Kilimanjaro Expedition 2: മച്ചാമേ ക്യാമ്പിൽ നിന്ന് ഷിര കേവ് ക്യാമ്പിലേക്ക്

✍🏻 അഭിലാഷ് മാത്യു

രണ്ടാം ദിവസം: ജൂലൈ 16, 2023
മച്ചാമേ ക്യാമ്പിൽ നിന്നും 3845 മീറ്റർ ഉയരത്തിലുള്ള ഷീര കേവ് ക്യാമ്പിലേക്ക്

കിളിമഞ്ചാരോ (Kilimanjaro) പർവ്വതത്തിലെ രണ്ടാമത്തെ ദിവസം. രാവിലെ ആറു മണിക്ക് കൂടെ ഉള്ള സഹായി കാസിം വിളിച്ചുണർത്തി. ഇന്നലെ ഏഴു മണിക്കൂറോളം നീണ്ട നടത്തം ആയതിനാൽ നല്ല ക്ഷീണം കൊണ്ടുള്ള ഉറക്കമായിരുന്നു. കൂടാരത്തിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി. ഒരു പാത്രത്തിൽ നിറയെ ചൂടുവെള്ളവുമായി കാസിം നിൽക്കുന്നു. അതുവാങ്ങി മുഖമൊക്കെ കഴുകി, പല്ലുതേച്ചു വൃത്തിയായി. അപ്പോഴേക്കും ആവിപറക്കുന്ന ചായയുമായി കാസിം വീണ്ടും മുന്നിൽ. ചൂടുചായ ഊതികുടിച്ച് ഞാൻ മച്ചാമേ ക്യാമ്പിൽ വെറുതെ നടന്നു. നല്ല തണുപ്പാണ്. സൂര്യൻ ഉദിച്ചു വരുന്നതേയുള്ളു. കഴുത്തിൽ വെളുത്ത വളയംമുള്ള കാക്കകളുടെ ഒരു കൂട്ടം അവിടുണ്ട്. സമയം ഏഴു മണിയോട് അടുക്കുന്നു. ഏഴര ആകുമ്പോൾ ഇന്നത്തെ നടത്തം തുടങ്ങണം. ഇസ്സയും ആൽഫ്രഡും ബാക്കി ഉള്ളവരും കൂടി കൂടാരങ്ങൾ അഴിച്ചു പായ്ക്ക് ചെയ്യാൻ തുടങ്ങി. ആ സമയം ഞാൻ രാവിലത്തെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു.

കൃത്യം ഏഴര ആയപ്പോൾ ഞങ്ങൾ നടത്തം ആരംഭിച്ചു. മച്ചാമേ ക്യാമ്പിൽ വേറെയും ഒരുപാട് ആളുകൾ ഉണ്ട്. പല കമ്പനികളിൽ നിന്നും ഉള്ളവർ. പലദേശക്കാർ. ഇന്ന് ഞാൻ കയറേണ്ടത് 3845 മീറ്റർ ഉയരത്തിലേക്ക് ആണ്. എൻ്റെ ഓക്സിജൻ ലെവൽ രാവിലെ നോക്കിയപ്പോൾ 92 ആയിരുന്നു. ഇനി അങ്ങോട്ട് ഉയരം കൂടുന്നതിന് അനുസരിച്ചു കുറഞ്ഞുകൊണ്ടിരിക്കും. അതും കിളിമഞ്ചാരോ കീഴടക്കാനുള്ള ഒരു വിലങ്ങുതടി ആണ്.

എന്തായാലും ഞാൻ നടത്തം തുടങ്ങി. മൂർലാൻഡ് എന്ന് വിളിക്കുന്ന ഇടതൂർന്ന കുറ്റിക്കാടുകളിലൂടെ ഉള്ള നടത്തം. ഇസ്സ മുന്നേ പോകുന്നുണ്ട് . നല്ല കുത്തനെ ഉള്ള കയറ്റങ്ങൾ ആണ്. മുഴുവനും പാറക്കെട്ടുകൾ, 70 ഡിഗ്രി ചെരിഞ്ഞു നിൽക്കുന്ന പാറകൾ. അതിനു മുകളിലൂടെ ആണ് വഴി. വടി കുത്തിയും ഇടയ്ക്ക് പാറയിൽ അള്ളിപ്പിടിച്ചും ഒക്കെ വേണം മുന്നോട്ടു പോകാൻ. മഴ ഇല്ലാത്തത് വലിയൊരു അനുഗ്രഹം ആണ്.

ഏകദേശം ഒരു ഒന്നരമണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം ഒരു വ്യൂ പോയിന്റിൽ എത്തി. അവിടെ നിന്നാൽ നമ്മൾ ഇന്ന് യാത്രതുടങ്ങിയ മച്ചാമേ ക്യാമ്പ് കാണാം. ആ വിദൂരദൃശ്യം മൊബൈലിൽ പകർത്തുമ്പോഴാണ് ഇസ്സ വേറൊരു കൂട്ടം കാണിച്ചു തന്നത്. അങ്ങ് ദൂരെ മേഘങ്ങൾക്ക് മുകളിൽ ഒരു പർവതത്തിന്റെ തലഭാഗം. അതാണ് മെറു പർവ്വതം. ഉയരത്തിന്റെ കാര്യത്തിൽ ആഫ്രിക്കയിലെ നാലാമൻ. അവനങ്ങനെ മേഘങ്ങൾക്ക് മുകളിൽ തലയുയർത്തി നിൽക്കുന്നു. കിളിമഞ്ചാരോയും മെറുവും അങ്ങനെ മുഖത്തോടു മുഖം നോക്കി നിൽക്കുന്നു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും നടത്തം തുടങ്ങി.

ഉയരം കൂടുന്നതിന് അനുസരിച്ചു ചുറ്റിലും ഉള്ള ചെടികളുടെ വലുപ്പവും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഓക്സിജൻ കുറവായത് കൊണ്ടാണ് ചെടികളുടെ വലുപ്പം കുറഞ്ഞുകൊണ്ടിരിക്കുന്നത്. നല്ല മഞ്ഞയും, വെളുപ്പും നിറങ്ങളുള്ള പൂക്കൾ ആണ് ചുറ്റിനും. വെയിലിനു നല്ല ചൂടുണ്ട്. ഇടയ്ക്കിടയ്ക്ക് നല്ല കാറ്റുവീശുന്നു. ഒരു മല കയറി മുകളിൽ ചെല്ലുമ്പോൾ ആണ് അടുത്ത മല കാണുന്നത്. അങ്ങനെ ഒരു നാലോ അഞ്ചോ മലകൾ കയറി ഇറങ്ങി. വഴി മുഴുവൻ വെറും പാറക്കൂട്ടങ്ങൾ മാത്രം ആണ്. നാലുമണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം വീണ്ടും ഒന്ന് വിശ്രമിക്കുവാനായി നിന്നു. കിളിമഞ്ചാരോയുടെ ഉഹ്‌റു പീക് നമുക്കവിടെ നിന്നാൽ കാണാം. ചുറ്റും അധികം ഉയരം ഇല്ലാത്ത, ദൂരെ നിന്നു നോക്കിയാൽ മൂന്നാർ തേയില തോട്ടങ്ങളെ ഓർമിപ്പിക്കുന്ന രീതിയിൽ ഉള്ള കുന്നുകൾ ആണ്. വീണ്ടും നടക്കാൻ തുടങ്ങി.

ഇടയിൽ വച്ച് ഒരു ചെറിയ വെള്ളച്ചാൽ കണ്ടു. ഒരു പാറയുടെ മുകളിൽ നിന്നും വെള്ളം ഒഴുകിവരുന്നു. ഐസ് ഉരുകി ഉള്ള വെള്ളം ആണ്. അവിടെ നിന്നും നമുക്ക് വേണെങ്കിൽ കുടിക്കാനായിട്ടു വെള്ളം എടുക്കാം. കുറച്ചു ഭാഗം ഐസ് ആയിട്ടാണുള്ളത്. അവിടെ നിന്നു ഫോട്ടോ എടുത്തതിനു ശേഷം വീണ്ടും നടക്കാൻ ആരംഭിച്ചു.

ഒരുമണി ആയപ്പൊളേക്കും ഷീര കേവ് ക്യാമ്പിൽ എത്തി. എനിക്കുള്ള കൂടാരം അപ്പോളേക്കും കൂടെ ഉള്ള സഹായികൾ റെഡിയാക്കിയിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ചെറിയൊരു മയക്കത്തിലേക്ക് വീണു. സമയം നാലുമണി ആയിക്കാണും. ഗൈഡ് ഇസ്സ വിളിച്ചുണർത്തി. ഒരു സായാഹ്ന നടത്തിനു പോകാം എന്ന് പറഞ്ഞു. അവിടെ അടുത്തുള്ള ഒരു കുന്നു കയറാനാണ് പോകുന്നത്. നാലായിരം മീറ്റർ ഉയരം ഉണ്ട്. മലകയറാൻ വരുന്നവരുടെ ശരീരം ഉയരവുമായി പൊരുത്തപ്പെടാൻ വേണ്ടി ഇതുപോലുള്ള ചെറിയ കയറ്റങ്ങൾ സഹായിക്കും. മേഘങ്ങൾക്ക് മുകളിൽ ആണ് ഞാനിപ്പോൾ. ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു അനുഭവം. കുന്നിന്റെ മുകളിൽ നിൽക്കുമ്പോൾ മേഘങ്ങൾ നമ്മുടെ കാലിന്റെ ചുവട്ടിൽ ആണ്.

ഷീര കേവ് ക്യാംപിനു ആ പേരുവരാൻ ഒരു കാരണം ഉണ്ട്. ഇസ്സ അതെനിക്ക് വിവരിച്ചു തന്നു. ഈ ക്യാംപിനു ചുറ്റും ഒരുപാട് ഗുഹകൾ ഉണ്ട്. പണ്ടുകാലത്തു കിളിമഞ്ചാരോ കയറാൻ വന്നിരുന്നവർ ഉറങ്ങിയിരുന്നത് ഈ ഗുഹകളിൽ ആയിരുന്നു. തണുപ്പ് മാറ്റുവാൻ വേണ്ടി അവർ ആദ്യം ഗുഹക്കകത്ത് തീ ഇടും. അതിനുള്ള വിറക് താഴെ ഉള്ള മഴക്കാടുകളിൽ നിന്നും വെട്ടി കൊണ്ടുവരും. അത് പ്രകൃതിയ്ക്ക് കോട്ടം തട്ടുന്നതിനാൽ ടാൻസാനിയ സർക്കാർ ഗുഹകളിൽ ഉള്ള താമസം നിരോധിച്ചു. ഓരോ ക്യാമ്പിലും സർക്കാരിന്റെ ചെറിയ ഓഫീസ് ഉണ്ട്. നമ്മൾ അവിടെല്ലാം ചെന്ന് നമ്മുടെ വിവരങ്ങൾ കൈമാറണം. എന്നിരുന്നാലും ഇടയ്ക്ക് നമ്മൾ ഒറ്റപ്പെട്ടുപോയാൽ നമുക്ക് ഈ ഗുഹകളിൽ വന്നിരിക്കാം. നമ്മളെ കാണാതായാൽ ഗൈഡ് ആദ്യം വന്നു നോക്കുക ഇതുപോലുള്ള ഗുഹകളിൽ ആയിരിക്കും.

അങ്ങനെ രണ്ടാമത്തെ ദിവസത്തെ സൂര്യാസ്തമയം ആയി. ഷീര കേവ് ക്യാമ്പിൽ നിന്നും ഉള്ള അസ്തമയദൃശ്യം പറഞ്ഞറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ഇന്നുവരെ ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഭംഗിയുള്ള സൂര്യാസ്തമയത്തിനു സാക്ഷ്യം വഹിച്ചു. രാത്രി ഭക്ഷണത്തിനു ശേഷം മൈനസ് ഡിഗ്രി തണുപ്പിൽ വീണ്ടും സ്ലീപ്പിങ് ബാഗിലേയ്ക്ക് ചുരുണ്ടുകൂടി. നാളെ ഇവിടുന്നു വീണ്ടും നടത്തം തുടരണം, 4600 മീറ്റർ ഉയരത്തിൽ ഉള്ള ലാവ ടവറിലേയ്ക്കും അവിടുന്ന് 3960 മീറ്റർ ഉയരത്തിൽ ഉള്ള ബാറാങ്കോ ക്യാംപിലേക്കും. (അവസാനിക്കുന്നില്ല)

Legal permission needed