✍🏻 ജയകുമാരി വിജയൻ
ഹിമാലയൻ ട്രെക്ക്/ 2022 August 22/ സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ്/ ഉയരം: 7800 feet to 11500 feet/ ദൂരം: 11 കിലോമീറ്റർ
ഉറക്കക്കുറവിന്റെ ക്ഷീണം കൊണ്ടാകാം ഒരു തരം അലസത എന്നെ വിട്ടുമാറാതെ അലോരസപ്പെടുത്തിക്കൊണ്ടിരുന്നു. എത്ര വേഗത്തിൽ ചെയ്തിട്ടും മറ്റുള്ളവർക്കൊപ്പം എത്താത്തത് പോലെ. ഞങ്ങൾ പതിനഞ്ചു പേരടങ്ങിയ സംഘത്തെ നയിക്കാൻ നാല് ഗൈഡുകൾ ഉണ്ടായിരുന്നു. ക്യാമ്പ് സെറ്റ് ചെയ്യാനും, ആഹാരമുണ്ടാക്കാനും, മറ്റു കാര്യങ്ങൾക്കുമായി മറ്റൊരു സംഘം സഹായികളും, സാധനങ്ങൾ ചുമക്കാനായി ഒരു കുതിരപടയും.
ഏകദേശം ഏഴര മണിയോടെ ഞങ്ങൾ തയ്യാറായി ഇറങ്ങി. മാനേജരും, അവിടെ വന്നുചേർന്ന പട്ടാളക്കാരും, മറ്റും ആശംസകളോടെയും, കയ്യടിച്ചും ഞങ്ങളെ ഓരോരുത്തരെയായി യാത്ര ആക്കുമ്പോൾ എന്റെ മനസ്സിലെ ആശങ്ക അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു. ഏകപ്പെട്ട വിചാരങ്ങളിൽ മ്ലാനമായ മനസ്സ്. യാത്ര നേർന്നവരോട് കൃത്രിമമായി ചിരിച്ചു. ഞാൻ എന്നോട് തന്നെ സംസാരിച്ചു കൊണ്ടിരുന്നു. എനിക്ക് ആവശ്യമായ ഊർജ്ജം എന്റെ മുന്നോട്ടുള്ള യാത്രയിൽ നിന്നുതന്നെ കിട്ടുമെന്നു സ്വയം ബോധിപ്പിച്ചു. ആ വിശ്വാസത്തിൽ ഞാൻ നടന്നു തുടങ്ങി.
Also Read: Part 1- കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!
ഉച്ചഭക്ഷണം, വെള്ളം എല്ലാം കൂടെ ഏകദേശം പത്തു പന്ത്രണ്ടു കിലോ തൂക്കം ട്രെക്കിങ്ങ് ബാഗിനുണ്ട്. ഞങ്ങളത് ചുമക്കാൻ തീരുമാനിച്ചിരുന്നു എന്ന് നേരെത്തെ പറഞ്ഞല്ലോ. ബാക്കി സംഘാംഗങ്ങൾ അവ കുതിരകളെ നേരെത്തെ ഏൽപ്പിച്ചിരുന്നു. അതുകൊണ്ട് അവർക്കു കുറച്ചുകൂടി എളുപ്പം ആയിരുന്നു നടത്തം.
റോഡ് മുറിച്ചു കടന്നു ആദ്യ ചുവട് മുതലേ കുത്തനെ ഉള്ള കയറ്റം ആയിരുന്നു. സൂര്യൻ പർവ്വതങ്ങൾക്ക് പിന്നിൽ എവിടെയോ ആണ്. കയറ്റം കയറി ചെല്ലുന്നത് ഹരിതാഭമായൊരു ലോകത്തേയ്ക്കായിരുന്നു. വേനൽക്കാലം ആണ്. ജീവൻ തളിർക്കുന്ന കാലം. വെൽവെറ്റ് പരവതാനി പോലെ പച്ചപ്പുല്ല് തളിർത്തു കിടക്കുക ആണെങ്ങും. ഇടയ്ക്കിടെ മേപ്പിൾ, പൈൻ, ഭോജ് മരങ്ങളുടെ ചെറുകൂട്ടങ്ങൾ.
കയറ്റം കയറുമ്പോൾ തിരിഞ്ഞു നോക്കാൻ മറക്കരുതെന്ന് മാനേജർ തലേന്ന് പറഞ്ഞിരുന്നു. തിളങ്ങുന്ന ഒരു ലോകമാണ് പിറകിൽ. താജിവാസ് ഗ്ലേഷിയറും, പർവ്വതങ്ങൾക്ക് ഇടയിലുള്ള സോനാമാർഗ് എന്ന താഴ്വാരവും, അങ്ങനെ ആ ലോകം മുഴുവൻ ഒറ്റ ഫ്രെമിൽ വെട്ടിത്തിളങ്ങി നിൽക്കുകയാണ്. ഇളം വെയിലും, മഞ്ഞും നിറഞ്ഞ ആ നീലിച്ച പ്രഭാവലയത്തിൽ കണ്ട കാഴ്ച ഇന്നും ഒന്ന് കണ്ണടച്ചാൽ കാണാൻ കഴിയും. അത്രയ്ക്കും തെളിമ നിറഞ്ഞ അന്തരീക്ഷം.
ചെറുകുന്നുകളിൽ അവിടെ ഇവിടെ ആയി കല്ലും തടിയും മണ്ണുമൊക്കെ കൊണ്ടുണ്ടാക്കിയ ചെറു വീടുകൾ കണ്ടു. ആൾത്താമസമുള്ള ഇടങ്ങളാണ്. പലരും കൗതുകത്തോടെ യാത്രികരെ നോക്കുന്നുണ്ട്. ഉറക്കം എണീറ്റ പാടെ യാത്രികരെ കാണാൻ കൊച്ചുകുട്ടികൾ പുറത്തിറങ്ങി കൗതുകത്തോടെ നോക്കിനിൽക്കുന്നു.
അതിലൊരു കുട്ടി എന്റെ അടുത്ത വന്നിട്ട് “കോഫീ, കോഫീ” എന്ന് മൃദുവായി പറഞ്ഞു. കോഫിയോ?! ഇവനെന്തിനാ എന്നോട് കോഫീ ചോദിക്കുന്നത് ? ഇനി കാപ്പി കുടിക്കാൻ ക്ഷണിക്കുന്നത് ആയിരിക്കുമോ? എനിക്കൊന്നും മനസിലായില്ല. ഭാഗ്യത്തിന് അബദ്ധങ്ങൾ ഒന്നും കാണിച്ചില്ല. പിന്നെയാണ് ടോഫി (ചോക്ലേറ്റ്) ആണ് അവർ ചോദിക്കുന്നത് എന്ന് മനസിലായത്.
അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലുമില്ലാത്ത ഇടങ്ങളാണെന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. കടകൾ പോലും ബഹുദൂരം അകലെ ആണ്. ചോക്ലേറ്റ് ഒക്കെ ഒരു അമൂല്യവസ്തു ആകുന്നതിൽ അത്ഭുതമില്ല. ട്രെക്കിൽ പലദിനങ്ങളിൽ കണ്ട കുട്ടികളെല്ലാം ‘ടോഫി’ മാത്രമേ ചോദിച്ചിരുന്നുള്ളു. കാശിനേക്കാൾ മൂല്യമുള്ള വസ്തുപോലെ അതിനായി അടിപിടി കൂടുന്നതും കാണുകയുണ്ടായി.
ഒൻപതു മണിയോടെ ആദ്യത്തെ ആർമി ചെക്ക് പോയിന്റിൽ എത്തി. ബാഗുകൾ ഇറക്കിവച്ചു വിശ്രമിച്ചു കൊള്ളൂ, ഇത് കുറച്ചധിക സമയമെടുക്കുമെന്നവർ പറഞ്ഞു. ഞങ്ങളെ കൂടാതെ മറ്റനേകം സംഘങ്ങളും വന്നുചേരുന്നുണ്ടായിരുന്നു. വെയിൽ ഉദിച്ചു നിൽക്കുന്ന തെളിഞ്ഞ കാലാവസ്ഥ. മൊബൈലിൽ അവസാനമായി റേഞ്ച് കിട്ടിയത് അവിടെ വച്ചാണ്. ഞങ്ങളെ കൊണ്ട് ട്വിറ്റെർ ഇൻസ്റ്റാൾ ചെയ്യിച്ചു. ലൊക്കേഷൻ ട്രേസ് ചെയ്യാൻ വേണ്ടിയാണ് എന്നാണവർ പറഞ്ഞത്. ഒന്നും പൂർണ്ണമായിട്ട് മനസിലായില്ലെങ്കിലും, എല്ലാം നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്ന അവരുടെ വാക്കിൽ വിശ്വസിച്ചു പറഞ്ഞപോലൊക്കെ ചെയ്തുകൊടുത്തു.
അവിടെ വച്ച് ഞങ്ങളുടെ സംഘത്തിലെ ഒരാൾ ആത്മവിശ്വാസം നഷപെട്ടിട്ടെന്നവണ്ണം തിരിച്ചിറങ്ങുക ഉണ്ടായി. അത്രമേൽ ആശങ്കാകുലർ ഒപ്പമുണ്ടായിരുന്നു എന്നത് അപ്പോൾ മാത്രമാണ് ഞാൻ മനസിലാക്കിയത്.
പരിശോധനങ്ങൾക്കൊടുവിൽ വീണ്ടും ഞങ്ങൾ നടന്നു തുടങ്ങി. ആദ്യ ദിവസം പതിനൊന്ന് കിലോമീറ്ററിൽ 3000 അടി ഉയരമാണ് നടന്നു കയറേണ്ടിയിരുന്നത്. ഞങ്ങൾ ചുമട് താങ്ങികൾ ആയതിനാൽ മെല്ലെയും, ഒടുവിലായുമാണ് നടന്നിരുന്നത്. ഒറ്റപ്പെട്ടായിരുന്നു എന്റെ നടത്തം. ഇംഗ്ലീഷ് വശമില്ലാത്ത ഗൈഡുകളും, ഹിന്ദി വശമില്ലാത്ത ഞാനും. പൊതുവെ അന്തർമുഖയായ ഞാൻ വീണ്ടും എന്നിലേക്ക് തന്നെ ചുരുങ്ങേണ്ട അവസ്ഥ. എന്താണ് ചെയ്യുന്നതെന്ന യാഥാർഥ്യത്തിലേക്ക് ശരീരം ഇനിയും ഇണങ്ങാത്തതിനാൽ ആദ്യ ദിവസം അല്പം കഠിനമായി തന്നെ തോന്നി. എങ്കിലും, കാഴ്ചകളുടെ ഭംഗി കാലുകളെ മുന്നോട് നയിച്ചുകൊണ്ടിരുന്നു.
ഒറ്റക്കുള്ള നടത്തം ആസ്വാദ്യകരം തന്നെയാണ്. വ്യത്യസ്തമായ ഒരു ആര്ട്ട് ഗാലറിയിലൂടെ നടക്കുക ആണെന്ന് ഞാൻ സ്വയം സകല്പിച്ചു. എവിടെ തിരിഞ്ഞാലും വരച്ചെടുത്ത പെയിന്റിംഗ് പോലെ ഓരോ ദൃശ്യവും. എങ്ങനെ ഫോട്ടോ എടുത്താലും എല്ലാം ഒന്നിനൊന്നു മനോഹരം. കണ്ണെത്തുന്ന ദൂരമത്രയും വലിയ പർവതങ്ങൾ, താഴ്വാരങ്ങൾ, പാറകൾ. മഞ്ഞ്.. എല്ലാം കൂടി ഒരുക്കുന്ന ചിത്രപ്പണികൾ. ഈ വിശാലത ആണ് ഇവിടുത്ത സൗന്ദര്യവും, വിസ്മയവും!
ഏകദേശം പതിനൊന്നു മണിയോടെ ഷേഖ്ദുർ എന്ന സ്ഥലത്തെ മാഗി പോയിന്റിൽ എത്തിച്ചേർന്നു. നൂഡിൽസ്, ഓംലറ്റ്, കാവ ഒക്കെ വിൽക്കുന്ന ഒരു കൊച്ചു കടയാണ് അത്. ഞാൻ ഉൾപ്പെടെ അവസാന സംഘം എത്തുമ്പോഴേക്കും മുൻപേ നടന്നവർ അടുത്ത നടപ്പിനായി എണീറ്റ് കഴിഞ്ഞിരുന്നു.
തുടർന്നുള്ള നടത്തത്തിൽ പതിയെ ഭൂപ്രകൃതി മാറിത്തുടങ്ങി. പച്ചപ്പ് വറ്റി. തരിശായ കുന്നുകളും, പാറകളും നിറഞ്ഞു. ഇടയ്ക്കിടെ ചെറിയ കാടുകളുള്ള നിരപ്പുള്ള പ്രദേശം വളരെ ആശ്വാസകരം ആയിരുന്നു. ചെങ്കുത്തായ വലതു വശത്ത് താഴെ വെള്ളമൊഴുകുന്നുണ്ട്. അതാണ് നിച്ഛനയ് അരുവി.
അരുവിയുടെ ചെറു ശബ്ദം കേട്ട് നടന്ന മണിക്കൂറുകൾ. ഇടക്കിടയ്ക്ക് കുതിരപ്പട കടന്നു പൊയ്ക്കൊണ്ടിരുന്നു. അവർ കടന്നു പോകുന്നത് വരെ വശങ്ങളിലേക്ക് കയറിനിന്നു വഴിയൊരുക്കുക. ഓരോ ക്യാമ്പിനും ഒരു കുതിരസംഘം ഉണ്ടാകും. രാവിലത്തെ ഭക്ഷണം ശേഷം അവർ സാധനങ്ങൾ എല്ലാം പൊതിഞ്ഞു കെട്ടി കുതിരപ്പുറത്ത് കയറ്റും. മടക്കിയ ടെന്റുകളും, ട്രെക്ക് തീരും വരെ ആവശ്യം വേണ്ടുന്ന, ഗ്യാസ് കുറ്റിയും, എന്തിനു അവർ വലിക്കുന്ന ഹുക്ക അടക്കം എല്ലാം പൊതിഞ്ഞു കുതിരപ്പുറത്താക്കാൻ അവർക്ക് മിനുട്ടുകൾ മതി. ട്രെക്കിങ്ങ് ടീമിന്റെ ബാഗുകൾ ചുമക്കാൻ മൂന്നോ നാലോ കുതിരകൾ വേറെയും. സ്വാഭാവികം ആയും കുതിരസംഘം വേഗം നടന്നു ഞങ്ങളെ കടന്നു പോകും. ഞങ്ങൾ ഇഴഞ്ഞു നീങ്ങുന്ന പലയിടങ്ങളിലും അവർ പാഞ്ഞു കയറിപ്പോകുന്നത് കൗതുകത്തോടെ നമുക്ക് നോക്കി നിൽക്കാമെന്ന് മാത്രം. അടുത്ത ക്യാമ്പ് ഉറപ്പിക്കേണ്ട ഇടം അവർക്ക് മുൻനിശ്ചയം കാണും. ഞങ്ങൾ എത്തും മുൻപേ എല്ലാം പഴയത് പോലെ സെറ്റ് ചെയ്തു, ഭക്ഷണത്തിന്റെ പണികളിൽ മുഴുകിയിട്ടുണ്ടാകും അവർ.
നടന്നു നടന്നു വഴിയും, അരുവിയും, ഒരേ നിരപ്പിൽ എത്തി. കുറേപേർ അവിടിരുന്നു ഉച്ചഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. നിറയെ പാറകൾ നിറഞ്ഞ ആ സ്ഥലത്തിരുന്നായിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചത്. ശേഷം വീണ്ടും കയറ്റം. മുൻപേ പോയവർ പതിയെ നടന്നകന്നു. പിറകെ നടന്നവർ നടന്നെത്തുന്നുമില്ല. ഇതിനു രണ്ടിനുമിടയ്ക്ക് ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിൽ തന്നെ ആയിരുന്നു തുടർന്നും എന്റെ നടപ്പ്.
മുൻപിൽ അങ്ങ് ദൂരെ മിന്നാമിന്നി പോലെ കാണുന്ന ഞങ്ങളുടെ ടീം ലീഡർ നിഹാലയുടെ ഫ്ലൂറസെന്റ് പച്ച നിറത്തിലുള്ള ബാഗ് ആണ് എന്റെ വഴികാട്ടി. തെളിഞ്ഞും മാഞ്ഞും ഗൈഡുകളും ഇടയ്ക്കിടെ പൊക്കോണ്ടിരുന്നു. അതുകൊണ്ടൊക്കെ തന്നെ വഴിതെറ്റുമോ എന്നൊരു പേടി എനിക്ക് തോന്നിയതേ ഇല്ല.
ഇടക്കെപ്പോഴോ കുത്തനെ ചെരിവുള്ള ഒരു മലയോരത്തുകൂടി ഞാൻ നടന്നുപോകുകയായിരുന്നു. ഉയരത്തിനോടുള്ള എന്റെ ആജന്മ പേടി കാരണം ഞാൻ പതിയെ ഇത്തിരി നിരപ്പുള്ള ഇടത്തുകൂടി കയറി നടന്നു. പെട്ടെന്നൊരു പിൻവിളി. ഗൈഡ് ദേവീസിംഗ് ആണ്. എന്തിനാണ് അവിടെകൂടി കയറിനടക്കുന്നത് എന്നാണ് പുള്ളിടെ ചോദ്യം. ‘പേടിച്ചിട്ടാണെന്റെ പൊന്നു ചേട്ടാ’ എന്ന് എനിക്കറിയാവുന്ന മുറി ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറഞ്ഞു. അതൊന്നും പറ്റില്ല ഇതിലൂടെ തന്നെ നടക്കണം എന്നായി അങ്ങേര്. അതാണത്രേ അതിന്റെ ത്രിൽ. സർവ്വധൈര്യവും സംഭരിച്ചു ഒരു കാലിനു കഷ്ടിച്ച് വയ്ക്കാവുന്ന ആ വഴിയിലൂടെ നടന്നപ്പോ താഴേക്ക് ഞാനൊന്നു പാളി നോക്കി. നിച്ചനായി നദി തന്നെ ആകും, അങ്ങ് താഴെക്കൂടി ഒഴുകുന്നുണ്ട്. ഒന്ന് ചെരിഞ്ഞാൽ തീർന്നു! പേടിയുള്ള അനുഭവങ്ങൾ ഒന്ന് കഴിഞ്ഞുകിട്ടിയാൽ പിന്നീട് വല്ലാത്ത ആത്മവിശ്വാസം ആണെല്ലോ? അതിനു തന്നെ ആകും അങ്ങേരങ്ങനെ കാർക്കശ്യം കാട്ടിയതും.
നടന്നു തീരുന്ന താഴ്വാരങ്ങൾ, പുതിയ താഴ്വാരങ്ങൾക്ക് ജന്മം കൊടുത്തു കൊണ്ടേ ഇരുന്നു. ആ കാഴ്ചകൾ ഒരിക്കലും തീരില്ലെന്നും, സൂര്യന് മാത്രമാണ് പ്രായമാകുന്നതെന്നും തോന്നി. നല്ല വെയിലുണ്ടായിരുന്നു. ഒറ്റപ്പെട്ട നടത്തത്തിനിടയിൽ അൽപനേരം കിടന്നുറങ്ങിയാലോ എന്ന് പലവട്ടം ഞാൻ ആലോചിച്ചതാണ്. പക്ഷെ അനുവദനീയമല്ല. നീങ്ങിക്കൊണ്ടേ ഇരിക്കുക എന്നതാണ് നിയമം.
പോക്കുവെയിലിൽ നിന്ന് മാറി ഒരു പാറയുടെ തണൽചേർന്നു കുറച്ച വിശ്രമിക്കുമ്പോൾ ആണ് ചെമ്മരിയാടുകളുടെ ഒരു വൻ സംഘം പാറകളിലൂടെ ഒഴുകിയെന്നോണം ഇറങ്ങുന്നത് ഞാൻ കണ്ടത്. കൂടെ ഉള്ള ഇടയന്മാർ പാറകളിലൂടെ പറക്കുകയാണ്, ആട്ടിന്കൂട്ടത്തിനൊപ്പം. ആ പാച്ചിലിനിടയിൽ ഒരാൾ എന്നോടെന്തോ ചോദിച്ചു. എന്താണ് ചോദിച്ചതെന്നു പിടികിട്ടിയില്ലെങ്കിലും ഭാവം കൊണ്ട് എന്റെ ഇരിപ്പിലുള്ള സംശയം തോന്നി എന്തോ ചോദിച്ചതാണ് എന്നെനിക് തോന്നി. ഞാൻ ഓക്കേ ആണ് എന്ന് മറുപടി പറഞ്ഞു. ലോഹ പോലുള്ള കുപ്പായവും, മേലങ്കിയും, തൊപ്പിയും ആണ് അവരുടെ പൊതു വേഷം. കാറ്റു പിടിച്ച പോലെ വേഗത്തിൽ പാറകളിൽ കൂടി കുതിച്ചു നടന്നകലുന്നത് കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. അവരുടെ വരുമാന മാർഗ്ഗം ഈ ചെമ്മരിയാടുകൾ തന്നെ ആകാനാണ് സാധ്യത. ചെമ്മരിയാടിന്റെ രോമം ഉരിയുന്ന സമയമാണെന്ന് തോനുന്നു. ചാക്കുകണക്കിനു രോമം കുതിരപ്പുറത്ത് കൊണ്ട് വരുന്നത് സോനാമാർഗ്ഗിൽ വച്ച് കണ്ടിരുന്നു.
സമയം വൈകുന്നേരം ആയി. ദൂരെ, ചിലപ്പോഴത് കിലോമീറ്ററുകൾ അകലെ ആകാം, പൊട്ടു പോലെ ടെന്റുകൾ കാണുമ്പോൾ ആശ്വാസത്തിന്റെ ഒരു ആവേശം കയറും. അടുത്ത് വരുമ്പോൾ ആകും അതൊക്കെ വേറെ സംഘത്തിന്റെ ആണ് എന്ന് നിരാശ്ശയോടെ മനസിലാക്കുക.
അങ്ങനെ ഒന്ന് രണ്ടു ക്യാമ്പുകളും കടന്നു, കാര്യമായി ഗൗനിക്കാതെ ഞാൻ മറ്റെന്തോ ആലോചനയിൽ മുഴുകി ഒരു ചെരിവിലൂടെ നടക്കുമ്പോൾ ആണ് മറ്റൊരു ഗൈഡ് ആയ ഇർഫാൻ മുകളിൽ നില്കുന്നത് കണ്ടത്. എന്നോട് കയറിവരാൻ പറഞ്ഞു. ഇനി അടുത്തത് ഏത് സാഹസികത ആണ് എന്ന സംശയത്തിൽ കയറിചെന്നപ്പോൾ കണ്ടത് വെള്ള ടെന്റുകൾ നിരന്ന ഞങ്ങളുടെ ക്യാമ്പ് ആണ്. ആഹാ എത്തിയോ..! എന്ന അങ്ങേയറ്റം ആശ്വാസത്തോടെ, സന്തോഷത്തോടെ ഒഴിഞ്ഞ ഒരു ടെന്റിൽ പോയി ഞാൻ ബാഗ് ഇറക്കി വച്ചു.
തീരെ ശീലമില്ലാതെ തന്നെക്കൊണ്ട് ഈ സാഹസം ചെയ്യിച്ചതിനു ശരീരം നല്ലവണ്ണം കലഹിക്കുന്നുണ്ട്. വെറും ആവേശത്തിന്റെ പുറത്തെടുത്ത തീരുമാനം മാത്രമാണ്. എങ്കിലും എനിക്കതു വിജയകരമായി ചെയ്യാൻ കഴിഞ്ഞു എന്നത് എവിടെയോ ഒരു ആത്മവിശ്വാസം തന്നെങ്കിലും, തുടരാൻ എന്റെ മനസ്സ് അനുവദിച്ചില്ല. 5 -6 ദിവസങ്ങൾ ഇനിയും നടക്കാനുണ്ട്. പിറ്റേന്ന് മുതൽ മറ്റുള്ളവരെ പോലെ ബാഗ് കുതിരയെ ഏല്പിക്കാൻ ഞാൻ തീരുമാനിച്ചു. വെള്ളവും, ഭക്ഷണവും, ജാക്കറ്റും മറ്റുമായി അഞ്ചോ ആറോ കിലോ തൂക്കം അപ്പോഴും ചുമക്കേണ്ടി വരുമെങ്കിലും അതൊരു വല്യ കാര്യമല്ല. ആയാസമില്ലാത്ത നടത്തം യാത്ര കുറച്ചൂടെ ആസ്വാദ്യകരമാക്കും. എന്നെ കുറേകൂടി സ്വാതന്ത്രമാക്കും.
എല്ലാവരും പരവശരായിരുന്നു. ആദ്യ ദിവസത്തെ ക്ലേശം പലരുടെയും ആത്മവിശ്വാസം ചെറുതായൊന്നു കുറച്ചു. ആദ്യദിനം നിങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനം ആയിരിക്കുമെന്ന മാനേജരുടെ വെളിപ്പെടുത്തൽ അങ്ങനെ സത്യമായിരിക്കുന്നു! പരസ്പരം മസ്സാജിങ്, സ്ട്രെച്ചിങ് ഒക്കെ ചെയ്തു ഞങ്ങൾ കുറച്ചുനേരം വിശ്രമിച്ചു.
തെളിഞ്ഞ ദിനം ഇരുളാൻ തുടങ്ങിയതോടെ തണുപ്പ് അധികരിച്ചു. പകൽ തുടർച്ചയായുള്ള നടപ്പിൽ തണുപ്പ് അറിഞ്ഞിരുന്നില്ല. ക്യാമ്പിൽ എത്തിയതോടെ തണുപ്പ് കൂടിക്കൂടി വന്നു. എല്ലാവരും തെര്മല്സും, ജാക്കറ്റും ഇട്ടു വീർത്തവരായി. പരമാവധി സമയം പുറത്തു തന്നെ ചിലവഴിക്കാൻ ഗൈഡ് പറഞ്ഞിരുന്നു. ശരീരം അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് അവരങ്ങനെ നിർദേശിച്ചിരുന്നത്. ചെറിയ കളികളും, കളിയാക്കലും, തമാശയും ഒക്കെ ആയി എല്ലാവരും വീണ്ടും ഉഷാറായി.
അടുത്ത ദിവസം പോകേണ്ട വഴി നേർത്ത വെള്ള വര പോലെ മലകളെ ചുറ്റി കിടക്കുന്നത് ക്യാമ്പിൽ നിന്നാൽ കാണാം. ഞങ്ങളുടെ ടെന്റുകൾക്കൊപ്പം തന്നെ മറ്റു ട്രെക്കിങ്ങ് ടീമുകളുടെ ക്യാമ്പുകളും ഉണ്ട്. ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഒരേ ആഗ്രഹങ്ങളോടെ എത്തിച്ചേർന്നവർ. ഓരോ ടീമും അവരവരുടെ ലോകത്താണ്. അന്യ ക്യാമ്പുകളിൽ അനാവശ്യമായി പോകരുതെന്നാണ് നിർദ്ദേശം. ആറരയോടെ സൂപ്പ് റെഡി എന്ന ക്ഷണമെത്തിയതോടെ ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങി.
ഓരോ ദിവസവും രാത്രിഭക്ഷണത്തിനു ശേഷം ദേവി സിംഗ് അടുത്ത ദിവസത്തേക്കുള്ള ഒരു ചെറു വിവരണം തരും. നിർബന്ധമായും രാവിലെ ഏഴു മണിക്ക് തന്നെ ട്രെക്ക് തുടങ്ങുക, അധിക വിശ്രമവേളകൾ ഇല്ലാതെ നടക്കുക, വൈകുന്നേരം നാല് മണിക്ക് മുൻപായി തന്നെ ക്യാമ്പിൽ എത്തിച്ചേരുക, ബാക്കി സമയം നിർബന്ധമായും വിശ്രമിക്കുക. ഇത്രയുമായിരുന്നു ദേവി സിംഗ് ദിവസേന നിഷ്കര്ഷിച്ചിരുന്ന കാര്യങ്ങൾ.
ഭക്ഷണ ശേഷം ഞങ്ങൾ ടെന്റുകളിലേക്ക് മടങ്ങി. തെളിഞ്ഞ ആകാശം ആയിരുന്നതിനാൽ കോടാനുകോടി നക്ഷത്രങ്ങൾ ആകാശത്ത് തെളിഞ്ഞു നിന്നിരുന്നു. ക്ഷീണവും, തണുപ്പും കാരണം വേഗം കിടന്നു. സ്ലീപ്പിങ് ബാഗിൽ കയറി അനക്കമറ്റ് ഉറങ്ങാമെന്നു ആശിച്ചെങ്കിലും തൃപ്തികരമായിരുന്നില്ല അന്നത്തെ ഉറക്കവും.
പിറ്റേന്നത്തെ ട്രെക്ക് വിഷൻസറിലേക്ക് ആണ്. ട്രെക്കിലെ ആദ്യത്തെ തടാകം കാണാൻ പറ്റുന്ന ദിവസം! (തുടരും)
4 thoughts on “Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്”