തിരുവനന്തപുരം. ടൂറിസം മേഖലയെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് (Kerala Tourism) ഇന്ത്യയിലാദ്യമായി വനിതകള്‍ക്കൊരു ടൂറിസം ആപ്പ് അവതരിപ്പിക്കുന്നു. വിദേശ വനിതാ ടൂറിസ്റ്റുകള്‍ക്കു കൂടി പ്രയോജനകരമായ രീതിയിലാണ് പദ്ധതി. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ടൂര്‍ പാക്കേജുകള്‍, ട്രാവല്‍ ഏജന്‍സികള്‍, സ്ത്രീകളുടെ കരകൗശല-ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, സ്ത്രീ സൗഹൃദ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സാഹസിക ടൂറിസം പാക്കേജുകള്‍, ഹൗസ് ബോട്ടുകള്‍, ക്യാമ്പിങ് സൈറ്റുകള്‍, കാരവന്‍ പാര്‍ക്കുകള്‍, ഗ്രാമീണ ടൂറിസം പാക്കേജുകള്‍, സഞ്ചാരികള്‍ക്ക് വീട്ടില്‍ ഭക്ഷണം ലഭ്യമാക്കുന്ന യൂനിറ്റുകള്‍, വനിതാ ഹെല്‍പ്പ്‌ലൈന്‍ എന്നിവയെ കുറിച്ചെല്ലാം ഈ ആപ്പിലൂടെ അറിയാം.
കേരളത്തിലെ ഒന്നര ലക്ഷത്തോളം വനിതകളെ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി കൂടുതല്‍ വനിതകള്‍ക്ക് തൊഴിലും ലഭിക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് ആപ്പ് വികസനം പുരോഗമിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച വനിതകള്‍ ഇതിനു വേണ്ടി വിവര ശേഖരണം ആരംഭിച്ചു.
സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടമായും കൂടുതലായി യാത്രകള്‍ ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ഇവര്‍ക്ക് സൗഹാര്‍ദപരമാക്കുന്നതിനാണ് ഇത്തരം പദ്ധതികളെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിക്ക് യുഎന്‍ വിമന്‍ അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ പിന്തുണയുണ്ട്.