✍🏻 അഭിലാഷ് മാത്യു
ഒറ്റയ്ക്ക് നിൽക്കുന്ന പർവ്വതങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് കിളിമഞ്ചാരോ (Kilimanjaro). ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ സ്ഥിതിചെയ്യുന്ന കിളിമഞ്ചാരോ കൊടുമുടി സെവൻ സമ്മിറ്റ് പർവ്വതങ്ങളിൽ ഒന്നാണ്. പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു കിളിമഞ്ചാരോ. ജൂലൈയിൽ കിളിമഞ്ചാരോയുടെ നെറുകയിൽ മുത്തമിടാനുള്ള എന്റെ ആഗ്രഹം സഫലമായി. ആ യാത്രയുടെ വിശേഷങ്ങളിലൂടെ.
സൗദി അറേബ്യയിലെ റിയാദിൽ നിന്നാണ് ഞാൻ കിളിമഞ്ചാരോ യാത്ര ആരംഭിച്ചത്. ആഫ്രിക്കയിലേക്ക് പോകുമ്പോൾ നിർബന്ധമായും എടുക്കേണ്ട യെല്ലോ ഫീവർ വാക്‌സിൻ എടുത്ത് യാത്രയ്ക്ക് ഒരുങ്ങുകയാണ് ആദ്യം ചെയ്തത്. ജൂലൈ 14നാണ് പുറപ്പെട്ടത്. റിയാദിൽ നിന്നും ആഡിസ് അബാബ വരെയും അവിടുന്ന് കിളിമഞ്ചാരോ വരെയും രണ്ടു വിമാനങ്ങൾ മാറികയറി കിളിമഞ്ചാരോ പർവതം നിൽക്കുന്ന ടാൻസാനിയയിലെ മോഷി എന്ന ചെറുപട്ടണത്തിൽ എത്തി.
വളരെ ചെറിയൊരു എയർപോർട്ട് ആണ് കിളിമഞ്ചാരോ ഇന്റർനാഷണൽ എയർപോർട്ട്. മലകളുടെ വലയത്തിൽ വലിയ ആഡംബരങ്ങൾ ഇല്ലാതെ പ്രകൃതിരമണീയമായി നിൽക്കുന്ന ഒരു കുഞ്ഞു എയർപോർട്ട്. ഇവിടെ വന്നിറങ്ങുന്നവർ അധികവും ടൂറിസ്റ്റുകളാണ്. ലളിതമായ എമിഗ്രേഷൻ കടമ്പകൾ. വിസ ഓൺ അറൈവൽ ആയി നമുക്ക് ലഭിക്കും. ഞാൻ പക്ഷെ റിയാദിൽ നിന്നും ഓൺലൈൻ ആയി വിസ എടുത്തിരുന്നത് കൊണ്ട് അധികസമയം അവിടെ ചിലവഴിക്കേണ്ടി വന്നില്ല. പുറത്തിറങ്ങിയപ്പോൾ എന്നെ സ്വീകരിക്കാനായി ടൂർ കമ്പനിയുടെ മെയിൻ ഗൈഡ് ഇസ്സ കാത്തുനിന്നിരുന്നു.
കിളിമഞ്ചാരോ എയർപോർട്ടിൽ നിന്നും അരമണിക്കൂർ യാത്ര ഉണ്ട് മോഷി പട്ടണത്തിലേക്ക്. ഇസ്സ കൊണ്ടുവന്ന കമ്പനിയുടെ കാറിൽ നേരെ മോഷിയിലേയ്ക്ക് പുറപ്പെട്ടു. നല്ല തെളിഞ്ഞ അന്തരീക്ഷം. ചെറിയ ചൂടുണ്ട്. ചൂട് സഹിക്കാൻ പറ്റുന്നുണ്ടോ എന്ന് ചോദിച്ച ഇസ്സയോട് സൗദിയിലെ ജൂലൈ മാസത്തിലെ ചൂടിന്റെ കാഠിന്യം പറഞ്ഞപ്പോൾ ഒന്ന് കൈകൂപ്പി. സൗദിയിലെ 50 ഡിഗ്രി ചൂടിൽ നിന്നും വെറും 25 ഡിഗ്രി ചൂടുള്ള ടാൻസാനിയയിൽ ചെന്നിറങ്ങിയ എനിക്ക് ചെറിയൊരു കുളിർ അനുഭവപ്പെട്ടാൽ തെറ്റ് പറയാൻ പറ്റുമോ?
സമയം ഏതാണ്ട് ഉച്ചകഴിഞ്ഞു രണ്ടു മാണി ആയിക്കാണും. മോഷി പട്ടണത്തിലേക്കുള്ള യാത്രയിൽ ആണ്. പോകുന്ന വഴിയിൽ “മസായി” എന്ന് വിളിക്കുന്ന ഗോത്രവിഭാഗത്തെ കാണാം. കൂടെ അവരുടെ വരുമാന സോത്രസായ പശുക്കളും. അരമണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ഞാൻ മോഷി പട്ടണത്തിലെ എനിക്കുവേണ്ടി ബുക്ക് ചെയ്തു വച്ചിരുന്ന ഹോട്ടൽ മുറിയിൽ എത്തി. നീണ്ട ഒരു യാത്ര ആയതുകൊണ്ട് നന്നായി ക്ഷീണിച്ചിരുന്നു. ഇനി ഉള്ളത് കിളിമഞ്ചാരോ പർവതം കയറുവാൻ ഞാൻ കൈവശം കരുതിയ സാധനങ്ങളുടെ പരിശോധനയാണ്. അതിനു വേണ്ടി ഇസ്സയോട് വൈകുന്നേരം വരാൻ പറഞ്ഞിട്ട് നല്ലൊരു കുളിയും പാസാക്കി, ടാൻസാനിയൻ രീതിയിൽ ഉള്ള ഉച്ചഭക്ഷണവും കഴിച്ചു ഒന്ന് മയങ്ങാൻ കിടന്നു.
പറഞ്ഞുറപ്പിച്ചത് പോലെതന്നെ വൈകുന്നേരം ആറു മണി ആയപ്പോൾ ഇസ്സ ഹോട്ടലിൽ എത്തി. ഞാൻ കൊണ്ടുവന്ന തണുപ്പിനുള്ള വസ്ത്രങ്ങളും ട്രെക്കിങ്ങ് ബൂട്ടും ബാക്കി സ്ഥാവരജംഗമ വസ്തുക്കളുമെല്ലാം ഓക്കേ ആണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തി. ഒരു ഫോർ സീസൺ സ്ലീപ്പിങ് ബാഗ് ഞാൻ ഇസ്സയുടെ സഹായത്തോടെ വാടകയ്ക്ക് എടുത്തു. കിളിമഞ്ചാരോ മലയിൽ രാത്രിയിൽ തണുപ്പ് മൈനസ് ഡിഗ്രി ആയിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ നാളെ ജൂലൈ പതിനഞ്ചിനു വളരെക്കാലമായി ഞാൻ സ്വപ്നം കണ്ടിരുന്ന കിളിമഞ്ചാരോയുടെ മടിത്തട്ടിലൂടെ, പർവതത്തിന്റെ ഏറ്റവും ഉയരം കൂടിയ പോയിന്റ് ആയ ഉഹ്‌റു പീക്കിലേയ്ക്ക് യാത്ര തുടങ്ങുകയാണ്. ഏഴു ദിവസത്തെ ദുർഘടമായ ട്രെക്കിങ്ങ്.
കിളിമഞ്ചാരോ കീഴടക്കാൻ വേണ്ടി നമുക്ക് ഒരുപാട് ട്രെക്കിങ്ങ് വഴികൾ ഉണ്ട്. അതിൽ മച്ചാമേ റൂട്ടും ലമോഷെ റൂട്ടും ആണ് ഏറ്റവും ഭംഗി ഉള്ളവ. അതിൽ തന്നെ നമുക്ക് ദിവസങ്ങളും തിരഞ്ഞെടുക്കാം. ഞാൻ പോകുന്നത് ഏഴു ദിവസത്തെ മച്ചാമേ റൂട്ട് ആണ്. അഞ്ചു ക്ലൈമറ്റ് സോണിൽകൂടി ആണ് നമ്മുടെ ട്രെക്കിങ്ങ്. ഒന്നാം ദിവസം ആളുകൾ താമസിക്കുന്ന സ്ഥലവും പിന്നീട് മഴക്കാടുകളിൽ കൂടിയും ഉള്ള നടത്തം. പിന്നീട് ഉള്ള ദിവസങ്ങളിൽ മൂർലാൻഡ്, ആൽപൈൻ ഡെസേർട്ട് എന്നിങ്ങനെ വിളിക്കുന്ന ഭൂപ്രകൃതിയിലൂടെ. അവസാനം ആർട്ടിക് ഐസ് എന്ന് വിളിക്കുന്ന കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന പ്രദേശത്തിലൂടെ. സ്വപ്നസഫലീകരത്തിനായി ഉള്ള യാത്ര നാളെ തുടങ്ങുകയാണ്.
ഒന്നാം ദിവസം: മോഷിയിൽ നിന്ന് മചാമെ ഗേറ്റിലേക്കും മചാമെ ക്യാംപിലേക്കും
രാവിലെ ഒരു ആറുമണി ആയിക്കാണും. മുറിയുടെ വാതിലിൽ മുറുക്കെ ഉള്ള മുട്ട് കേട്ടാണ് ഞെട്ടി എണീറ്റത്. തുറന്നു നോക്കിയപ്പോൾ ഹോട്ടലിലെ റിസപ്‌ഷനിൽ ഉണ്ടായിരുന്ന സ്ത്രീ ആണ്. “സാർ, എസി ഓഫ് ആക്കാമോ? ഇപ്പോൾ ഇവിടെ ഓടുന്ന കറണ്ട് ജനറേറ്റർ ആണ്.” അവരുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ ഞാൻ എസി ഓഫ് ചെയ്തു. ഏഴു മണിക്ക് ഇസ്സ വണ്ടിയും കൊണ്ട് വരും. അപ്പോഴേക്കും കുളിച്ചു റെഡി ആയി എല്ലാം പായ്ക്ക് ചെയ്തു നിൽക്കണം. വേഗം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
കൃത്യം ഏഴു മണി ആയപ്പോൾ ഇസ്സ വന്നു, കൂടെ ആൽഫ്രെഡ് എന്ന് പേരുള്ള ഒരു കൊച്ചു പയ്യനും. ആൽഫ്രെഡ് ആണ് ഇന്ന് മുതൽ എൻ്റെ 25 കിലോ ഭാരമുഉള്ള ബാഗ് ചുമക്കുന്നത്. കിളിമഞ്ചാരോ കയറാൻ എൻ്റെ കൂടെയുള്ള ബാക്കി സഹായികളെ വണ്ടിയിൽ പരിചയപ്പെട്ടു . ഇസ്സ, ആൽഫ്രെഡ് ഇവരെ കൂടാതെ വേറെ അഞ്ചു പേരു കൂടി ഉണ്ട്. അതിലൊരാൾ കുബു എന്ന് പേരുള്ള കുക്ക് ആണ്. പുള്ളിക്കാരൻ ആണ് ഈ ഏഴുദിവസത്തെ ഭക്ഷണം പാചകം ചെയ്യുന്നത്. ബാക്കി ഉള്ളവരെല്ലാം പോർട്ടർമാർ ആണ്.
ഏഴുദിവസത്തേയ്ക്ക് വേണ്ട ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങൾ, ഗ്യാസ് കുറ്റി, അടുപ്പ് , കിച്ചൻ ടെന്റ്, എനിക്കുള്ള ടെന്റ്, വേറെ രണ്ടു ടെന്റുകൾ പോർട്ടർമാർക്കും ഗൈഡിനും എന്നുവേണ്ട ഒരു വീടുപോലെ ഫീൽ ചെയ്യാൻ വേണ്ട സാധങ്ങൾ എല്ലാം കൊണ്ടാണ് യാത്ര. ഇതെല്ലാം ചുമന്ന് ഈ മല കയറ്റുന്നത് പോർട്ടർമാർ ആണ്.
അങ്ങനെ ഞാൻ മോഷിയിൽ നിന്നും മച്ചാമേ ഗേറ്റിലേക്ക് യാത്ര തുടങ്ങി. സമുദ്ര നിരപ്പിൽ നിന്നും 1640 മീറ്റർ ഉയരത്തിലാണ് മച്ചാമേ ഗേറ്റ്. നേരിയ തണുപ്പുള്ള കാലാവസ്ഥ. സമയം രാവിലെ ഏഴര. അരമണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം മച്ചാമേ ഗേറ്റിൽ എത്തി. അവിടുന്നാണ് മലകയറ്റം ആരംഭിക്കുന്നത്. മച്ചാമേ ഗേറ്റിൽ ഉള്ള ചെക്ക് പോയിന്റിൽ പോർട്ടർമാർ എടുക്കുന്ന സാധങ്ങൾ തൂക്കി നോക്കും. ഒരു പോർട്ടർക്ക് 15 കിലോ ചുമക്കാനാണ് അനുമതി. പോർട്ടർമാരുടെ കാര്യത്തിൽ കിളിമഞ്ചാരോയിൽ നല്ല ശ്രദ്ധ ആണ്. ഇസ്സയും ആൽഫ്രഡും ബാക്കി ഉള്ളവരും അവരുടെ ഭാഗം റെഡി ആക്കികൊണ്ടിരിക്കുന്നു. നല്ല കോട വീണുകിടക്കുന്ന മച്ചാമേ ഗേറ്റ്. അവിടെ നിന്നും പ്രഭാതഭക്ഷണം ഒരു പാക്ക് ആക്കി കിട്ടി. അതിൽ നിന്നും കുറച്ചു കഴിച്ചിട്ട് ബാക്കി ഞാൻ ബാഗിൽ വച്ചു. ഇനി അങ്ങോട്ട് ഏഴുദിവസത്തേയ്ക്ക് ഒരേ നടത്തം ആണ്. കുത്തനെ ഉള്ള കയറ്റങ്ങളും, പാറകളിൽ അള്ളിപ്പിടിച്ചുള്ള കയറ്റവും എല്ലാം ഉണ്ടാവും.
മച്ചാമേ ഗേറ്റിലെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ഞങ്ങൾ നടത്തം ആരംഭിച്ചു. നല്ല മഴക്കാടുകൾ ആണ് ചുറ്റിലും. തുടക്കത്തിൽ നല്ല വീതി ഉള്ള വഴി ആണ്. അതുവഴി ഫോറസ്റ്റിന്റെ വണ്ടികൾ കടന്നുപോകുന്നുണ്ട്. ചെറിയ ചാറ്റൽ മഴ ഉണ്ട്. നല്ല കുളിരുന്ന സുഖമുള്ള ചാറ്റൽ മഴ. ഇടയ്ക്ക് ചെറുതായി വീശുന്ന കാറ്റിൽ മഴക്കാടിൻ്റെ സുഗന്ധം. കൂടെ തണുപ്പും. നനയാതിരിക്കാൻ മഴക്കോട്ട് ഇട്ടാണ് നടത്തം. ചുറ്റിലും ഇടതൂർന്ന നിബിഡവനം. മഴക്കാടിൻ്റെ ഗന്ധവും ശബ്ദവും ആസ്വദിച്ചു ഞാൻ നടത്തം തുടങ്ങി. കൂടെ ഇസ്സ ഉണ്ട്. അദ്ദേഹം ആണ് എൻ്റെ ഗൈഡ് . പോർട്ടർമാർ സാധനങ്ങൾ എടുത്തോണ്ട് വളരെ വേഗത്തിൽ പോയി. അവർക്കു ഇതൊരു ശീലം ആണല്ലോ. ഞാൻ മച്ചാമേ ക്യാമ്പിൽ എടുത്തുമ്പോഴേക്കും അവർ അവിടെ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ടാകും. പതിനൊന്നു കിലോമീറ്റർ ആണ് ഇന്ന് നടക്കാൻ ഉള്ളത്. ഏഴുമണിക്കൂർ എടുക്കുമെന്ന് ഇസ്സ പറഞ്ഞു.
മഴക്കാടിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് ഞാൻ പതുക്കെ നടന്നു. ഇസ്സയുടെ ഒരു ഉപദേശം ആദ്യമേ ഉണ്ടായിരുന്നു. കിളിമഞ്ചാരോ കീഴടക്കാനുള്ള നടത്തം എന്ന് പറയുന്നത് വളരെ പതുക്കെ ആയിരിക്കണം. “പോലെ പോലെ” എന്നാണ് ടാൻസാനിയ ഭാഷയിൽ പറയുന്നത്. എന്ന് പറഞ്ഞാൽ “പതുക്കെ പതുക്കെ ” എന്നാണ് അർഥം. പതുക്കെ നടന്നില്ലെങ്കിൽ നമ്മൾ ഉയരത്തിലേക്ക് പോകുന്തോറും അൾട്ടിട്യൂഡ് മൗണ്ടൈൻ സിക്നെസ്സ് അഥവാ എ എം എസ് വരാനുള്ള സാധ്യത കൂടുതൽ ആണ്. നമ്മളൊക്കെ സമുദ്രനിരപ്പിൽ ജീവിക്കുന്ന ആളുകൾ ആണ്. അപ്പോൾ പർവ്വതം കയറുമ്പോൾ ഓക്സിജൻ കുറയുന്നതിന് അനുസരിച്ചു നമുക്ക് പല അസ്വസ്ഥതകളും ഉണ്ടാകും. തലവേദന, വയറിളക്കം, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ അങ്ങനെ പലതും. ഇതിനെല്ലാം കൂടി പറയുന്ന പേരാണ് എ എം എസ്. സൂക്ഷിച്ചില്ലെങ്കിൽ എ എം എസ് നമ്മുടെ ജീവനെടുക്കും. അതുതന്നെ ആണ് കിളിമഞ്ചാരോ കീഴടക്കാനുള്ള ഏറ്റവും വലിയ റിസ്‌ക്കും.
എന്തായാലും ഇതൊരു കോമ്പറ്റീഷൻ ഐറ്റം അല്ലാത്തത്കൊണ്ടും നേരത്തെ ഓടി ചെന്നാൽ ഗപ്പൊന്നും കിട്ടാനില്ലാത്ത കൊണ്ടും ഞാൻ പതുക്കെ എൻ്റെ നടപ്പ് തുടർന്നു. വീതിയുള്ള വഴി ഏകദേശം ഒരു മണിക്കൂർ നടന്നപ്പോൾ തീരെ നേർത്തുവന്നു. ഇനി അങ്ങോട്ട് ഒരാൾക്ക് നടക്കാനുള്ള നടവഴി പോലെ ആണ്. അതും നല്ല ഒന്നാന്തരം കയറ്റങ്ങൾ. ചുറ്റിലും ഇടതൂർന്ന മഴക്കാടുകൾ. ഒരു കയറ്റം കയറികഴിയുമ്പോൾ ആണ് അടുത്ത കയറ്റം കാണുന്നത്. അങ്ങനെ കിതച്ചും കയ്യിൽ കരുതിയ വെള്ളം കുടിച്ചും ബാഗിൽ ഉണ്ടായിരുന്ന ഭക്ഷണം ഇടയ്ക്ക് കഴിച്ചും നടത്തം തുടർന്നു.
നീണ്ട അഞ്ചുമണിക്കൂർ നേരത്തെ നടത്തത്തിനു ശേഷം, കിളിമഞ്ചാരോ പർവതത്തിന്റെ മുകൾഭാഗം ആദ്യമായി കണ്ടു. അതൊരു അനുഭവം ആണ്. കാലങ്ങളായി ഫോട്ടോയിലൂടെയും വീഡിയോയിലൂടെയും മാത്രം ഞാൻ കണ്ട കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന ഭാഗം, ഉഹ്‌റു പീക്. ആദ്യമായി നേരിട്ട് കാണുകയാണ്. ഇസ്സ കൂടെത്തന്നെ ഉണ്ട്. അവിടെനിന്നു കുറെ ഫോട്ടോയും വിഡിയോയും എടുത്ത ശേഷം വീണ്ടും നടത്തം തുടർന്നു.
2850 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മച്ചാമേ ക്യാമ്പ് ആണ് അടുത്ത ലക്ഷ്യം. ഇടയ്ക്ക് വേറെ കുറെ ആളുകൾ കടന്നുപോയി. അവരെല്ലാം ഒരു ഗ്രൂപ്പ് ആയി ഏതോ കമ്പനിയുടെ പാക്കേജിൽ വന്നവരാണ്. ഞാൻ ഒറ്റയ്ക്കാണ്. ഇടതൂർന്ന വനത്തിലൂടെ നടത്തം തുടർന്നു. അവസാനം ദൂരെ മച്ചാമേ ക്യാമ്പ് കാണാൻ തുടങ്ങി. കുറച്ചൊരു ആവേശത്തോടെ നടത്തത്തിനു സ്പീഡ് കൂട്ടിയപ്പോൾ ഇസ്സ വിളിച്ചു പറഞ്ഞു “പോലെ പോലെ”. അങ്ങനെ രാവിലെ എട്ടുമണിയോടെ തുടങ്ങിയ ആദ്യദിവസത്തെ നടത്തം വൈകിട്ട് അഞ്ചുമണിയോടെ മച്ചാമേ ക്യാമ്പിൽ അവസാനിപ്പിച്ചു. ഇന്നത്തെ രാത്രി ഇനി ഇവിടെയാണ്. നാളെ രാവിലെ മച്ചാമേ ക്യാമ്പിൽ നിന്നും 3845 മീറ്റർ ഉയരത്തിൽ ഉള്ള ഷീറകെവ് ക്യാമ്പിലേക്ക് ആണ് നടക്കേണ്ടത്.
വളരെ ഭംഗിയുള്ള മച്ചാമേ ക്യാമ്പ്. എവർലാസ്റ്റിങ് കിളിമഞ്ചാരോ എന്ന് പേരുള്ള ഒരുതരം പൂവ് ഇവിടുത്തെ പ്രത്യേക ആകർഷണം ആണ്. ക്യാമ്പൊക്കെ ഒന്ന് ചുറ്റിക്കറങ്ങി ഭക്ഷണവും കഴിച്ചു ഞാൻ മെല്ലെ എൻ്റെ ടെന്റിലേയ്ക്ക് കയറി.
സൂര്യൻ അസ്തമിച്ചു കഴിഞ്ഞപ്പോൾ തണുപ്പ് മൈനസിലേക്ക് ആയി. ജാക്കറ്റും തണുപ്പിന്റെ കുപ്പായവും എല്ലാം ഇട്ടു ഞാൻ ടെന്റിൽ സ്ലീപ്പിങ് ബാഗിലേയ്ക്ക് കയറി ചുരുണ്ടു കൂടി. പുറത്തു നല്ല തണുത്ത കാറ്റ്. മഴക്കാടുകളിൽ നടത്തത്തിന്റെ ഓർമയും നാളെ കയറാനുള്ള മലയുടെ ഭംഗിയും മനസ്സിലിട്ട് താലോലിച്ച് പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു. (അവസാനിക്കുന്നില്ല)