✍🏻 അഭിലാഷ് മാത്യു
കിളിമഞ്ചാരോ (Kilimanjaro) പർവതാരോഹണത്തിന്റെ മൂന്നാം ദിവസം: ലാവാ ടവർ ക്യാമ്പിലേക്ക്
രാവിലെ വിളിച്ചുണർത്താൻ ആരേയും കാത്തുനിന്നില്ല. ആറു മണിയോടെ തന്നെ കൂടാരത്തിനു വെളിയിലെത്തി. ഒരു പാത്രത്തിൽ ചുടുവെള്ളവുമായി നമ്മുടെ കാസിം ഉണ്ടായിരുന്നു. പതിവുപോലെ ഒരുപാത്രം ചുടുവെള്ളത്തിൽ (ഒരു മൂന്നു ലിറ്റർ കാണും) പ്രഭാത കൃത്യങ്ങൾ തീർത്തു. കുളിയൊക്കെ വൈകുന്നേമാണ്. അതും ഇതുപോലെ ഒരുപാത്രം ചുടുവെള്ളത്തിൽ തോർത്ത് മുക്കി ദേഹം തുടയ്ക്കും. അല്ലാതെ വേറെ വഴി ഇല്ല. കിളിമഞ്ചാരോയിൽ നമ്മൾ സായിപ്പ് കുഞ്ഞുങ്ങൾ ആയെ പറ്റൂ. ടോയ്‌ലറ്റ് ടിഷ്യൂവും വെറ്റ് വൈപ്പ്സും ആണ് ബാത്‌റൂമിൽ ഉപയോഗിക്കുക. അയ്യേ എന്നൊന്നും ആരും വിചാരിക്കേണ്ട. അങ്ങനൊക്കെ അഡ്ജസ്റ്റ് ചെയ്‌താൽ മാത്രമേ കിളിമഞ്ചാരോ നമ്മുടെ മുന്നിൽ കീഴടങ്ങൂ.
രാവിലത്തെ ഭക്ഷണത്തിനു ശേഷം നടത്തം തുടങ്ങി. ഇന്ന് രണ്ടു ക്യാമ്പുകൾ ആണുള്ളത്. അതിൽ ഉച്ചയോടെ എത്തേണ്ടത് ലാവാ ടവർ എന്ന് പറയുന്ന 4600 മീറ്റർ ഉയരത്തിൽ ഉള്ള ക്യാമ്പ് ആണ്. അവിടെ ആണ് ഉച്ചഭക്ഷണം. അതിനു ശേഷം അവിടുന്ന് 3960 മീറ്റർ ഉയരത്തിൽ ഉള്ള ബാറാങ്കോ ക്യാമ്പിലേക്ക് പോകണം. ബാറാങ്കോ ക്യാമ്പിലാണ് രാത്രി തങ്ങുക. ഉയരവുമായി പൊരുത്തപ്പെട്ടു പോകുവാൻ വേണ്ടി ആണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. നല്ല ഉയരത്തിൽ കയറി കുറച്ചു സമയം ചിലവഴിച്ച ശേഷം നമ്മൾ ഉയരം കുറഞ്ഞ സ്ഥലത്തേയ്ക്ക് ഇറങ്ങി രാത്രീ ചിലവഴിക്കും. നമ്മുടെ ശരീരം അങ്ങനെ ഉയരവുമായി പൊരുത്തപ്പെട്ടു പോകും. നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവ്വതം പൊട്ടിയൊലിച്ചുണ്ടായ ലാവ തണുത്തുണ്ടായ ഭാഗങ്ങളിൽ കൂടി ആണ് നടത്തം. ചുറ്റിലും കറുത്ത കല്ലുകൾ മാത്രം.
പോകുന്നവഴിയിൽ കിളിമഞ്ചാരോ പൈനാപ്പിൾ അഥവാ Giant Lobelia എന്ന് വിളിക്കുന്ന ഒരു സസ്യം കാണാം. വളരെ രസകരമാണ് ഈ പുള്ളിക്കാരൻ. രാത്രി ആകുമ്പോൾ ഒരു മൊട്ടുപോലെ ഈ സസ്യം ചുരുങ്ങും. സൂര്യൻ ഉദിച്ചു വരുന്നതിനനുസരിച്ച് മൂപ്പർ വിടരും. വൃത്താകൃതിയിൽ ഉള്ള ഒരു സസ്യം ആണിത്. രാതിയിൽ ഇവിടെ തണുപ്പ് മൈനസ് ആകുമ്പോൾ, ഇവരുടെ ഉള്ളിൽ ഉള്ള വെള്ളം ഐസ് ആകാതിരിക്കാൻ ആണ് മൊട്ടുപോലെ കൂമ്പി അടയുന്നത്. വളരെ രസകരമായി തോന്നിയ ഒരു കാര്യം ആയിരുന്നു എനിക്കത്.
അങ്ങനെ നീണ്ട നാലുമണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം ഉച്ചയോടെ ലാവാ ടവറിൽ എത്തി. കിളിമഞ്ചാരോ ഒരു അഗ്നിപർവ്വതം ആണെന്ന് നേരത്തെ പറഞ്ഞല്ലോ. മൂന്ന് അഗ്നിപർവ്വതങ്ങൾ ചേർന്നതാണ് കിളിമഞ്ചാരോ. ഷിറ, മാവെൻസ്കി പിന്നെ ഉഹ്‌റു പീക് സ്ഥിതിചെയ്യുന്ന കിബു. അതിൽ കിബു ഇപ്പോഴും ആക്റ്റീവ് ആണ്. അവിടേക്കാണ് നമ്മുക്ക് പോകേണ്ടത്.
കിബുവിൽ നിന്നും അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ ലാവ ഉറച്ചുണ്ടായ ഒരു പാറക്കെട്ടാണ് ഈ ലാവ ടവർ. മുന്നൂറടി ആണ് ലാവാ ടവറിന്റെ ഉയരം. സമുദ്രനിരപ്പിൽ നിന്നും 4,600 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ക്യാമ്പിന്റെ പേരാണ് ലാവ ടവർ ക്യാമ്പ്. കിളിമഞ്ചാരോ കീഴടക്കാൻ വരുന്നവരിൽ വളരെ കുറച്ചുപേർ മാത്രമേ ഇവിടെ രാത്രി തങ്ങാറുള്ളു. യങ്കര കാറ്റാണ്. ഉഹ്‌റു പീക്കിന്റെ നേരെ താഴെയാണിപ്പോൾ ഞാൻ നിൽക്കുന്നത്. നേരെ അങ്ങ് കയറിപ്പോയിട്ടു വന്നാലോ എന്നൊക്കെ തോന്നും. പക്ഷെ, അതത്ര എളുപ്പമല്ല. അതുകൊണ്ട് അതിനു മിനക്കെട്ടില്ല.
ലാവാ ടവറിൽ നിന്നും ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും നടപ്പ് തുടങ്ങി. അടുത്ത ലക്ഷ്യം ഇന്ന് രാത്രി താമസിക്കേണ്ട ബാറാങ്കോ ക്യാമ്പ് ആണ്. 3,960 മീറ്റർ ആണ് ബാറാങ്കോ ക്യാമ്പിന്റെ ഉയരം. ലാവാ ടവറിൽ നിന്നും ബാറാങ്കോ ക്യാമ്പിലേക്ക് നല്ല ഇറക്കം ആണ്. അതുകണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും, ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസിലായി കയറ്റം ആണ് ഇറക്കത്തെക്കാൾ സുഖം എന്ന്. മുട്ടുകാലൊക്കെ കോച്ചിപ്പിടിക്കാൻ തുടങ്ങി. അതിനിടയ്ക്ക് 4600 മീറ്റർ ഉയരത്തിന്റെ ഉഡായിപ്പുകൾ ശരീരം കാണിക്കാനും തുടങ്ങി. വരണ്ട ചുമ ആയിരുന്നു പ്രധാനമായും. പിന്നെ നല്ല ശ്വാസംമുട്ടലും കൂടെ മൂക്കൊലിപ്പും. എന്തായാലും നമുക്കൊരു റിസൾട്ട് വേണം എന്ന് ഉറപ്പുള്ളതുകൊണ്ട് എല്ലാത്തിനെയും മറികടന്നു.
ബാറാങ്കോ ക്യാംപിലേക്കുള്ള വഴിയിൽ ആണ് കിളിമഞ്ചാരോ മലയിൽ മാത്രം കാണപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഡെൻഡ്രോസെൻസിയോ കിളിമഞ്ചാരി (Dendrosenecio kilimanjari) എന്ന വിഖ്യാതമായ സസ്യം ഉള്ളത്. വളരെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകൾ ആണ് ഡെൻഡ്രോസെൻസിയോ കിളിമഞ്ചാരിയ്ക്ക് ഉള്ളത്. അതിൽ ഒന്ന്, ഇവയുടെ ഒരു ശിഖരം ഉണ്ടാവാൻ 25 വർഷമെടുക്കും എന്നുള്ളതാണ്. എന്ന് വച്ചാൽ അവിടെ ഉള്ള മിക്കതിനും നാലോ അഞ്ചോ ശിഖിരങ്ങൾ ഉണ്ട്. അതായത് നൂറ്റിഇരുപത്തഞ്ചു വര്ഷം പ്രായം ഉള്ളവ എന്നർത്ഥം. തണുപ്പിൽ നിന്നും രക്ഷപെടാൻ ഇവയുടെ തടിയിൽ നമ്മുടെ പട്ടുനൂൽ പോലെ ഉള്ള ഒരുതരം നാരുണ്ടാവും. എന്തായാലും ഡെൻഡ്രോസെൻസിയോ കിളിമഞ്ചാരി നേരിട്ട് കാണണം എങ്കിൽ കിളിമഞ്ചാരോ കയറുകതന്നെ വേണം.
അങ്ങനെ വൈകുന്നേരം നാല് മണിയോടെ ബാറാങ്കോ ക്യാമ്പിൽ എത്തി. നാളെ കയറേണ്ട പ്രകൃതിനിർമ്മിത ബാറാങ്കൊ മതിൽ ഇവിടെയാണ്. പർവ്വതാരോഹരിൽ ചിലർ ശ്രമം ഉപേക്ഷിച്ചു തിരിച്ചുപോകുന്ന ഭാഗം കൂടി ആണ് ബാറാങ്കൊ മതിൽ. നാളെ അത് കയറാൻ പോകുകയാണ്. എന്നത്തേയും പോലെ സൂര്യൻ ഒളിച്ചപ്പോൾ നല്ല തണുപ്പ് തുടങ്ങി. നാളത്തെ യാത്രയെ സ്വപ്നം കണ്ടുകൊണ്ട് കൂടാരത്തിനുള്ളിൽ ചുരുണ്ടുകൂടി. (അവസാനിക്കുന്നില്ല)