്ഞ രാത്രി. ഉയരത്തിലേക്ക് പോകുന്നതിനനുസരിച്ചു അസഹനീയ തണുപ്പാണ്. ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ക്ഷീണം ഒരു വശത്തും ദീർഘദൂര നടത്തത്തിന്റെ ക്ഷീണം മറുവശത്തും. നാലാം ദിവസം ആയ ഇന്ന് ഒരു അഗ്നിപരീക്ഷ നേരിടാനുണ്ട്. അതാണ് ബാറാങ്കോ മതിൽ. കിളിമഞ്ചാരോ കീഴടക്കാൻ വരുന്ന ഒരാൾക്ക് അതിനു സാധിക്കുമോ ഇല്ലയോ എന്ന് ഗൈഡ് വിലയിരുത്തുന്ന സ്ഥലമാണ് ബാറാങ്കോ മതിൽ. ഏകദേശം 230 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിനിർമ്മിത മതിലാണിത്. ഒരാൾക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന പാത. ഒരു സൈഡിൽ പാറക്കെട്ടും മറുവശം താഴ്ചയുള്ള കൊക്കയും. സൂക്ഷിച്ചില്ലെങ്കിൽ താഴെവീണു മരണം വരെ സംഭവിക്കാവുന്ന അതിഭയാനകമായ ബാറാങ്കോ മതിൽ. ഇന്നത്തെ യാത്ര തുടങ്ങുന്നത് ബാറാങ്കോ മതിൽ കയറി വേണം.

ഇന്നലെ പറഞ്ഞുറപ്പിച്ചതുപോലെ ഞാനും ഇസ്സയും രാവിലെ പതിവിലും നേരത്തെ നടത്തം തുടങ്ങി. മതിലിൽ അധികം ആളുകൾ കയറാൻ വരുന്നതിനു മുന്നേ എനിക്കത് കയറി തീർക്കണം. നല്ലൊരു മരപ്പാലം കടന്ന് ഞാൻ ബാറാങ്കോ മതിലിന്റെ ചുവട്ടിൽ എത്തി. ചുമ്മാ ഒന്ന് മുകളിലേയ്ക്കു നോക്കി. തല കറങ്ങുന്നതുപോലെ തോന്നി. മതിലിന്റെ മുകൾ ഭാഗം ചുവട്ടിൽ നിന്നും ദൃശ്യമല്ല. നല്ല കറുത്ത പാറക്കെട്ടുകളാണ്. താഴ്ഭാഗത്തു നല്ല മഞ്ഞപൂക്കളുടെ ഒരു തോട്ടം തന്നെ ഉണ്ട്. ബാറാങ്കോ മതിലിനും ബാറാങ്കോ ക്യാമ്പിനുമിടയിൽ അതിരിട്ട് ചെറിയൊരു അരുവിയും.

ഞാൻ വളരെ പതുക്കെ കയറാൻ തുടങ്ങി. മിക്കയിടത്തും കയ്യും കാലും ഉപയോഗിച്ച് വേണം കയറാൻ. നല്ല ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഇസ്സ ആദ്യം കയറി കാണിക്കുന്നുണ്ട്. അതുനോക്കി അതുപോലെ തന്നെ ഞാനും കയറിപോകും. അങ്ങനെ ഏകദേശം പകുതിയോളം ആയപ്പോൾ മുൻപിൽ വലിയൊരു പാറ വഴിമുടക്കി നിൽക്കുന്നു. എനിക്ക് നടക്കേണ്ട പാതയിൽ ആണ് പാറ. ഞാൻ ഇസ്സയെ നോക്കി. പുള്ളി പറഞ്ഞു: “ഇതാണ് കിസ്സിങ് റോക്ക്. രണ്ടു കൈകൊണ്ടും പാറയെ കെട്ടിപിടിച്ച്‌ പാറയിൽ ഒരു ഉമ്മ വച്ച് വേണം കടക്കാൻ.” ഇസ്സ ആദ്യം കടന്ന് കാണിച്ചു. മനസ്സിൽ ചെറിയൊരു പേടി വന്നെങ്കിലും പാറയെ വട്ടം പിടിച്ച് ഉമ്മവച്ചു ഞാൻ ആ ഭാഗം കടന്നു. യാത്രികരിൽ കുറേപേർ തിരിച്ചു പോകുന്ന ഭാഗം കൂടി ആണിവിടം.

അങ്ങനെ നീണ്ട ഒരു മണിക്കൂർ നേരത്തെ കയ്യും കാലും ഉപയോഗിച്ചുള്ള അള്ളിപ്പിടിച്ചു കയറ്റത്തിന് ശേഷം ഞാൻ ബാറാങ്കോ മതിലിന്റെ മുകളിൽ എത്തി. ഇസ്സ അപ്പോൾ പറഞ്ഞു “ഇത്രയും വേഗത്തിൽ നീ ഈ മതിൽ കയറും എന്ന് കരുതിയില്ല. നമുക്ക് ഏഴു ദിവസം എന്നുള്ളത് ആറ് ദിവസത്തിൽ കിളിമഞ്ചാരോ കീഴടക്കി താഴെ എത്താൻ സാധിക്കും. ഇന്ന് നേരെ ബേസ് ക്യാമ്പിലേക്ക് പോകാം.” എന്റെ ആത്മവിശ്വസം കൂട്ടിയ വാക്കുകൾ. പ്ലാൻ അനുസരിച്ച് ആണെങ്കിൽ ഇന്ന് രാത്രി നിൽക്കേണ്ടത് നാലായിരം മീറ്റർ ഉയരത്തിൽ ഉള്ള കറങ്ങാ ക്യാമ്പിൽ ആണ്. പക്ഷെ ഗൈഡ് ഇസ്സ തന്ന ആത്മവിശ്വാസത്തിൽ ഞാൻ കറങ്ങാ ക്യാമ്പിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചിട്ട് നേരെ ബാറാഫു ക്യാമ്പ് അഥവാ ബേസ് ക്യാമ്പിലേക്ക് പോകാൻ തീരുമാനിച്ചു. 4650 മീറ്റർ ആണ് ബാറാഫു ക്യാമ്പിന്റെ ഉയരം. അവിടെ നിന്നും നാളെ അതിരാവിലെ കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന ഉഹ്‌റു പീക്കിലേക്ക് പോകാൻ തീരുമാനിച്ചു.

കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഞാൻ കറങ്ങ ക്യാമ്പിലേക്ക്  നടത്തം തുടർന്നു. ആൽപൈൻ ഡെസേർട്ട് വഴിയാണ് നടത്തം. ചുറ്റിലും ചെറിയ പാറക്കൂട്ടങ്ങൾ മാത്രം. വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി. പടുകൂറ്റൻ കയറ്റങ്ങളും ഇറക്കങ്ങളും. ഇടയ്ക്ക് സമതലനിരപ്പും. നടത്തം ആസ്വദിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും കിളിമഞ്ചാരോ നിങ്ങളെ സന്തോഷിപ്പിക്കും. അങ്ങനെ നീണ്ട നാലുമണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ഞാൻ കറങ്ങാ ക്യാമ്പിൽ എത്തി. കറങ്ങാ ക്യാമ്പിന്റെ താഴെ ഒരു അരുവി ഉണ്ട്. അതാണ് കിളിമഞ്ചാരോ യാത്രയിലെ വെള്ളം കിട്ടുന്ന അവസാനത്തെ സ്രോതസ്സ്. നമ്മുടെ പോർട്ടർമാർ ഇവിടെനിന്നും അടുത്ത രണ്ടുദിവസത്തേയ്ക്ക് വേണ്ട വെള്ളം ശേഖരിച്ചു ക്യാമ്പിലേക്ക് ചുമന്നു കയറ്റും.

കറങ്ങാ ക്യാമ്പിൽ നിന്നും ഉച്ചഭക്ഷണത്തിനു ശേഷം നേരെ ബേസ് ക്യാംപിലേക്കുള്ള നടത്തം ആരംഭിച്ചു. സമയം ഒരു മണി ആയിട്ടുണ്ട്. വീണ്ടും നാലുമണിക്കൂർ നടത്തം ഉണ്ട് ബേസ് ക്യാമ്പിലേക്ക്. ബേസ് ക്യാമ്പിലെ ഓക്സിജന്റെ അളവ് അറുപത്തിനും എഴുപത്തിനും ഇടയിൽ ആയിരിക്കും എന്ന് ഇസ്സ പറഞ്ഞിട്ടുണ്ട്. എനിക്ക് നല്ല രീതിയിൽ തലവേദന ആരംഭിച്ചിട്ടുണ്ട്. ബേസ് ക്യാമ്പിൽ എത്തുമ്പോൾ അത് കൂടാൻ സാധ്യത ഉണ്ട്. പക്ഷേ, അവിടെ എത്തി നന്നായിട്ടൊന്നുറങ്ങിയാൽ അതെല്ലാം പൊയ്‌ക്കോളും എന്ന് പറഞ്ഞു നമ്മുടെ ഗൈഡ് കൂടെ നടക്കുന്നുണ്ട്. കറങ്ങാ ക്യാമ്പിൽ നിന്നും ബേസ് ക്യാംപിലേക്കുള്ള യാത്ര വളരെ ദുർഘടം ആയിരുന്നു. ഒരു പുൽനാമ്പുപോലും കാണാനില്ല. വരണ്ടു കിടക്കുന്ന പ്രദേശം. ശക്തമായി വീശി അടിക്കുന്ന കാറ്റ്. ഒരു വശത്ത് ഒറ്റയാനെപ്പോലെ നിൽക്കുന്ന കിളിമഞ്ചാരോ. ഞാൻ വളരെ പതുക്കെ നടന്നുകൊണ്ടിരിന്നു.

കുറേദൂരം ചെന്നപ്പോൾ ബേസ് ക്യാമ്പിന്റെ വിദൂര ദൃശ്യം കാണ്ടു തുടങ്ങി. പക്ഷേ നടന്നിട്ടും നടന്നിട്ടും അവിടേയ്ക്ക് എത്തുന്നില്ല. നടന്നും, ഇരുന്നും, കിതച്ചും, വെള്ളം കുടിച്ചും അവസാനം ഞാൻ ബേസ് ക്യാമ്പിൽ നാലുമണിയോടെ എത്തി. തലപൊട്ടുന്ന വേദന ആണ്. കൂടെ ശ്വാസംമുട്ടലും. നേരെ എന്റെ കൂടാരത്തിലേയ്ക്ക് കയറി. മറ്റുള്ള ക്യാമ്പുകളെ അപേക്ഷിച്ചു ബേസ് ക്യാമ്പിൽ സൂര്യൻ അസ്തമിക്കുന്നതിനു മുന്നേ തന്നെ കൊടുംതണുപ്പാണ്. കിളിമഞ്ചാരോയുടെ മുകളിൽ ഉള്ള ഐസ് പാളികളിൽ കൂടി അലയടിച്ചു വരുന്ന കാറ്റിനു തണുപ്പ് കൂടിയില്ലെങ്കിലേ അതിശയമുള്ളൂ. ഞാൻ കൂടാരത്തിൽ തന്നെ കിടന്നു. പുറത്ത് ഹോലികോപ്റ്റർ പറക്കുന്ന ശബ്ദം കേൾക്കാം. മിക്കവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുന്ന സ്ഥലം ആണ് ബേസ് ക്യാമ്പ്. അങ്ങനെ ഉള്ള ആരെയോ കൊണ്ടുപോകാൻ വന്നതാണ് ആ ഹെലികോപ്റ്റർ.

ആറുമണിയോടെ ഭക്ഷണം കഴിച്ചു. നാളെ രാവിലെ മൂന്നുമണിക്ക് കിളിമഞ്ചാരോയുടെ മുകളിലേയ്ക്ക് കയറണം. ഉഹ്‌റു പീക്കിനെ ഉമ്മവച്ചു മടങ്ങണം. ഞാൻ വന്നതിനു ഒരു ഫലം ഉണ്ടാവണം. ഇത്രയും ദിവസത്തെ എന്റെ കഷ്ടപ്പാടിന്റെ ഫലം നാളെ ആണ് കിട്ടാൻ പോകുന്നത്. ത്രിവർണ്ണ പതാക മടക്കി ഞാനെന്റെ ബാഗിൽ ആദ്യമേ വെച്ചു. രാവിലെ പോകേണ്ട എല്ലാ വസ്ത്രങ്ങളും ഇട്ട് ഞാനെന്റെ കൂടാരത്തിൽ കിടന്നു. പുറത്ത് അതിശക്തമായ കാറ്റാണ്. ഇത്രയും ഉയരത്തിൽ ഉറക്കം വരാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എങ്കിലും നാളെ കിളിമഞ്ചാരോ പർവ്വതത്തിന്റെ ഏറ്റവും ഉയരത്തിൽ നിന്നുള്ള സൂര്യോദയം സ്വപ്നം കണ്ടുകൊണ്ട് ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. ഇസ്സയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നുണ്ട് “നാളെയാണ് അഭി ആ ദിനം, നിന്നെക്കൊണ്ട് പറ്റും. കിളിമഞ്ചാരോ പർവതത്തെ ഉമ്മവയ്ക്കാൻ സമാധാനമായി ഉറങ്ങുക…” (അവസാനിക്കുന്നില്ല)

Legal permission needed