Kashmir Great Lakes 4: വിഷൻസർ തടാകം – ഗദ്സർ പാസ് – ഗദ്സർ തടാകം

✍🏻 ജയകുമാരി വിജയൻ

ഹിമാലയൻ ട്രെക്ക്/ 2022 August 24/ വിഷൻസർ തടാകം – ഗദ്സർ പാസ് – ഗദ്സർ തടാകം/ ഉയരം: 12,000 ft – 13,750 ft – 12,000 ft/ ദൂരം: 15 കിലോമീറ്റർ

ഇന്നാണ് ആ ദിവസം. ഈ ട്രെക്കിലെ ഏറ്റവും ഉയരമുള്ള ഗദ്സർ പാസ് കടക്കുന്ന ദിവസം. ഇത്തിരി ആശങ്കയോടെ എല്ലാവരും കാത്തിരുന്ന ദിവസം. താരതമ്യേനെ ബുദ്ധിമുട്ടേറിയ ദിവസം ആയിരിക്കുമെന്ന് എല്ലാവരും മുന്നറിയിപ്പ് തന്നിരുന്നതിനാൽ മാനസികമായി എല്ലാവരും അതിനു തയ്യാറെടുത്തിരുന്നു. പക്ഷെ, രാവിലെ ടെന്റിന്റെ സിപ് തുറന്നപ്പോൾ കണ്ട ഇരുണ്ട കാലാവസ്ഥ കണ്ടപ്പോൾ മനസ്സിടിഞ്ഞു. ഉടനെയെങ്ങും തെളിയുമെന്നു തോന്നുന്നില്ല. കുതിരകൾക്ക് വഴുതി വീഴാതെ കടന്നു പോകാൻ സാധിക്കുമെങ്കിൽ ഇന്ന് തന്നെ ഗദ്സർ പാസ് കടക്കാൻ ആയിരുന്നു ഗൈഡുകളുടെ തീരുമാനം. ഞങ്ങൾ രണ്ടും കല്പിച്ചു യാത്ര തിരിച്ചു.

തലേന്ന് കണ്ട വിഷൻസർ തടാകത്തിനു സമീപത്തുകൂടി ആയിരുന്നു ആദ്യ പാദ നടത്തം. തലേന്നത്തെ പോലെ ഇന്നും ഒരു ചെറിയ പാറക്കൂട്ടം കടക്കേണ്ടതുണ്ട്. വല്യ പ്രശ്നങ്ങളില്ലാതെ, പാറകളിലൂടെ ചാടി ചാടി അപ്പുറമെത്തി. മഴത്തുള്ളികൾ വീഴുന്നുണ്ട്. ചെറു കയറ്റം കയറി എത്തുന്നത് തൊട്ടടുത്ത തന്നെയുള്ള കിഷൻസർ തടാകക്കരയിലാണ്. ഇരട്ട തടാകത്തിന്റെ മനോഹര ദൃശ്യം ഗദ്സർ പാസ് കയറിത്തുടങ്ങുമ്പോൾ മാത്രമേ കിട്ടു. അത് ഇന്ന് കടക്കാൻ ആകുമോ എന്നറിയാൻ ആയി ഞങ്ങൾ എല്ലാവരും കുതിരകൾക്കായി കാത്തുനിന്നു.

അതി വിശാലമായ പുൽപ്പരപ്പാണ്. മുന്നിൽ ഗദ്സർ പാസ് കോട്ടകെട്ടി നിൽക്കുന്നു. കയറിപോകേണ്ട ചെറിയ വഴി മലയെ ചുറ്റിവളഞ്ഞു കയറിപ്പോകുന്നത് ഇവിടെ നിന്നാൽ കാണാം. ഏകദേശം മുപ്പതു ഡിഗ്രി ചെരിവുണ്ട് മലയ്ക്ക്. രണ്ടായിരം അടിയോളം ആണ് ഇന്ന് കയറേണ്ടത്. കുഞ്ഞു കാലടികൾ തന്നെ ശരണം. പതുക്കെ കയറാം, എനിക്കതിനു സാധിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചു. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ കുതിരപ്പട എത്തി. അതോടെ ഗൈഡുകൾ ഉഷാറായി. പ്രത്യേക താളത്തിലുള്ള ‘ചലോ.. ചലോ.. ചലോ..’ വിളികളാൽ അന്തരീക്ഷം ഉഷാറായി. നടക്കാനായി എണീറ്റു. ഏകദേശം ഒൻപതു മണിയോടെ ഞങ്ങൾ ഗഡ്‌സർ പാസ് കയറി തുടങ്ങി.

Also Read: Kashmir Great Lakes 3: നിച്നയ് – നിച്നയ് പാസ് – വിഷൻസർ തടാകം

അകലെ നിന്ന് കണ്ടത് പോലെയോ, എന്റെ പ്രതീക്ഷകൾ പോലെയോ ആയിരുന്നില്ല കാര്യങ്ങൾ. കയറിപോകേണ്ട കുത്തനെ ഉള്ള ഒറ്റയടിപ്പാത പോലെ കിടക്കുന്ന നടവഴി ചാറ്റൽ മഴയിൽ കുതിർന്നു ചെളിപരുവത്തിൽ കിടക്കുന്നു! ഇടത് വശത്ത് തടാകം. വലത് വശത്ത് വഴുക്കി കിടക്കുന്ന കുത്തനെ ഉള്ള പർവതം. വല്ലാത്തൊരു പ്രതിസന്ധിയിലാണ് ഞങ്ങൾ. ഓരോ അടിയിൽ ഉയരം കൂടുകയാണ്. കാലൊന്നു തെന്നിയാൽ നേരെ തടാകത്തിൽ ചെന്നവസാനിക്കും എന്ന തോന്നലിൽ നെഞ്ചിടിപ്പോടെ ഉള്ള നടത്തം.

“തെന്നി വീഴില്ല. നിങ്ങൾക് തോന്നുന്നതാണ്, കട്ടി ഉള്ള മണ്ണാണ്” ദേവി സിങ് ഇടയ്ക്കിടെ വിളിച്ചു പറയുന്നുണ്ട്. എല്ലാവരും നന്നേ ക്ലേശിച്ചാണ് നടക്കുന്നത്. ചിലർ ഇടക്ക് തെന്നിയടിച്ചു വീഴുന്നുണ്ട്. വീണവർ എഴുന്നേൽക്കാൻ ആണ് കഷ്ടപ്പെടുന്നത്. ബലമുള്ള മണ്ണല്ല കാല്കീഴില്. ഒന്നുറപ്പിച്ചാൽ തെന്നിപോകുന്ന ഭൂമി. ഇതെല്ലം കണ്ടു കണ്ടു മുൻപോട്ട് പോകുംതോറും, ഉയരം കൂടുംതോറും എന്റെ ധൈര്യം ചോർന്നുപൊയ്ക്കൊണ്ടേയിരുന്നു.

ഇതിനിടയിലെ മറ്റൊരു കാര്യം പറയാതെ വയ്യ. പിറകോട്ടു തിരിഞ്ഞുനോക്കുമ്പോൾ കാണുന്ന ഇരട്ട തടാകങ്ങളുടെ ഹൃദ്യമായ ദൃശ്യം. ഇത്തരമൊരു ത്രിശങ്കു സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് ആ കാഴ്ചകളൊക്കെ ആസ്വദിക്കേണ്ടി വന്നത് ഒരു അനുഭവം തന്നെ ആയിരുന്നു. ഇടയ്ക്കിടെ കുതിരസംഘങ്ങൾക്ക് കടന്നു പോകാനായി മലയിലേക്ക് കയറി ബാലൻസ് ചെയ്തു നിൽക്കണം. അന്നേരം കിട്ടുന്ന സമയത്താണ് ഫോൺ എടുക്കാനും, ഇതൊക്കെ പകർത്താനും സാധിച്ചിരുന്നത്.

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽമഴ മണ്ണിനെ കൂടുതൽ ചെളിയാക്കിക്കൊണ്ടിരുന്നു. ഉയരം എന്നെ ഭീതിപ്പെടുത്തിത്തുടങ്ങി. എങ്ങനെയും മുകളിലെത്തി ജീവിതത്തിലേക്ക് മടങ്ങാനുള്ള ത്വര തുടങ്ങി ഉള്ളിൽ. അങ്ങനെ കാലടികൾ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള നടപ്പിൽ ചെളി ഒലിച്ചിറങ്ങുന്ന പരുവത്തിൽ കിടന്ന ചെരുവിൽ മുന്നോട്ട് പോകാനാകാതെ ഞാൻ നിന്നുപോയി. തെന്നുമെന്ന ഭീതി പൂർണ്ണമായും എന്നെ വിഴുങ്ങി.

“Hey, please keep moving..” ആരോ പിറകിൽ നിന്ന് ധൃതി കൂട്ടി. ശാപമേറ്റു ശിലയായി നിന്നുപോയ പോലുള്ള എന്റെ ആ നില്പിൽ അയാൾക്കെന്തോ പന്തികേട് തോന്നി കാണണം. മുന്നിലേക്ക് കയറി നടന്നിട്ടു പറഞ്ഞു: “please hold my hand” മറ്റേതോ വിദേശ സംഘത്തിലെ ഗൈഡ് ആണ്. കുറച്ചുനേരത്തേക്ക് എന്റെ രക്ഷകൻ ആയത് അയാളാണ്. ആപത്ഘട്ടം കഴിഞ്ഞുകിട്ടിയപ്പോൾ ‘Please go ahead like this’ എന്ന് ധൈര്യം തന്നിട്ട് മറ്റാരെയോ ‘കരകയറ്റാനായി’ പോയി. ഈ ട്രെക്കിലെ നമ്മളുടെ ശാരീരിക ക്ഷമത കൃത്യമായി പരീക്ഷിക്കുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ പാസ് ആണ് ഗദ്സർ എന്നതിൽ സംശയമൊന്നുമില്ല.

Also Read: Kashmir Great Lakes 2: സോനാമാർഗ് – ഷേഖ്ദുർ – നിച്ച്നയ് ട്രെക്കിങ്

പിന്നീട് ബഡ്ഡി നിഹാലയെ കിട്ടുകയും പരസ്‍പരം കൈ സഹായത്താൽ ഞങ്ങൾ ഏറെ ദൂരം കയറി ഒരു വിധം മുകളിൽ എത്താറായി. ഏകദേശം രണ്ടര മണിക്കൂറത്തെ അധ്വാനത്തിനൊടുവിൽ, പതിനൊന്നേ മുക്കാലോടെ ഞങ്ങൾ മുകളിലെത്തി. പരിക്ഷീണിതർക്കൊപ്പം ഉള്ളിൽ ആഹ്ലാദത്തോടെ ഞാനും നിന്നു. ചാറ്റല്മഴയ്‌ക്കൊപ്പം ഉള്ളിലെ ആശങ്കകൾ ചിതറി ഒടുങ്ങുന്നത് ആസ്വദിച്ച് നിന്നു.

ഇനി ഇറക്കമാണ്. അതേ പോലത്തെ കുഴഞ്ഞ ചെളിയിലൂടെ. കുത്തിറക്കം അല്ലാത്തതിനാൽ ആശ്വാസമുണ്ട്. ഗദ്സർ തടാകത്തിലേക്കും, അവിടുന്ന് ക്യാമ്പിലേക്കും ഇനിയും കിലോമീറ്ററുകളുണ്ട് നടപ്പ്!

മഞ്ഞുപാളികൾ അവിടിവിടെ തങ്ങി നിൽക്കുന്ന പർവ്വതനിരയാണ് ഇടതുവശത്ത്. നല്ല പച്ചപ്പും, പുല്ലും, പൂക്കളും നിറഞ്ഞ വഴിയാണ്. ചെറിയ കടും നീല പൂക്കൾ ഇടവിട്ട് കാണാനുണ്ട്. നടന്നു നടന്നു ഒരു ക്ലിഫ് പോലൊരു സ്ഥലത്ത് എത്തിച്ചേർന്നു. അവിടുന്ന് താഴോട്ട് കുത്തനെ പാറകളിലും മറ്റും ചവിട്ടി ഇറങ്ങണം. എന്റെ ഒപ്പം സുഹൃത്ത് പ്രിയ ഉണ്ട്. ഞങ്ങൾക്കൊപ്പം ഇർഫാൻ എന്ന ഗൈഡും. പാറകളിൽ മാത്രം നോക്കിയിറങ്ങുമ്പോൾ ദിശ തെറ്റാതെ ഇരിക്കാൻ ഇർഫാൻ മുകളിൽനിന്നു ഇടക്കിടക്ക് വലത്തേക്ക്, ഇടത്തേക്ക്, ആ വഴി, എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്. പല ചെരിവുകളും എന്റെ ആത്മധൈര്യത്തെ പരീക്ഷിച്ചു. മുട്ട് ചെറുതായി വിറയ്ക്കുന്നുണ്ടോ എന്നൊരു സംശയം. എങ്കിലും കാലിടറാതെ താഴെയെത്തി. ശേഷം വീണ്ടും പുല്ല് നിറഞ്ഞ മലഞ്ചെരിവായി. കാണുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും നടക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഇടമാണ്. കാരണം വഴക്കളുള്ള മണ്ണും, പിന്നെ ചരിവും, ഇറക്കവും. ചെറുതായി അന്തരീക്ഷം തെളിഞ്ഞു തുടങ്ങി. ആകാശം തെളിഞ്ഞതോടെ ചെളി ഉറഞ്ഞു തുടങ്ങി. തെന്നുമെന്ന ഭീതിക്ക് അല്പം ആശ്വാസം കിട്ടിയെങ്കിലും, ചെരിവിലൂടെ ഉള്ള നടപ്പ് അല്പം അപകടമാണ്. താഴേന്നു ആരോ പിടിച്ചു വലിക്കും പോലെ മുന്നോട്ട് ആഞ്ഞു കൊണ്ടാണ് നടപ്പ്. ഇടയ്ക്കെവിടെയോ കാലിടറി വീണ ഞാൻ മണ്ണിൽ കുത്തിയിരുന്നു. പിന്നാലെ വന്ന പ്രിയയോട് അധികം ചിരിക്കേണ്ട എന്ന് പറഞ്ഞിട് പതുക്കെ എഴുന്നേറ്റു നടന്നു.

ഭൂപ്രകൃതിയിൽ വിപ്ലവകരമായ വ്യത്യാസങ്ങൾ ഒന്നും കണ്ടില്ല. കുറച്ചു പേർ മുൻപേ പോയി. ബാക്കിയുള്ളവർ സംഘമായി പിറകെ വരുന്നുണ്ട്. ചിലർക്ക് ഇറക്കമൊരു ഹരമാണ്. ആട്ടിൻകുട്ടികളെ പോലെ ചാടിയിറങ്ങും. ഈയിടെ ട്രെക്കിങ്ങുകളിൽ സ്ഥിരം ഇറക്കങ്ങളിൽ വീഴാൻ തുടങ്ങിയതോടെ എനിക്കാ ഹരം കുറഞ്ഞിരിക്കുകയാണ്.

എത്ര നടന്നാലും എത്താത്ത ഇടങ്ങൾ മനസ്സിനെയും, ശരീരത്തെയും തളർത്തും. വഴികാട്ടിയായി മുൻപേ പോകുന്ന ഗൈഡുകൾ എങ്ങും ഇരിക്കുന്ന ലക്ഷണമില്ല. ഷൂവിൽ പുരണ്ട ചെളി ഉണങ്ങി കട്ടപിടിച്ചു. ഗദ്സർ പാസിൽ നിന്നു ഏകദേശം രണ്ടു മണിക്കൂർ ആയി വിശ്രമമില്ലാതെ നടക്കുകയാണ്. ഇന്നത്തെ ശ്രമപ്പെട്ട കയറ്റിറക്കങ്ങൾ കാരണം ശരീരവും, മനസ്സും വല്ലാണ്ട് വാടിയിട്ടുണ്ട്. ശാരീരികമായി കുഴയുമ്പോൾ ആണ് മനസ്സു കൂടുതൽ വൈകാരികമാവുക. ഒരുതരം മടുപ്പ് തോന്നിത്തുടങ്ങി.

മ്ലാനമായ നടത്തം ചെന്നു നിന്നത് ഒരു ചെറിയ തടാകക്കരയിലാണ്. ഗൈഡുകൾ അവിടെയിരുന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞു. പാറകൾ നിറഞ്ഞ ഒരു തടാകം ആണ്. വല്യ ആഴമുണ്ടെന്നു തോന്നുന്നില്ല.

Also Read: Part 1- കേരള റ്റു കാശ്മീർ, ഇത്തനാ ദൂർ സെ… വാഹ്!

ഞാൻ മെല്ലെ ബാഗ് താഴെ ഇട്ടു. തളർന്ന കാലുകളോടെ നടന്നു ഒരു പാറയുടെ മുകളിൽ ചെന്നിരുന്നു. ഞാൻ പോലും അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി. കുറച്ചുനേരം പാറകളിൽക്കിടയിലൂടെ ഒഴുകുന്ന വെള്ളം നോക്കിയിരുന്ന ശേഷം മനസ്സ് ശാന്തമാക്കി മുഖം കഴുകി ഭക്ഷണമെടുത്തു കഴിച്ചെന്നു വരുത്തി. ആ തറയിൽ തന്നെ എല്ലാർക്കുമൊപ്പം ഞാനും കുറച്ച്നേരം കിടന്നു വിശ്രമിച്ചു.

നേരം അല്പം വൈകിയതിനാൽ ആകും ഗൈഡുകൾ അല്പം അസ്വസ്ഥരാണ്. നാല് മണിക്ക് ക്യാമ്പിൽ എത്തുക ഇന്ന് സംഭവിക്കാനിടയില്ല. അവരൽപ്പം ധൃതി കാണിച്ചു തുടങ്ങി. ഞങ്ങൾ വേഗം എഴുന്നേറ്റ് നടത്തം തുടർന്നു. ഇടതുവശം ചേർന്നൊഴുകുന്ന അരുവിക്കൊപ്പം അര മണിക്കൂർ നടന്നു കാണും, മനോഹരമായ ഒരു തടാകം ദൃശ്യമായിത്തുടങ്ങി. കനം കൂടിയ തടാകം. അല്പം മങ്ങിയ ആകാശത്തിൽ, ഇരുൾ വിഴുങ്ങി ഗൂഢമായ പച്ച നിറത്തിൽ തറനിരപ്പിൽ നിന്നും കുറെ താഴെ അനക്കമറ്റ്‌ കിടക്കുന്ന ഗദ്സർ തടാകം. അവിടേക്ക് ഇറങ്ങിച്ചെല്ലുക അല്പം സാഹസികമാണ്.

കഠിനമായ ദിവസത്തിനു കിട്ടിയ കൂലി പോലെ സുന്ദരമായ കാഴ്ചകളുടെ ഒരു വിരുന്നു തന്നെ ആയിരുന്നു ക്യാമ്പ് വരെ. തടാക പരിസരം നിറയെ കൊലുന്നനെ പൂത്തു നിൽക്കുന്ന നീലപ്പൂക്കൾ. ആ നീലവിസ്മയത്തിനു നടുവിലൂടെ തെളിഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാതയിലൂടെയുള്ള നടത്തം ഞാനേറെ ആസ്വദിച്ച ഒന്നായിരുന്നു. മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളുടെ ഒരു വല്യ കൂട്ടം. പൂക്കളുടെ ഇടയിലൂടെ, വെൽവെറ്റ് പോലെ തിളങ്ങുന്ന പച്ചപ്പരപ്പിൽ അവർ എല്ലാം മറന്നു നിന്ന് പുല്ലു തിന്നുകയാണ്. എത്ര ഭംഗി ഉള്ള കാഴ്ചകൾ! ഈ പൂക്കൾ കാരണമാകാം Valley of flowers എന്നൊരു ഇരട്ടപ്പേര് കൂടിയുണ്ട് ഈ പ്രദേശത്തിന് (യഥാർത്ഥ Valley of flowers ഉത്തരാഖണ്ഡിലാണ്).

ചോർന്നുപോയ ഊർജ്ജമൊക്കെ പതുക്കെ തിരിച്ചെത്തിത്തുടങ്ങി. മനസ്സ് പ്രസന്നമായിത്തുടങ്ങി. കുറച്ചു നേരമായി മ്ലാനമായിരുന്ന എല്ലാവരും വീണ്ടും ആഹ്ലാദത്തോടെ തമാശയും, പൊട്ടിച്ചിരിയുടെ വീണ്ടും ഉഷാറിലായി.

മഴ ഒഴിഞ്ഞിട്ട് പ്രകാശിക്കുന്നതിന്റെ എല്ലാ ഗർവും ഉണ്ട് സൂര്യന്. അവിടവിടെ ആയി ഇടന്മാരുടെ വീടുകൾ കാണാം. ചെമ്മരിയാടിന്റെ പൂട ഉരിഞ്ഞത് ഉണക്കാൻ ഇട്ടിട്ടുണ്ട്. അലസമായൊന്നു നോക്കുക പോലും ചെയ്യാതെ അവർ അവരുടെ ലോകത്തു മുഴുകി ഇരിക്കുകയാണ്. പൂട ഉരിഞ്ഞതും, ഉരിയാത്തവയുമായ ആടുകൾ നീലപ്പൂക്കളുടെ ഇടയിൽ കൂടെ വെയിൽ കൊണ്ട് മേഞ്ഞു നടക്കുന്നു.

ഇടയ്ക്കിടെ മറ്റൊരു ഗൈഡ് ആയ മുസ്താഖിന്റെ ഉറക്കെയുള്ള “ശാബാഷ്… ശാബാഷ്…ചലോ…ചലോ..” വിളികൾ ആണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തുക. വേഗം നടക്കാനുള്ള മോട്ടിവേഷൻ മുറവിളിയാണ്. ആട്ടിന്കൂട്ടത്തെ നയിക്കുന്ന പോലെ ഉള്ള അതേ വിളി!

ഇളംപച്ചയിൽ മുങ്ങിയ താഴ്വാരം ഭൂമിയുടെ അറ്റം വരെ നീണ്ടു കിടക്കുന്നുണ്ടെന്നു തോന്നി. ഗദ്സർ തടാകവും, മഞ്ഞുപാളികളും ഉരുകിയൊലിക്കുന്ന ഒരു തെളിഞ്ഞ അരുവി താഴെക്കൂടെ ഒഴുകുന്നു. അതിൽ വീഴുന്ന ആകാശത്തിന്റെ പ്രതിഫലനം കണ്ടപ്പോൾ താഴ്വാരം രണ്ടായി പകുത്ത പോലെ തോന്നി.

ക്യാമ്പുകൾ ഒരുപാട് ദൂരെ നിന്ന് തന്നെ കാണുന്നുണ്ട്. നാല് മണി കഴിഞ്ഞിരിക്കുന്നു. ഇനി എത്ര നേരം എടുക്കുമായിരിക്കും അവിടെ എത്താൻ എന്ന് വെറുതെ ആലോചിച്ചു നോക്കി. ഒരു മണിക്കൂർ? രണ്ട്? ഒരു പിടിയുമില്ല. നടത്തം തുടർന്നു.

ഒരു പട്ടാള ക്യാമ്പ് കടന്നു കുറച്ചുകൂടി മുൻപിൽ ആയിരുന്നു ഞങ്ങളുടെ ക്യാമ്പ്. കടോരമായ പണികളിൽ ആണ് അവർ. ഉയർന്നും, താഴ്ന്നുമുള്ള ഭൂമിയിലൂടെ, പാറകളിൽ ചവിട്ടിയും, പുൽപ്പരപ്പും കടന്നും, ഒടുവിൽ ടെന്റുകളിൽ എത്തി. സ്വസ്ഥമായി ഇനിയൊന്നിരിക്കാം. നന്നായി വിശ്രമിക്കേണ്ടതുണ്ട്.

ട്രെക്ക് പകുതി പിന്നിട്ടിരിക്കുന്നു. ഇനി മൂന്നു ദിവസങ്ങൾ മാത്രം. തുടക്കത്തിൽ ഞാൻ അനുഭവിച്ചിരുന്ന കുറേ ഭാരങ്ങളും, ആശങ്കകളും നടന്നു തന്നെ തീർത്തിരിക്കുന്നു. ഹിമാലയം ഹൃദയത്തിൽ പ്രതിഫലിച്ചു തുടങ്ങി.

അടുത്ത ദിവസത്തേയ്ക്ക് അധിക മാനസിക തയ്യാറെടുപ്പുകൾ ഒന്നും വേണ്ടിയിരുന്നില്ല. വളരെ എളുപ്പമുള്ള, അനായാസമായ ദിവസമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെറും ഒൻപതു കിലോമീറ്റർ മാത്രം. തുടക്കത്തിലുള്ള ചെറിയ കയറ്റം കഴിഞ്ഞാൽ ബാക്കി സമതലമാണ്. ആസ്വദിച്ചു നടക്കാം. അങ്ങേ അറ്റം വിശാലമായ താഴ്വാരങ്ങളും, പച്ചപ്പുകളും മാത്രം. സത്സർ എന്ന തടാക കൂട്ടത്തിലെ ഇരട്ട തടാകങ്ങളാണ് പ്രധാന കാഴ്ച. പ്രതീക്ഷകളോടെ ഇടമുറിഞ്ഞ ഉറക്കത്തിലേക്ക് വീണു. (തുടരും)

One thought on “Kashmir Great Lakes 4: വിഷൻസർ തടാകം – ഗദ്സർ പാസ് – ഗദ്സർ തടാകം

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed