കോപ്റ്ററില്‍ കേരളം കറങ്ങാം; ഹെലി-ടാക്‌സി സേവനവുമായി KERALA TOURISM

tripupdates.in

കൊച്ചി. KERALA TOURISM വകുപ്പിന്റെ പ്രഥമ ഹെലി-ടാക്‌സി (Heli-Taxi service in kerala) സേവനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് ആരംഭിച്ചു. കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് പ്രത്യേക ഹെലി-ടൂറിസം പദ്ധതി ആയാണ് ഈ സേവനത്തിന് തുടക്കമിട്ടത്. വിമാനമാര്‍ഗവും, ആഡംബര ക്രൂസ് കപ്പലുകളിലും കൊച്ചിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെയാണ് ഹെലി ടൂറിസം പ്രധാനമായും ഉന്നമിടുന്നത്. കേരളത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ചെലവിടുന്ന ഈ പ്രീമിയം ടൂറിസ്റ്റുകളെ ഹെലി ടാക്‌സിയില്‍ കേരളത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിലെത്തിക്കും. ഹെലി ടാക്‌സി നിരക്കുകളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതായിരിക്കില്ല.

ആറ് മുതല്‍ 12 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററുകളാണ് ഇതിനുപയോഗിക്കുക. പറക്കല്‍ സമയത്തിനും ദൂരത്തിനുമനുസരിച്ച് നിരക്കുകള്‍ വ്യത്യാസമുണ്ടാകും. ഡെസ്റ്റിനേഷന്‍ റ്റു ഡെസ്റ്റിനേഷന്‍, സിറ്റി റൈഡ്‌സ്, ഷോര്‍ട്ട് റൈഡ്‌സ്, സ്‌പെഷ്യല്‍ പാക്കേജ് റൈഡ് എന്നിങ്ങനെ മൂന്ന് തരം സേവനങ്ങളാണ് ലഭ്യമാക്കുക. ഡെസ്റ്റിനേഷന്‍ റൈഡില്‍ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ബന്ധപ്പെടുത്തിയാണ് സര്‍വീസ്.

കൊച്ചിയില്‍ നിന്ന് ആലപ്പുഴ, കോട്ടയം, കുമരകം, മുന്നാര്‍, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, ജടായു പാറ, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലേക്കാണ് ഹെലികോപ്റ്റര്‍ ടാക്‌സി സര്‍വീസുണ്ടാകുക. സ്‌പെഷ്യല്‍ പാക്കേജില്‍ മൂന്നോ നാലോ തിരഞ്ഞെടുത്ത ടൂറിസം ഡെസ്റ്റിനേഷനുകള്‍ മാത്രമാണ് ഉള്‍പ്പെടുക.

നിലവില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സൗകര്യമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ്. സര്‍ക്കാര്‍ പുതുതായി എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുന്നില്ല. ഇത് പദ്ധതിയുടെ അടുത്തഘട്ടത്തില്‍ പരിഗണിക്കും. ടൂറിസം വകുപ്പ് ഈ ഹെലി ടാക്‌സി സേവനത്തിനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. സര്‍ക്കാരിന് അധിക പണചെലവോ ബാധ്യതകളോ ഇല്ല. നിരക്കുകള്‍ നിര്‍ണയിക്കുന്നതും സേവനങ്ങളും ഹെലികോപ്റ്റര്‍ ഓപറേറ്റ് ചെയ്യുന്ന കമ്പനികളാണ് നിശ്ചയിക്കുക. ഡിജിസിഎയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന, ലൈസന്‍സുള്ള ഓപറേറ്റര്‍മാരെ മാത്രമാണ് ഹെലി ടാക്‌സി സര്‍വീസിന് അനുവദിക്കൂ.

നിരക്കുകൾ ഇങ്ങനെ

5 സീറ്റുള്ള ഹെലികോപ്റ്ററാണ് ആദ്യ ഘട്ട സര്‍വീസ് ആരംഭിച്ചത്. ഈ കോപ്റ്ററില്‍ കൊച്ചിയില്‍ നിന്ന് മുന്നാറിലേക്കുള്ള ഒറ്റ ദിവസത്തെ ട്രിപ്പിന് 1.75 ലക്ഷം രൂപയാണ് നിരക്ക്. വാഗമണിലേക്കും ഇതേ നിരക്കു തന്നെ. തേക്കടി, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് 1.5 ലക്ഷം രൂപയും വയനാട്ടിലേക്ക് 3 ലക്ഷം രൂപയുമാണ് നിരക്ക്. ശബരിമല 2 ലക്ഷം രൂപ, ഗുരുവായൂര്‍ 1.5 ലക്ഷം രൂപ. ആലപ്പുഴ-മൂന്നാര്‍-തേക്കടി പാക്കേജിന് 3 ലക്ഷം രൂപയാണ് ചാര്‍ജ്. മൂന്നാര്‍-തേക്കടി-കുമരകം-ആലപ്പുഴ പാക്കേജ് 3.25 ലക്ഷം രൂപ. മൂന്നാര്‍-തേക്കടി-ജഡായു-കോവളം പാക്കേജ് 3.75 ലക്ഷം രൂപയുമാണ് നിരക്ക്. സീസണ്‍ അനുസരിച്ച് നിരക്കുകളില്‍ മാറ്റമുണ്ടാകും.

Legal permission needed